തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. അമിതമായ ഡാറ്റ ഉപഭോഗത്താൽ മടുത്തവർക്ക് ഒരു ഗെയിം-ചേഞ്ചർ ആകാൻ സാധ്യതയുള്ള ഒരു ഫീച്ചർ ആയിരിക്കും ഇതെന്നാണ് വാബീറ്റഇന്‍ഫോ പുറത്തുവിട്ട വാര്‍ത്ത.

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഫോട്ടോകളും വീഡിയോകളും പങ്കിടുന്നതിനുള്ള ഒരു പ്രാഥമിക ഉപകരണമായി വാട്‌സ്ആപ്പ് മാറിയിരിക്കുന്നു. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ മുതൽ ജോലിസ്ഥലം, സ്‍കൂൾ ഗ്രൂപ്പുകൾ വരെയുള്ള മീഡിയ ഫയലുകൾ നമ്മുടെ ഡിവൈസുകളിലേക്ക് ദിവസവും ഒഴുകിയെത്തുന്നു. എന്നാൽ ഓട്ടോ-ഡൗൺലോഡ് ഓണാക്കിയിരിക്കുമ്പോൾ ഈ മീഡിയ ഫയലുകൾ വലുപ്പമോ പ്രാധാന്യമോ പരിഗണിക്കാതെ പലപ്പോഴും ഡാറ്റയുടെ വിലയൊരു ഭാഗം ഉപയോഗിക്കുന്നു.

ഇപ്പോൾ, ഫോട്ടോകളും വീഡിയോകളും ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടുന്നതിന്‍റെ റെസലൂഷൻ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷത വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് വിവരം. അതായത്, ഉയർന്ന റെസല്യൂഷനിലുള്ള എല്ലാ മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്യുന്നത് ഇപ്പോൾ നിങ്ങൾക്ക് ഒഴിവാക്കാം. അങ്ങനെ നിങ്ങളുടെ ഡാറ്റയും സ്റ്റോറേജ് സ്ഥലവും ലാഭിക്കാം. വാട്‌സ്ആപ്പ് ഈ പുതിയ ഫീച്ചറിന്‍റെ പരീക്ഷണത്തിലാണെന്ന് വാബീറ്റഇന്‍ഫോ ആണ് റിപ്പോർട്ട് ചെയ്തത്. പുതിയ ഫീച്ചർ വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.25.12.24 ൽ കണ്ടെത്തിയിട്ടുണ്ട് എന്ന് വാബീറ്റഇന്‍ഫോയുടെ റിപ്പോർട്ടില്‍ വിശദീകരിക്കുന്നു.

പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? 

നിങ്ങളുടെ വാട്‌സ്ആപ്പിലേക്ക് ആരെങ്കിലും ഉയർന്ന റെസലൂഷൻ ഉള്ള ഒരു ചിത്രമോ വീഡിയോയോ അയച്ചു എന്ന് കരുതുക. ഈ ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പ് അതിന്‍റെ ഒരു കംപ്രസ് ചെയ്ത (സ്റ്റാൻഡേർഡ്) പതിപ്പ് സ്വയം സൃഷ്ടിക്കും. നിങ്ങളുടെ ഓട്ടോ-ഡൗൺലോഡ് ക്രമീകരണങ്ങൾ സ്റ്റാൻഡേർഡ് പതിപ്പ് മാത്രം ഡൗൺലോഡ് ചെയ്യാൻ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, അയച്ചയാൾ ഉയർന്ന റെസലൂഷൻ ഫയൽ പങ്കിട്ടാലും നിങ്ങൾക്ക് അത് കംപ്രസ്ഡ് ഫയലായി ലഭിക്കും.

നിലവിൽ വാട്സ്ആപ്പിന്‍റെ ഓട്ടോ-ഡൗൺലോഡ് ക്രമീകരണം ഫയലുകൾ അവ അയയ്ക്കുന്ന ഗുണനിലവാരത്തിൽ തന്നെ ഡൗൺലോഡ് ചെയ്യുന്ന തരത്തിലാണ്. ഇത് അനാവശ്യമായ മൊബൈൽ ഡാറ്റ ഉപഭോഗത്തിലേക്ക് നയിക്കുന്നു. വരാനിരിക്കുന്ന ഈ മാറ്റം ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഡൗൺലോഡ് ഗുണനിലവാരം- സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഉയർന്നത് എന്ന തരത്തില്‍ മുൻകൂട്ടി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും.

ഗ്രൂപ്പ് ചാറ്റുകളിൽ ഈ സവിശേഷത കൂടുതൽ ഉപയോഗപ്രദമാകും. കാരണം ഇത്തരം ഗ്രൂപ്പുകളിൽ ഉപഭോക്താക്കൾക്ക് പലപ്പോഴും ആവശ്യമില്ലാത്ത നിരവധി ഫോട്ടോകളും വീഡിയോകളും ലഭിക്കുന്നു. ഡൗൺലോഡുകൾ താഴ്ന്ന നിലവാരമുള്ള പതിപ്പുകളിലേക്ക് പരിമിതപ്പെടുത്തുന്നതിലൂടെ, ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗം കുറയ്ക്കാനും സ്റ്റോറേജ് സ്‍പേസ് വളരെ വേഗത്തിൽ നിറയുന്നത് തടയാനും കഴിയും.

Read more: നിങ്ങളുടെ സ്‍മാർട്ട്‌ഫോണിൽ നിങ്ങൾ അറിയാതെ മറഞ്ഞിരിക്കുന്ന എട്ട് ഫീച്ചറുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin