കശ്മീര്‍ യാത്ര ഒഴിവാക്കിയില്ല; ദാൽ തടാകത്തിൽ ധൈര്യപൂര്‍വം ബോട്ടിംഗ് നടത്തി യുവതി, വീഡിയോ

ശ്രീനഗര്‍: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ വിനോദസഞ്ചാര മേഖല വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവധിക്കാലത്ത് ടൂറിസം വിപണി വലിയ പ്രതീക്ഷയർപ്പിച്ചിരുന്ന സമയത്താണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ഏപ്രിൽ 22ന് പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഇതോടെ കശ്മീരിലെ ഹോട്ടലുകളും വിമാന ടിക്കറ്റുകളുമെല്ലാം സഞ്ചാരികൾ റദ്ദാക്കുന്നത് തുടരുകയാണ്. ഇപ്പോൾ ഇതാ കശ്മീരിലേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. 

പഹൽഗാം ആക്രമണം നടന്ന് ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കവെ ശ്രീനഗറിൽ സൂര്യോദയ സമയത്ത് ഷിക്കാര യാത്ര നടത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇന്റീരിയർ ഡിസൈനർ വിനിത ചൈതന്യ എന്ന യുവതി. ഏപ്രിൽ 24 ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ വിനിത ചൈതന്യ പ്രാദേശിക കശ്മീരി കച്ചവടക്കാരുമായി സംസാരിക്കുന്നതും ദാൽ തടാകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കുന്നതും കാണാം. 

ശ്രീന​ഗറിൽ എത്തുന്നതിന് മുമ്പ് തന്നെ ഷിക്കാര യാത്ര ബുക്ക് ചെയ്തിരുന്നുവെന്ന് വിനിത പറഞ്ഞു. ഏപ്രിൽ 23-ന് ബുക്ക് ചെയ്ത ഷിക്കാര യാത്ര റദ്ദാക്കേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തെക്കുറിച്ച് വീഡിയോയ്ക്ക് ഒപ്പമുള്ള നീണ്ട അടിക്കുറിപ്പിൽ വിനിത വിശദീകരിക്കുന്നുണ്ട്. പ്രാദേശികമായ പൂക്കളും കരകൗശല വസ്തുക്കളും വിൽക്കുന്ന ഫ്ലോട്ടിംഗ് മാർക്കറ്റുകളായിരുന്നു വീഡിയോയിലെ ഒരു പ്രധാന ആകർഷണം. എന്നാൽ, ഭീകരാക്രമണം പ്രദേശവാസികൾക്കിടയിൽ വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചതെന്നും രണ്ടേ രണ്ട് ടൂറിസ്റ്റ് ബോട്ടുകൾ മാത്രമേ പുറത്തുണ്ടായിരുന്നുള്ളൂവെന്നും വിനിത പറഞ്ഞു.

അതേസമയം, കശ്മീരിലെ പെഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പഹൽ​ഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെയും അവർക്ക് പിന്തുണ നൽകുന്നവരെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വലിയ നയതന്ത്ര ഏറ്റുമുട്ടലാണ് നടത്തിയത്. ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. 

READ MORE:  സ്വദേശ് ദര്‍ശന്‍ 2.0; തലശ്ശേരി, വര്‍ക്കല ടൂറിസം പദ്ധതികള്‍ക്ക് 50 കോടി രൂപ അനുവദിച്ച് കേന്ദ്രം

By admin