എല്ലാ ഓഫിസുകളും അടച്ചുപൂട്ടി, സ്വത്ത് കണ്ടുകെട്ടും; ബ്രദർഹുഡിനെ നിരോധിച്ച് ജോർദാൻ

അമ്മാൻ: ഭീകരാക്രമണം ആസൂത്രണം ചെയ്തെന്ന സംശയത്തെ തുടർന്ന് മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ച് ജോർദാൻ സർക്കാർ. റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്ന സംശയത്തിൽ മുസ്ലീം ബ്രദർഹുഡിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഘടനയെ നിരോധിച്ചത്. രാജ്യത്ത് ബ്രദർഹുഡിന്റെ എല്ലാ ഓഫീസുകളും അടച്ചുപൂട്ടുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഏതൊരു പ്രവർത്തനവും നിയമവിരുദ്ധമായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രി മാസെൻ അൽ-ഫരായ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണ ഗൂഢാലോചനയുമായി യാതൊരു ബന്ധവുമില്ലെന്ന് ബ്രദർഹുഡ് പ്രതികരിച്ചിരുന്നു. 

നിരോധനം ബ്രദർഹുഡിന്റെ രാഷ്ട്രീയ പാർട്ടിയും പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പായ ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ ഫരായയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് അവരുടെ ആസ്ഥാനം പൊലീസ് റെയ്ഡ് ചെയ്തു. അതേസമയം, ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ട് സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണെന്നും മറ്റൊരു സംഘടനയുമായി ബന്ധമില്ലെന്നും പാർട്ടി നേതാക്കൾ വിശദീകരിച്ചു. ദേശീയ സുരക്ഷ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന 16 പേരെ അറസ്റ്റ് ചെയ്തതായി ജോർദാനിലെ ജനറൽ ഇന്റലിജൻസ് വകുപ്പ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിലാണ് ബ്രദർഹുഡ് സ്ഥാപിതമായത്. ലോകമാകെ ശരിഅത്ത് ഭരിക്കുന്ന ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.  

By admin