Malayalam Poem:   മുക്തി, കെ. ആര്‍ രാഹുല്‍ എഴുതിയ കവിത

Malayalam Poem: മുക്തി, കെ. ആര്‍ രാഹുല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Malayalam Poem:   മുക്തി, കെ. ആര്‍ രാഹുല്‍ എഴുതിയ കവിത

മുക്തി

മുത്തി ചത്തു.
കൊരച്ച് കൊരച്ച്
ചോര തുപ്പി
ചുണ്ടിലും ചിറിയിലും 
മുണ്ടിന്റെ കോന്തലയിലും 
ചുവരിലുമെല്ലാം
ചുവന്ന പൂക്കള്‍ 
വാരിത്തേച്ച്,
ചെത്തിതേക്കാത്ത 
ചുമരിന്
പുതുജീവന്‍ നല്‍കി 
മുത്തി ചത്തു.

ഇനി, പാതിരാത്രി 
ചന്ദ്രനെ നോക്കി 
ചിരിക്കാനും
ഓതം കേറിയ തിണ്ണയില്‍ 
ചണച്ചാക്ക് വിരിച്ചു
പൂച്ചയോടൊപ്പം ചുരുളാനും 
വീടിന് കാവലിരിക്കാനും
ആരുമില്ല.

തിരളാത്തകുട്ടികളെ കണ്ടാല്‍ 
മാറിലുഴിഞ്ഞു നോക്കാനും 
കെട്ടിവന്ന പെണ്ണുങ്ങളോട് 
വിശേഷമില്ലേയെന്ന് തിരക്കാനും
പെറ്റവരോട് നിര്‍ത്തിയില്ലേ 
എന്നന്വേഷിക്കാനും 
നാട്ടില്‍ വേറെ മുത്തികളില്ല.

മുതുക്കി ചത്തത് 
നന്നായെന്ന് പറയാത്ത 
ആരുമുണ്ടായില്ല.
‘തൊയിരം തന്നിട്ടില്ലെടീ 
മകളേ, വന്നകാലം തൊട്ട്’
എന്ന് സാക്ഷ്യപ്പെടുത്തിയത് 
ചെറിയമ്മയാണ്.

മുത്തിചത്തതില്‍ 
എനിക്കു മാത്രമേ 
ദണ്ണം തോന്നിയുള്ളൂ.

ചങ്കരാന്തിക്ക്
രണ്ട് കൈകളിലും 
മൈലാഞ്ചി തേച്ച് 
തേക്കില കൊണ്ട് 
ഇറച്ചിക്കെട്ട്‌ക്കെട്ടി 
പൊതിയഴിക്കാനും 
അടുപ്പില്‍ തിളയ്ക്കുന്ന 
കോഴിയും കുമ്പളങ്ങയും 
തിന്നാനും കാത്തുനിന്ന
മോന്തി നേരത്താണ് 
മുത്തി ചത്തത്.

പെലയായോണ്ട് 
അതപ്പടിയെടുത്ത് 
തെങ്ങിന്‍ചോട്ടിലൊഴിച്ചു.
കണ്ണില്‍ നിന്നും 
വായില്‍ നിന്നും 
വെള്ളമൊഴുകി.

അയലത്തെ വീട്ടില്‍ 
ഇറച്ചിതിളക്കുമ്പോഴെല്ലാം  
 കണ്ടന്‍പൂച്ചയായി
വിടര്‍ന്ന മൂക്കുമായി 
പരിയാം പുറത്ത് കറങ്ങുമ്പോള്‍ 
‘ചങ്കരാന്തി ആവട്ടെ ചെക്കാന്ന്’
മുത്തി ആശ്വസിപ്പിച്ചിരുന്നു.

അതോര്‍ത്തപ്പോഴാണ് 
‘ന്റെ മുത്തിയേന്ന്’
നെലവിളിച്ചത്.
നാട് പതിനാറാക്കിയ
നെലോളി.

ഏഴുമണിക്ക് 
കൈയ്യും കാലും മോറും
കഴുകിത്തുടച്ച് 
മണിമാമ കൊണ്ടുപോയി 
കഞ്ഞി തന്നു.
ചങ്കുപൊട്ടി കുടിച്ചു തീര്‍ത്തു. 
അന്ന് രാത്രി 
വെന്തു പാകമായ
ഇറച്ചിക്കഷ്ണവും
നെയ്ക്കുമ്പളങ്ങയുമായി 
സ്വപ്നത്തില്‍ മുത്തിവന്ന്
ചോറ് വാരിത്തന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin