ശ്രീനഗർ: വിനോദ സഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പഹൽഗാമിൽ വെടിയേറ്റ് മരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്. പഹൽഗാമിലെ ഹപത്‌നാർഡ് ഗ്രാമത്തിൽ, നൂറുകണക്കിന് പേർ ആദിൽ ഹുസൈൻ ഷായ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
പതിവുപോലെ പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്തേറ്റി പോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് അപ്രതീക്ഷിത ഭീകരാക്രമണമുണ്ടായത്. തന്‍റെ കൂടെയുള്ള സഞ്ചാരികൾക്ക് നേരെ ഭീകരൻ തോക്ക് ചൂണ്ടിയതോടെ ആദിൽ ഹുസൈൻ ഷാ തടയാൻ ശ്രമിച്ചു. അദ്ദേഹം ഭീകരന്‍റെ കയ്യിലെ തോക്ക് തട്ടിമാറ്റാൻ ശ്രമിച്ചെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകനാണ് പറഞ്ഞത്.
ആയുധധാരികളായ ഭീകരരെ നേരിടാൻ കാണിച്ച ധൈര്യത്തെ ഒമർ അബ്ദുള്ള പ്രശംസിച്ചു. വിനോദ സഞ്ചാരികളെ സംരക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷായുടെ വൃദ്ധരായ മാതാപിതാക്കളെ സന്ദർശിച്ച്, സർക്കാർ ഒപ്പമുണ്ടെന്ന് ഒമർ അബ്ദുള്ള ഉറപ്പ് നൽകി.
സംഭവം നടന്ന ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷായുടെ വൃദ്ധരായ മാതാപിതാക്കൾ പറഞ്ഞു- “ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം 4.30 ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റെന്ന് അറിഞ്ഞത്. എന്‍റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൻ. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം”- പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.
ഷാ കൊല്ലപ്പെട്ടതോടെ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും അനാഥരായി- “കുതിരയെ മേച്ച് അവൻ കുടുംബത്തെ പോറ്റി. അവനില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്നറിയില്ല. അവനില്ലാതെ എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല”- ആദിൽ ഹുസൈൻ ഷായുടെ മാതാവ് പറഞ്ഞു. ഒപ്പമുണ്ടെന്നും കഴിയുന്നതെല്ലാം ചെയ്യുമെന്നും കുടുംബത്തിന് ഉറപ്പ് നൽകിയാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി മടങ്ങിയത്.