ഭീകരാക്രമണം നടന്ന ദിവസം എർദോ​ഗനുമായി ‘കശ്മീർ’ ചർച്ച ചെയ്ത് പാക് പ്രധാനമന്ത്രി, പൂർണ പിന്തുണയെന്ന് എർദോ​ഗാൻ

അങ്കാറ: പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള അങ്കാറയിലെ കൂടിക്കാഴ്ചയിൽ ‘കശ്മീർ പ്രശ്നം’ ഉന്നയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോ​ഗാൻ ഉറപ്പ് നൽകി. കശ്മീരിന് തുർക്കിയുടെ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ എർദോഗൻ മുമ്പും പിന്തുണച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലെ പാകിസ്ഥാൻ സന്ദർശന വേളയിൽ എർദോഗൻ കശ്മീർ പ്രശ്നം ഉന്നയിക്കുകയും കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ പ്രമേയം അനുസരിച്ച് ചർച്ചയിലൂടെയും കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾ അനുസരിച്ചും പരിഹരിക്കണമെന്നാണ് എർദോ​ഗാൻ പറഞ്ഞത്. എന്നാൽ, എർദോഗന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയിരുന്നു.

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയുടെ അഖണ്ഡതക്ക് നിരക്കാത്ത പ്രസ്താവന തള്ളിക്കളയുന്നുവെന്നും ഇന്ത്യ മറുപടി നൽകി. തുർക്കി അംബാസഡറെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ( ടിആർഎഫ് ) രം​ഗത്തെത്തിയിരുന്നു.  അതേസമയം, ആക്രമണവുമായി യാതൊരുവിധ ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയും അറിയിച്ചു. 

അതേസമയം, ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ. 

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാമിലെത്തും.

 Read More… പഹൽഗാം: നിരവധി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റെന്ന് കേന്ദ്രം; മരിച്ച കേന്ദ്ര സർവീസുകാർ നാല്

ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മുകശ്മീർ പൊലീസും സംയുക്ത തെരച്ചിൽ തുടരുകയാണ്. പഹൽഗാം, ബൈസ രൺ, അനന്ത് നാഗ് മേഖലകളിലാണ് പരിശോധന. അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിക്ക് പുറമെ യുപിയിലും സുരക്ഷ കൂട്ടി വിനോദ സഞ്ചാര മേഖലകളിൽ നിരീക്ഷണം കർശനമാക്കും.

By admin