മൊബൈൽ ഫോൺ വിൽപ്പനയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഹോട്ടലിൽ കത്തിക്കുത്ത്; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടം കിസ്മത്ത് ഹോട്ടലിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായി. അട്ടക്കുളങ്ങര സ്വദേശിയായ ഷിബിൻ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊല്ലംകോട് കച്ചേരിനട സ്വദേശി അജിത്(26), കുളത്തൂർ ചിറ്റക്കോട് സ്വദേശി ശ്രീജു(18) എന്നിവരെയാണ് ഒളിവിൽ കഴിയുന്നതിനിടെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി കാരോട് സ്വദേശി ആദര്‍ശ് (19), രണ്ടാം പ്രതി എണ്ണവിള സ്വദേശി അമിത് കുമാര്‍ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ വില്പനയുമായി ബന്ധപ്പെട്ടു ഒരു മാസം മുന്‍പ് ഓവര്‍ബ്രിഡ്ജ് ഭാഗത്തു അടിപിടി ഉണ്ടാക്കിയതിലുള്ള വിരോധമായിരുന്നു കൃത്യത്തിനു പിന്നിൽ. രണ്ടാഴ്ച മുമ്പ് ഹോട്ടലിലെത്തിയ ഷിബിനെ കുത്തിയ ശേഷം പ്രതികൾ ഒളിവിൽപോകുകയായിരുന്നു. സംഭവത്തിന് പിന്നാലെ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസർ വിമലിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് പ്രതികളെ കുടുക്കാനായത്.