8 കളികളിൽ 3 ജയങ്ങൾ മാത്രം! പ്ലേ ഓഫ് കാണാതെ കൊൽക്കത്ത പുറത്താകുമോ? കണക്കുകൾ ഇങ്ങനെ

കൊൽക്കത്ത: ഐപിഎല്ലിന്‍റെ 18-ാം സീസൺ പ്ലേ ഓഫിലേയ്ക്ക് അടുക്കുമ്പോൾ ആദ്യ നാലിൽ ഇടംപിടിക്കാനുള്ള പരിശ്രമത്തിലാണ് ടീമുകൾ. 5 തവണ വീതം ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനും മുംബൈ ഇന്ത്യൻസിനും നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനുമെല്ലാം മുന്നോട്ടുള്ള പാത ദുഷ്കരമാണ്. ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ് പോലെയുള്ള ടീമുകൾ മികച്ച പ്രകടനം പുറത്തെടുത്ത് പോയിന്റ് പട്ടികയുടെ മുൻനിരയിൽ തന്നെയുണ്ട്. 

ഏപ്രിൽ 21 ന് ഗുജറാത്ത് ടൈറ്റൻസിനോട് 39 റൺസിന് പരാജയപ്പെട്ടതോടെ പ്ലേ ഓഫിലേക്കുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ യാത്ര വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുകയാണ്. ഇതുവരെ 8 മത്സരങ്ങളാണ് കൊൽക്കത്ത പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിൽ 3 എണ്ണത്തിൽ ജയിക്കുകയും 5 എണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. നിലവിൽ 6 പോയിന്റാണ് കൊൽക്കത്തയുടെ അക്കൗണ്ടിലുള്ളത്. നെറ്റ് റൺ റേറ്റ് +0.212 ആണ്. സാധാരണയായി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 16 പോയിന്റുകളെങ്കിലും ആവശ്യമാണ്. എന്നാൽ, ചില സാഹചര്യങ്ങളിൽ ടീമുകളുടെ നെറ്റ് റൺ റേറ്റ് മികച്ചതാണെങ്കിൽ 14 പോയിന്റുകൾ നേടിയാലും അവർ യോഗ്യത നേടാറുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം തന്നെയാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. 

പ്ലേ ഓഫിലെത്തണമെങ്കിൽ ഇനി അവശേഷിക്കുന്ന മത്സരങ്ങളിൽ വിജയിക്കുക എന്നത് മാത്രമാണ് കൊൽക്കത്തയ്ക്ക് മുന്നിലുള്ള പോംവഴി. 14 മുതൽ 16 വരെ പോയിന്റുകൾ നേടണമെങ്കിൽ കൊൽക്കത്തയ്ക്ക് ശേഷിക്കുന്ന 6 മത്സരങ്ങളിൽ കുറഞ്ഞത് 4 അല്ലെങ്കിൽ 5 വിജയങ്ങളെങ്കിലും നേടിയേ തീരൂ. ഗുജറാത്തിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം കൊൽക്കത്തയുടെ നെറ്റ് റൺ റേറ്റിൽ നേരിയ കുറവും സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങളിൽ വലിയ വിജയം നേടിയാൽ മാത്രമേ നിലവിലെ ചാമ്പ്യൻമാര്‍ക്ക് നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്താൻ കഴിയൂ.

READ MORE: എന്ത് ചെയ്തിട്ടും മെനയാകുന്നില്ല; നാണക്കേടിന്‍റെ റെക്കോർഡുമായി ബാബർ അസം

By admin