പുനരുപയോഗിക്കുന്ന കുപ്പിയിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ? എങ്കിൽ ഇത്രയും ചെയ്താൽ മതി
ഇന്നെല്ലാം പ്രകൃതിസൗഹൃദമായ രീതിയിൽ ചെയ്യാനാണ് നമ്മൾ അധികവും ശ്രദ്ധിക്കുന്നത്. അത്തരത്തിൽ വെള്ളം കുടിക്കുന്ന കുപ്പികളും പുനരുപയോഗിക്കാൻ സാധിക്കും. ഇത് ഉപയോഗിക്കാൻ എളുപ്പമാണ്. എന്നാൽ ചില സമയങ്ങളിൽ പുനരുപയോഗിക്കുന്ന വെള്ള കുപ്പികളിൽ നിന്നും ദുർഗന്ധം വരാറുണ്ട്. ഇത് നിങ്ങളുടെ അശ്രദ്ധ മൂലം സംഭവിക്കുന്നതല്ല. പുനരുപയോഗിക്കുന്ന കുപ്പികളിൽ നിന്നും ദുർഗന്ധം വരുന്നത് തടയാൻ ഇത്രയും മാത്രം ചെയ്താൽ മതി.
ബേക്കിംഗ് സോഡ
എന്തും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് ഏത് കടുത്ത കറയെയും എളുപ്പത്തിൽ നീക്കം ചെയ്യുന്നു. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും അതിലേക്ക് കുറച്ച് വെള്ളവും ചേർത്ത് കൊടുക്കണം. ശേഷം രാത്രി മുഴുവൻ കുപ്പി ഈ ലായനിയിൽ മുക്കിവയ്ക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ നന്നായി കഴുകിയെടുത്താൽ ദുർഗന്ധം മാറിക്കിട്ടും.
വിനാഗിരി
വിനാഗിരിക്ക് കഠിനമായ ദുർഗന്ധത്തെ എളുപ്പത്തിൽ വലിച്ചെടുക്കാൻ സാധിക്കും. കുറച്ച് വിനാഗിരി എടുത്തതിന് ശേഷം അതിലേക്ക് വെള്ളം ചേർത്ത് കുപ്പിയിലേക്ക് ഒഴിച്ച് കൊടുക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ കുപ്പി തിളങ്ങുകയും ദുർഗന്ധം മാറുകയും ചെയ്യുന്നു.
നാരങ്ങ നീര്
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് എന്തിനേയും എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നവയാണ്. അതിനാലാണ് ഇത് പല ക്ലീനറുകളോടൊപ്പവും ചേർക്കുന്നത്. നാരങ്ങ നന്നായി പിഴിഞ്ഞെടുത്തതിന് ശേഷം അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കൊടുക്കണം. ശേഷം ഇത് കുപ്പിയിലേക്ക് ഒഴിച്ച് കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. നാരങ്ങക്ക് പകരം ഓറഞ്ചിന്റെ തോടും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വൃത്തിയാക്കിയിട്ടും ഫ്രിഡ്ജിലെ ദുർഗന്ധം മാറിയില്ലേ? എങ്കിൽ ഇങ്ങനെ ചെയ്യൂ