കയറിയിറങ്ങാത്ത കുന്നും മലകളുമില്ല, ഓടി നടക്കാത്ത വയലുകളും നീന്താത്ത തോടുമില്ല…

കയറിയിറങ്ങാത്ത കുന്നും മലകളുമില്ല, ഓടി നടക്കാത്ത വയലുകളും നീന്താത്ത തോടുമില്ല…

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

കയറിയിറങ്ങാത്ത കുന്നും മലകളുമില്ല, ഓടി നടക്കാത്ത വയലുകളും നീന്താത്ത തോടുമില്ല…

ഇന്നോര്‍ക്കുമ്പോള്‍ തോന്നുന്നു, ഒഴിവു കാലമെത്താന്‍ കുട്ടികള്‍ കാത്തിരുന്നത് പോലെ, നാട് കുട്ടികളെയും  കാത്തിരുന്നിരുന്നുവെന്ന്. നാടിന്റെ ആത്മാവിലേക്കിറങ്ങി ചെല്ലാന്‍ കുട്ടിത്തങ്ങളേക്കാള്‍ മറ്റാര്‍ക്കാണ് കഴിയുക!

പഠന ഭാരങ്ങളൊഴിഞ്ഞ് മുന്നില്‍ ആഘോഷത്തിമിര്‍പ്പുകള്‍ മാത്രമുള്ളൊരു കാലം. ജീവിതത്തിലെ വ്യാകുലതകളോ സങ്കീര്‍ണ്ണതകളോ തലയിലേറാതിരുന്നൊരു കാലം. അവധിയെത്തിയാല്‍ നാട്ടിലെവിടെ നോക്കിയാലും  കുട്ടിക്കൂട്ടങ്ങളെ കാണാം. കയറിയിറങ്ങാത്ത കുന്നും മലകളുമില്ല. ഓടി നടക്കാത്ത വയലുകളും നീന്തി തുടിക്കാത്ത തോടും കുളങ്ങളുമില്ല. കല്ലേറ് കിട്ടാത്ത മാവും പേരയും ചാമ്പയുമില്ല!

മേട സൂര്യന്റെ ചൂട് വക വെയ്ക്കാതെ ചെമ്മണ്‍ പാതകളിലൂടെ പൊടി പറത്തി പാറി നടക്കും. വേനല്‍ മഴ ഒരു തുള്ളി പോലും പാഴാക്കാതെ  ഏറ്റുവാങ്ങി പുതുമണ്ണിന്റെ മണം ആവോളം ആവാഹിക്കും. കാറ്റത്തു വീണ മാങ്ങയും പേരക്കയും ചാമ്പങ്ങയും തേടി പറമ്പുകള്‍ കയറിയിറങ്ങും. വിഷുവും പെരുന്നാളും ഉത്സവങ്ങളും ഒരേ മനസ്സോടെ ആഘോഷിക്കും. ഇനി ഒരിക്കലും കൂട്ടില്ലെന്ന പിണക്കങ്ങള്‍ വരെ കൂടുതല്‍ കിട്ടുന്ന ഒരു മാങ്ങയിലും പുളിയിലും സൂക്ഷിച്ചു വച്ച വളപ്പൊട്ടുകളുടെയും തീപ്പെട്ടി പടങ്ങളുടെയും കൈമാറ്റങ്ങളിലും അവസാനിക്കുമായിരുന്നു. 

അമ്മയുടെ ചിറ്റയുടെ വീട്ടിലേക്ക് പോകുന്നതായിരുന്നു അവധിക്കാലത്തെ പധാന ആകര്‍ഷണം. അമ്മ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്മയുടെ അമ്മ മരിക്കുന്നത്. പിന്നെ ചിറ്റമാരാണ് അമ്മയേയും സഹോദരങ്ങളെയും വളര്‍ത്തിയത്. അതുകൊണ്ട് തന്നെ അമ്മയും ചിറ്റമാരുമായി വളരെ അടുത്ത ബന്ധമായിരുന്നു. അമ്മയെ വിവാഹം കഴിച്ചു കൊണ്ട് വന്നത് ഈ ചിറ്റയുടെ വീടിനടുത്തായിരുന്നു. ഇടയ്ക്കിടയ്ക്ക്  അമ്മ ചിറ്റയെ കാണാന്‍ പോകും. അത് ഞങ്ങള്‍ക്കും അവിടേക്ക് പോകാനുള്ള സൗകര്യം നല്‍കി. ഞാനും അനിയനും ചെറുതായിരിക്കുമ്പോഴേ അമ്മയുടെ അച്ഛനും അച്ഛന്റെ അച്ഛനും അമ്മയും മരിച്ചു.. ചുരുക്കത്തില്‍ ആ ചിറ്റയും  ഭര്‍ത്താവുമായിരുന്നു ഞങ്ങള്‍ക്ക് എല്ലാം. അവര്‍ക്കും ഞങ്ങളെ വലിയ കാര്യമായിരുന്നു. 

പുഴകളും വയലുകളും കുന്നും തോടും കുളവും തെങ്ങിന്‍ തോപ്പും വാഴത്തോപ്പും കൃഷി തോട്ടങ്ങളുമൊക്കെയായി മനോഹരമായ ഒരു കാര്‍ഷിക ഗ്രാമമാണ് ഞങ്ങളുടേത്. എവിടെ ചെന്നാലും മനോഹരമായ കാഴ്ചകള്‍. ചിറ്റയുടെ വീടും പ്രകൃതി രമണീയമായൊരു സ്ഥലത്താണ്. വലിയ കുന്നിന്റെ താഴെ. ആ കുന്നിറങ്ങി പോകണം വീട്ടിലെത്താന്‍. വേറെ വഴിയൊന്നുമില്ലായിരുന്നു അന്ന്. ഇന്നിപ്പോള്‍ താഴെ പുതിയ റോഡ് വന്നിട്ടുണ്ട്.

കുന്നിറങ്ങി കേറിയാല്‍ പിറ്റേന്ന് കാലനക്കാന്‍ പറ്റില്ല. താഴെക്കിറങ്ങുമ്പോള്‍ കുറച്ചിട വരെ ഇരുവശവും വീടുകളുണ്ട്. അത് കഴിഞ്ഞാല്‍ ഇരുവശവും ഇടതൂര്‍ന്ന കശുമാവിന്‍ തോട്ടവും മാന്തോട്ടവുമാണ്. പലതരത്തിലുള്ള മാവുകള്‍. മൂവാണ്ടന്‍, കോമാവ്, പ്രിയൂര്‍ അങ്ങിനെ. അത് പോലെ പല നിറങ്ങളിലുള്ള കശുമാങ്ങകള്‍. ആപ്പിള്‍ പോലെ കടും ചുവപ്പ്. പിങ്ക്, മഞ്ഞ…അങ്ങനെ.ചിലത് നല്ല മധുരമുള്ളതായിരിക്കും ചിലതിന് ചവര്‍പ്പ് നിറഞ്ഞ മധുരം.

തോട്ടം തട്ട് തട്ടായി മുകളിലേക്ക് വിശാലമായി കിടക്കുന്നു. അമ്മുമ്മയോടൊപ്പം  ഞങ്ങള്‍ കുട്ടികള്‍ മാങ്ങ പറിയ്ക്കാന്‍ പോകും അങ്ങോട്ട്. ഒരു കാട്ടിലേക്ക് കയറുന്ന പ്രതീതി. പൂച്ചപ്പപഴവും, ഇഞ്ചിപ്പുല്‍ ചെടികളും, തൊട്ടാവാടിയും ചാടന്‍ പുല്ലുമൊക്കെ വകഞ്ഞു വേണം നടക്കാന്‍. പന്തലിച്ച മാവുകളായതിനാല്‍ അതിന്റെ മുകളിലൊക്കെ കേറിയിറങ്ങി നടക്കും. ഞങ്ങള്‍ വീഴാതെയും മുള്ള് കൊള്ളാതെയും നോക്കേണ്ടത് അമ്മുമ്മയ്ക്ക് നല്ലൊരു പണിയായിരുന്നു. തിരിച്ചിറങ്ങി കഴിഞ്ഞാല്‍ ഞങ്ങള്‍ക്കായിരിക്കും പണി.. ഉടുപ്പിലൊക്കെ ചാടന്‍ പുല്ല് കേറിപിടിച്ചിരിയ്ക്കും. അതെടുത്ത് കളയുന്നത് ശ്രമകരമാണ്. 

വിശാലമായ പറമ്പിലായിരുന്നു വീട്. അവിടെയും തട്ട് തട്ടായാണ് ഭൂമി. മാന്തോട്ടം കഴിഞ്ഞാല്‍ വീടാണ്. ചുറ്റും മരങ്ങള്‍. വെയിലോ വെയില്‍ച്ചൂടോ കടുത്ത വേനലില്‍ പോലും ബുദ്ധിമുട്ടിയ്ക്കില്ല. ഉച്ചയൂണൊക്കെ കഴിഞ്ഞ് മുറ്റത്തിരുന്ന് കളികളും കഥപറച്ചിലും  പാട്ടും മേളവുമൊക്കെയാവും. വീട്ടിലെപ്പോഴും നിറയെ ആള്‍ക്കാരായിരുന്നു. പണിക്കാരും വിരുന്നുകാരുമൊക്കെയായി എപ്പോഴും തിരക്ക്. അതിനിടയില്‍ ഞങ്ങള്‍ കുട്ടികളുടെ ബഹളങ്ങള്‍. 

വീടിന് താഴെയുള്ള തട്ടിലായിരുന്നു കിണറും തൊഴുത്തുമൊക്കെ. കിണറ്റിലെ വെള്ളം ഒരിയ്ക്കലും വറ്റില്ല. വേനല്‍ക്കാലത്ത് കുന്നിന്‍ മുകളില്‍ താമസിക്കുന്നവര്‍ വെള്ളത്തിന്  അങ്ങോട്ട് വരും. ഒരു കുടം തലയിലും രണ്ട് കുടം കയ്യിലും ഒക്കത്തും. അവര്‍ കുന്ന് കയറുന്നത് കാണുമ്പോള്‍ പേടിയും അത്ഭുതവും തോന്നും. ആ തട്ടില്‍ തന്നെയാണ് പച്ചക്കറി കൃഷി. ചാമ്പ മരം, പുളി , പേര മരം, കുടംപുളി, പ്ലാവ്-ഇല്ലാത്ത മരങ്ങളില്ല! അച്ചിച്ഛന്‍ ഒരു ഗവ. ഉദ്യോഗസ്ഥന്‍ ആയിരുന്നെങ്കിലും മണ്ണിനെ സ്‌നേഹിച്ചിരുന്നു. അമ്മുമ്മയും അച്ചിച്ഛനോടൊപ്പം കൂടെ ഉണ്ടായിരുന്നു.

തട്ട് കഴിഞ്ഞാല്‍ അടുത്തത് വയലാണ്. വിശാലമായ വയലിലേക്കൊന്നിറങ്ങാതെ നടുവിലൂടെ ഒഴുകുന്ന തോടിനരികിലൂടെ നടക്കാതെ തെങ്ങിന്‍ പാലത്തിലൂടെ പേടിച്ചു പേടിച്ചു ഒന്ന് കയറി ഇറങ്ങാതെ യാത്രകള്‍  പൂര്‍ണ്ണമാകില്ല.

രാവിലെ പത്തു മണി കഴിയുമ്പോള്‍ അമ്മുമ്മ പാടത്തെ പണിക്കാര്‍ക്ക് കഞ്ഞിയുമായി ഇറങ്ങും. കൂടെ ഞാനും. കഞ്ഞിയും കറിയും വെള്ളവുമൊക്കെയായി ചെല്ലുന്ന ഞങ്ങളെ കാണുമ്പോള്‍ പണിക്കാര്‍ വരമ്പത്തേക്ക് കയറും. കുത്തരി കഞ്ഞിയും അച്ചാറും പപ്പടവും. പിന്നെ മെഴുക്കുപുരട്ടിയോ തോരനോ. അതാവും വിഭവങ്ങള്‍. പിന്നെ പ്ലാവില കൈലും. കറിയും അച്ചാറും പപ്പടവും കൂട്ടി ചൂടന്‍ കഞ്ഞി പ്ലാവില കൈലില്‍ ഊതി ഊതി  കുടിക്കുമ്പോള്‍, പണിക്കാര്‍ പാട്ടു പാടും. കഥ പറയും. വിളഞ്ഞ കതിരുകളില്‍ തട്ടി അവയുടെ ഗന്ധവും വഹിച്ച്, തോട്ടിലെ ആമ്പലുകളുടെ സുഗന്ധം പേറി, നനവൊഴിയാത്ത പറമ്പിന്റെ ചെളിമണം കലര്‍ന്ന ഗന്ധത്തെയും കൂടെ കൂട്ടി ഞങ്ങളെ തഴുകി തലോടുന്ന സുഖദമായ കാറ്റ്…എത്ര ആസ്വദിച്ചാലും മതിയാകാറില്ല.
 

By admin