‘രാജ്യം ഐക്യത്തോടെ നില്‍ക്കേണ്ട സമയം’ : പഹൽഗാം ആക്രമണത്തെ അപലപിച്ച് ഷാരൂഖും സല്‍മാനും

മുംബൈ: പഹൽഗാം ആക്രമണത്തിൽ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തങ്ങളുടെ ദുഃഖം പ്രകടിപ്പിക്കുകയും ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്തു. എക്സ് അക്കൗണ്ടിലാണ് ഇരുവരും പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച്  പോസ്റ്റ് പങ്കിട്ടത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമെന്ന് ഇരു താരങ്ങളും പ്രഖ്യാപിച്ചു. 

“പഹൽഗാമിൽ നടന്ന മനുഷ്യത്വരഹിതമായ അക്രമത്തിലും ഉള്ള ദുഃഖവും കോപവും വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇതുപോലുള്ള സമയങ്ങളിൽ, ദൈവത്തിനെ പ്രാര്‍ത്ഥിക്കാനും ദുരിതമനുഭവിച്ച കുടുംബങ്ങൾക്കായി പ്രാർത്ഥിക്കാനും എന്‍റെ അഗാധമായ അനുശോചനം അറിയിക്കാനും മാത്രമേ കഴിയൂ. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാനും ഈ ഹീനമായ ആക്രമണത്തിനെതിരെ നീതി നടപ്പിലാക്കാനും കഴിയട്ടെ, ”ഷാരൂഖ് എഴുതി.

“കാശ്മീർ, ഭൂമിയിലെ സ്വർഗ്ഗത്തെ  നരകമായി മാറ്റുകയാണ്. നിരപരാധികളായ ആളുകളെ അവര്‍ ലക്ഷ്യം വയ്ക്കുമ്പോൾ, എന്‍റെ ഹൃദയവും പ്രാര്‍ത്ഥനയും അവരുടെ കുടുംബങ്ങൾക്കൊപ്പമാണ്.  ഒരു നിരപരാധിയുടെ ജീവൻ പോലും എടുക്കുന്നത് പ്രപഞ്ചത്തെ മുഴുവൻ നശിപ്പിക്കുന്നതിന് തുല്യമാണ് ” എന്ന് സൽമാൻ ഖാൻ എഴുതിയ പോസ്റ്റില്‍ പറയുന്നു. 

ആക്രമണത്തിൽ ഞെട്ടലും രോഷവും പ്രകടിപ്പിച്ച അല്ലു അർജുൻ, പ്രിയങ്ക ചോപ്ര, കരീന കപൂർ, അക്ഷയ് കുമാർ തുടങ്ങിയ നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ പലരും  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ പോസ്റ്റുകളില്‍ ടാഗ് ചെയ്തിട്ടുണ്ട്.

 പഹൽഗാമിലെ ബൈസരന്‍ താഴ്വരയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 പേരാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. 

ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. 

അതേ സമയം ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി.

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണം: മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രം നിരോധിക്കാന്‍ സൈബര്‍ പ്രതിഷേധം !

പഹൽഗാം ആക്രമണത്തിന് പിന്നാലെ ‘നിശബ്ദ പോസ്റ്റ്’: അമിതാഭ് ബച്ചന്‍ വിവാദത്തില്‍, പ്രതിഷേധം !

By admin