കാഴ്ചയില്‍ കുഞ്ഞന്‍ ഫോണ്‍, പക്ഷേ 6260 എംഎഎച്ച് ബാറ്ററി! വണ്‍പ്ലസ് 13ടി അവതരിപ്പിച്ചു, വിലയും പ്രത്യേകതകളും
ബെയ്ജിങ്: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ടി-സീരീസ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ്. വണ്‍പ്ലസ് 13ടി എന്നാണ് പ്രീമിയം കോംപാക്ട് ഫ്ലാഗ്ഷിപ്പ് ഗണത്തില്‍ വരുന്ന ഈ മൊബൈലിന്റെ പേര്. ആകര്‍ഷകമായ 6.3 ഇഞ്ച് ഓലെഡ് ഡിസ്പ്ലെയും, ശക്തമായ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പും, കരുത്തുറ്റ 6260 എംഎഎച്ച് ബാറ്ററിയും സഹിതം മികച്ച ഫീച്ചറുകളോടെയാണ് വണ്‍പ്ലസ് 13ടി മൊബൈല്‍ ഫോണിന്റെ വരവ്. വണ്‍പ്ലസ് 13 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസങ്ങള്‍ വണ്‍പ്ലസ് 13ടി-യ്ക്കുണ്ട്. ചൈനയില്‍ അവതരിപ്പിക്കപ്പെട്ട വണ്‍പ്ലസ് 13ടി വൈകാതെ ആഗോള വിപണിയിലേക്കും എത്തും.
ഒരു കയ്യില്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണ്‍ എന്നതാണ് വണ്‍പ്ലസ് 13ടിയുടെ ഡിസൈന്‍ സവിശേഷത. കരുത്തുറ്റ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ്, ഫുള്‍എച്ച്ഡി+ റെസലൂഷനോടെ 6.32 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലെ, 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ്, ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍, 16 എംപി ഫ്രണ്ട് ക്യാമറ, ഐഎംഎക്സ്906 സെന്‍സര്‍ സഹിതം 50 എംപി പ്രധാന ക്യാമറ, 2x ടെലിഫോട്ടോ മൊഡ്യൂള്‍, 16 ജിബിയോളം റാം, 1 ടിബി വരെ സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 15, ഐപി 65 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് പ്രൊട്ടക്ഷന്‍, ഒപ്പോ ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസ്, 6260 എംഎഎച്ച് സിലിക്കോണ്‍-കാര്‍ബണ്‍ ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് വണ്‍പ്ലസ് 13ടി സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷതകള്‍.
ചൈനയില്‍ ഗ്രേ, പിങ്ക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വണ്‍പ്ലസ് 13ടി ഫോണിന്റെ വരവ്. 12 ജിബി റാം/256 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് ചൈനയില്‍ 3,399 യുവാനാണ് (ഏകദേശം 39,801 രൂപ) വില. 16 ജിബി റാം/ 1 ടിബി മുന്തിയ വണ്‍പ്ലസ് 13ടി മോഡലിന് 4,499 യുവാന്‍ (ഏകദേശം 52,682 രൂപ) നല്‍കണം. ചൈനയില്‍ മറ്റ് മൂന്ന് സ്റ്റോറേജ് വേരിയന്റുകളില്‍ കൂടി വണ്‍പ്ലസ് 13ടി ലഭ്യമാണ്. വണ്‍പ്ലസ് 13ടിയുടെ ആഗോള വേരിയന്റുകള്‍ക്ക് വിലയിലും ഫീച്ചറുകളിലും വ്യത്യാസങ്ങളുണ്ടായേക്കാം. ഫോണ്‍ ഇന്ത്യയിലും ഉടനെത്തും എന്നാണ് പ്രതീക്ഷ.
Read more: എഐ സവിശേഷതകളോടെ ഓപ്പോ കെ 13 5 ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വിലയും സവിശേഷതകളുമടക്കം അറിയേണ്ടതെല്ലാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം