അന്താരാഷ്ട്ര ഷെഡ്യൂളുകളിൽ മാറ്റം; ഇറങ്ങുന്നതിന് മുമ്പ് ഷെഡ്യൂൾ ചെക്ക് ചെക്ക് ചെയ്യണമെന്ന് എയ‍ർലൈനുകൾ!

ദില്ലി: ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ സർവ്വീസിൽ തടസം വരുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഡിഗോയും എയർ ഇന്ത്യയും. പാകിസ്ഥാന്റെ ഈ അടച്ചു പൂട്ടലുമായി ബന്ധപ്പെട്ട് വിമാന പാതയിലെ മാറ്റം ചില അന്താരാഷ്ട്ര വിമാന ഷെഡ്യൂളുകളെ ബാധിച്ചേക്കാമെന്ന് ഇരു കമ്പനികളും എക്സിലൂടെ അറിയിച്ചു. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങളെയാണ് ഇത് പ്രധാനമായി ബാധിക്കുകയെന്ന് എയർ ഇന്ത്യ പറഞ്ഞു. 

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും ഇരു എയർലൈനുകളും അറിയിച്ചു. 
യാത്രക്കായി വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ യഥാ‍ർത്ഥ സമയവും ഷെഡ്യൂളുകളും രണ്ടുതവണ പരിശോധിക്കണമെന്നും യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേ സമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികൾക്ക് കാരണം എന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാറാണ് 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന് ചേരും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണം; രാഹുൽ ഗാന്ധി കശ്മീരിലേക്ക്, കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin