‘വാര്‍ 2’ ലെ അവസരം നിരസിച്ച് ജൂനിയര്‍ എന്‍ടിആറിന്‍റെ ദീര്‍ഘകാല ഡ്യൂപ്പ്; കാരണം ഇതാണ്

സിനിമാ രംഗത്തെ പ്രതിഫലത്തിലെ അന്തരം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. മുന്‍നിര നായക നടന്മാര്‍ക്കാണ് സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കാറ്. ഇതില്‍ നിന്നും കാര്യമായ കുറവുള്ള പ്രതിഫലമാണ് നായികമാര്‍ക്ക് ലഭിക്കാറ്. വിപണിമൂല്യം അനുസരിച്ചാണ് സംവിധായകരുടെ പ്രതിഫലം തീരുമാനിക്കപ്പെടാറ്. ഇപ്പോഴിതാ സിനിമാ രംഗത്തെ പ്രതിഫലക്കാര്യം വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു പ്രമുഖ തെന്നിന്ത്യന്‍ താരത്തിന്‍റെ ബോഡി ഡബിള്‍ (ഡ്യൂപ്പ്) ആണ് തനിക്ക് വാഗ്‍ദാനം ചെയ്യപ്പെട്ട കുറഞ്ഞ പ്രതിഫലത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. അക്കാരണത്താല്‍ അവസരം തന്നെ താന്‍ നിരസിച്ചുവെന്നും അദ്ദേഹം പറയുന്നു.

പ്രമുഖ തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറിന്‍റെ ദീര്‍ഘകാല ബോഡി ഡബിള്‍ ആയ ഈശ്വര്‍ ഹാരിസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്‍റെ ഹിന്ദി ചിത്രം വാര്‍ 2 ലെ അവസരമാണ് കുറഞ്ഞ പ്രതിഫലത്തിന്‍റെ പേരില്‍ ഈശ്വര്‍ ഹാരിസ് നിരസിച്ചത്. മന സ്റ്റാര്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഈശ്വര്‍ എത്തിയ അവസരം താന്‍ നിരസിക്കാന്‍ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 

“വാര്‍ 2 ല്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് എനിക്ക് അടുത്തിടെ അന്വേഷണം ലഭിച്ചിരുന്നു. പ്രതിഫലം കാരണം അത് ഞാന്‍ ഏറ്റെടുത്തില്ല. ഏറ്റവും ആദ്യം ലഭിക്കുന്ന ഫ്ലൈറ്റ് പിടിച്ച് മുംബൈക്ക് വരാനാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ പറഞ്ഞ പ്രതിഫലം തീരെ കുറവായിരുന്നു. ഒരുപക്ഷേ എന്‍റെ വിമാനയാത്രയ്ക്കുള്ള ചെലവ് പോലും അതിന് മുകളില്‍ വരും”, ഈശ്വര്‍ ഹാരിസ് പറയുന്നു.

പ്രാദേശിക ഭാഷാ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോളിവുഡില്‍ പ്രതിഫലം കുറവാണന്നും ഈശ്വര്‍ കുറ്റപ്പെടുത്തുന്നു- “ബോളിവുഡ് നമ്മളേക്കാള്‍ മോശമാണ്. ഇവിടെ (തെലുങ്ക് സിനിമയില്‍) എനിക്ക് കൂടുതല്‍ മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. അത്ര വലിയ ബജറ്റ് ആണ് അവിടെ (ബോളിവുഡില്‍). അപ്പോള്‍ അതിന് ചേരുന്ന പ്രതിഫലവും നിങ്ങള്‍ കൊടുക്കണം. മൂന്ന് ദിവസം വര്‍ക്ക് ചെയ്യാനാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ യാത്രാ ചെലവ് പോലും എത്താത്ത പ്രതിഫലമാണ് വാദ്ഗാനം ചെയ്യപ്പെട്ടത് എന്നതിനാല്‍ ഓഫര്‍ ഞാന്‍ നിരസിച്ചു”, ഈശ്വര്‍ ഹാരിസ് പറയുന്നു.

സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു 2019 ല്‍ പുറത്തെത്തിയ വാര്‍. ആദ്യ ഭാഗത്തില്‍ ഹൃത്വിക്കിനൊപ്പം ടൈഗര്‍ ഷ്രോഫ് ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഹൃത്വിക്കിനൊപ്പം ജൂനിയര്‍ എന്‍ടിആര്‍ ആണ്. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അയന്‍ മുഖര്‍ജിയാണ്. 

ALSO READ : ‘നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ കൂൾ’; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെക്കുറിച്ച് മീര വാസുദേവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin