കല്‍പ്പറ്റ: വയനാട് മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. അറുമുഖത്തെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അറമുഖത്തിന്‍റെ മരണത്തിൽ നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലും കാട്ടാനയെ പിടികൂടാനുള്ള കാര്യത്തിലും തീരുമാനമാകാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരുത്താനുള്ള നടപടി സ്വീകരിക്കാമെന്ന ഡിഎഫ്ഒയുടെ ഉറപ്പ് നാട്ടുകാര്‍ അംഗീകരിച്ചില്ല. കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. തുടര്‍ച്ചയായ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് കെ രാമനെതിരെയായിരുന്നു പ്രതിഷേധം. കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മയക്കുവെടിവെക്കാനുള്ള ശുപാര്‍ശ നൽകാമെന്ന് ഡിഎഫ്ഒ അറിയിച്ചെങ്കിലും ഇക്കാര്യം നാട്ടുകാര്‍ അംഗീകരിച്ചിട്ടില്ല. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടക്കം വിഷയത്തിൽ ഇടപെട്ടു. കാട്ടാനയെ മയക്കുവെടിവെക്കാനുള്ള കാര്യത്തിലടക്കം നാളെ തീരുമാനമെടുക്കാമെന്നും ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ രാത്രി 11.45ഓടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ അനുവദിച്ചു. താല്‍ക്കാലികമായാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് മേപ്പാടി ടൗണിന് സമീപം ചെമ്പ്ര മലയുടെ താഴ് വാര പ്രദേശമായ എരുമകൊല്ലി പൂളക്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അറുമുഖൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
അറുമുഖൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. വൈകിയിട്ടും അറുമുഖൻ വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉന്നതിക്ക് സമീപത്തെ തേയിലത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേപ്പാടി പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. പത്ത് വർഷത്തോളമായി പ്രദേശത്ത് താമസിക്കുന്ന അറുമുഖൻ തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണ്. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: രാജൻ, സത്യൻ.
വയനാട് എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം