മുംബൈ: അർജുൻ കപൂറിന്‍റെ മറ്റൊരു ഫ്ലോപ്പ് റൊമാന്റിക് കോമഡി ചിത്രം കൂടി ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തി. മേരെ ഹസ്ബൻഡ് കി ബീവി ഒടുവിൽ ജിയോ ഹോട്ട്‌സ്റ്റാറിലാണ് എത്തിയത്. അർജുൻ കപൂർ, ഭൂമി പെഡ്‌നേക്കർ, രാകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിച്ച ഈ ചിത്രം തീയറ്ററില്‍ സൃഷ്ടിച്ച അതേ പ്രതികരണങ്ങളാണ് ഒടിടിയിലും ഉണ്ടാക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഡൽഹിയില്‍ ജീവിക്കുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അങ്കുർ ( അര്‍ജുന്‍ കപൂർ) വളരെ സംഘര്‍ഷം നിറഞ്ഞ ഒരു വിവാഹമോചനത്തിന് ശേഷം പുതിയൊരു പ്രണയം ഇയാള്‍ക്ക് ഉണ്ടാകുന്നു. രാകുൽ പ്രീത് സിംഗ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് പ്രണയിനി. കാര്യങ്ങൾ ശരിയായ ദിശയിലേക്ക് നീങ്ങുന്ന സമയത്ത്, മുൻ ഭാര്യ (ഭൂമി) വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഓർമ്മക്കുറവ് ബാധിച്ച് അവർ ഇപ്പോഴും അര്‍ജുന്‍റെ കഥാപാത്രമായ അങ്കൂറിന്‍റെ ഭാര്യയാണ് എന്നാണ് സ്വയം കരുതുന്നത്. ഇത് ഉണ്ടാക്കുന്ന കോമഡികളും തെറ്റിദ്ധാരണകളുമാണ് മേരെ ഹസ്ബൻഡ് കി ബീവിയുടെ കഥ.
എന്നാല്‍ ചിത്രം വലിയ ട്രോളുകളാണ് ഓണ്‍ലൈനില്‍ ഒടിടി റിലീസിന് ശേഷം നേടുന്നത്. മേരെ ഹസ്ബൻഡ് കി ബീവി എന്തിനാണ് നിര്‍മ്മിച്ചത് എന്ന് പോലും മനസിലാകുന്നില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അര്‍ജുന്‍ കപൂര്‍ ഉടന്‍ തന്നെ അഭിനയം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നാണ് മറ്റൊരു അഭിപ്രായം വന്നത്.
“നൊസ്റ്റാൾജിയ, പ്രണയം, കോമഡി എന്നിവ ഒരുമിച്ച് കൊണ്ടുവരാൻ ഈ സിനിമ ശ്രമിക്കുന്നു, പക്ഷേ ഒന്നും ശരിയായി വന്നില്ല. പക്ഷെ കളയുവാന്‍ കുറേ സമയം ഉണ്ടെങ്കില്‍ ഈ സിനിമ കാണാം. പക്ഷേ നല്ലൊരു ബോളിവുഡ് റൊമാന്‍റിക് പടമാണ് കാണാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അടുത്ത പടം തിരയുന്നതാണ് നല്ലത്” എന്നാണ് ഒരു നെറ്റിസണ്‍ എഴുതിയത്.
ബോളിവുഡിലെ സമീപകാലത്തെ വന്‍ ഹിറ്റ് ചിത്രം ഛാവയ്ക്കൊപ്പമാണ് മേരെ ഹസ്ബൻഡ് കി ബീവി റിലീസ് ചെയ്തത്. 60 കോടി മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത് എന്നാല്‍ തീയറ്ററില്‍ നിന്നും ആകെ നേടിയത് 10 കോടിയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഫ്ലോപ്പ് പടങ്ങളില്‍ ഒന്നാണ് മേരെ ഹസ്ബൻഡ് കി ബീവി എന്നാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഒടിടിയിലും ചിത്രത്തിന് രക്ഷയില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
‘രാജ്യം ഐക്യത്തോടെ നില്‍ക്കേണ്ട സമയം’ : പഹൽഗാം ആക്രമണത്തെ അപലപിച്ച് ഷാരൂഖും സല്‍മാനും