സണ്‍റൈസേഴ്സിനെ ഒറ്റയ്ക്ക് തീര്‍ത്ത് ഹിറ്റ്‌മാന്‍, സ്കൈ ഫിനിഷിംഗും; മുംബൈ ഇന്ത്യന്‍സിന് 7 വിക്കറ്റ് ജയം
ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഏഴ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് മുംബൈ നേടിയത്. സണ്‍റൈസേഴ്‌സിന്‍റെ 143 റണ്‍സ് 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് മറികടന്നു. ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ടുമാണ് മുംബൈയുടെ ഹീറോകള്‍. ബോള്‍ട്ട് 26 റണ്‍സിന് 4 വിക്കറ്റ് നേടിയപ്പോള്‍ ഹിറ്റ്‌മാന്‍ 46 പന്തില്‍ 70 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 40* ഉം, തിലക് വര്‍മ്മ 2 പന്തില്‍ 2* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 4.1 ഓവറില്‍ 13 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഹൈദരാബാദിന്‍റെ ടോപ് ഫോര്‍ ബാറ്റര്‍മാരാരും രണ്ടക്കം കണ്ടില്ല. ട്രാവിസ് ഹെഡ് (4 പന്തില്‍ 0), ഇഷാന്‍ കിഷന്‍ (4 പന്തില്‍ 1), അഭിഷേക് ശര്‍മ്മ (8 പന്തില്‍ 8), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 2) എന്നിങ്ങനെയായിരുന്നു സ്കോര്‍. അനികേത് വര്‍മ്മയ്ക്കും (14 പന്തില്‍ 12) തിളങ്ങാനായില്ല. ഇതിന് ശേഷം ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ഹെന്‍റിച്ച് ക്ലാസന്‍- അഭിനവ് മനോഹര്‍ എന്നിവരുടെ കരുത്തില്‍ സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ 143-8 എന്ന നിലയിലേക്ക് തിരിച്ചുവരികയായിരുന്നു.
അര്‍ധസെഞ്ച്വറി നേടിയ ക്ലാസന്‍ 44 പന്തുകളില്‍ 9 ഫോറും 2 സിക്‌സറുകളും സഹിതം 71 റണ്‍സെടുത്തു. ഇംപാക്ട് സബ്ബായി ക്രീസിലെത്തിയ അഭിനവ് 37 ബോളുകളില്‍ 2 ഫോറും 3 സിക്‌സുകളോടെയും 43 ഉം റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിനായി പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് 26 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍ രണ്ടും ജസ്പ്രീത് ബുമ്രയും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും നേടി. സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (2 പന്തില്‍ 1) ഇന്നിംഗ്സിലെ അവസാന ബോളില്‍ ബോള്‍ട്ടിന് കീഴടങ്ങിയപ്പോള്‍ ഹര്‍ഷര്‍ പട്ടേല്‍ (1 പന്തില്‍ 1*) പുറത്താവാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനായി മലയാളി സ്പിന്നര്‍ വിഗ്നേഷ് പുത്തൂരിന് ഒരോവര്‍ എറിയാനേ അവസരം ലഭിച്ചുള്ളൂ.
മറുപടി ബാറ്റിംഗില്‍ അനായാസം മുംബൈ ഇന്ത്യന്‍സ് ലക്ഷ്യത്തിലെത്തി. രണ്ടാം ഓവറിലെ നാലാം പന്തില്‍ റയാന്‍ റിക്കെള്‍ട്ടണെ (8 പന്തില്‍ 11) മീഡിയം പേസര്‍ ജയ്‌ദേവ് ഉനദ്കട്ട് പുറത്താക്കിയിട്ടും മുംബൈ കുലുങ്ങിയില്ല. വില്‍ ജാക്സിനൊപ്പം മുംബൈ ഇന്ത്യന്‍സിന്‍റെ ഇംപാക്ട് സബ്ബ് രോഹിത് ശര്‍മ്മ ടീമിനെ പവര്‍പ്ലേയില്‍ 56 റണ്‍സിലെത്തിച്ചു. 19 പന്തില്‍ 22 റണ്‍സെടുത്ത വില്‍ ജാക്സിന്‍റെ വിക്കറ്റും മുംബൈക്ക് നഷ്ടമായി. ജാക്സിനെ സീഷാന്‍ അന്‍സാരി പുറത്താക്കുകയായിരുന്നു. എന്നാല്‍ ഹിറ്റ്‌മാന്‍ 35 പന്തുകളില്‍ ഫിഫ്റ്റി തികയ്ക്കുകയും, നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തുടക്കത്തിലെ താളം കണ്ടെത്തുകയും ചെയ്തതോടെ മുംബൈ കുതിപ്പിലായി. 70 റണ്‍സെടുത്ത് നില്‍ക്കേ ഹിറ്റ്മാനെ ഇഷാന്‍ മലിംഗ അഭിഷേകിന്‍റെ കൈകളിലാക്കിയെങ്കിലും സ്കൈ- തിലക് വര്‍മ്മ സഖ്യം മുംബൈ ജയിപ്പിച്ചു.