പാകിസ്ഥാൻ സൂപ്പര്‍ ലീഗില്‍ വിക്കറ്റ് ആഘോഷത്തിനിടെ വിക്കറ്റ് കീപ്പറുടെ മുഖത്തടിച്ച് പാക് താരം

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിക്കറ്റ് ആഘോഷത്തിനിടെ അബദ്ധത്തില്‍ വിക്കറ്റ് കീപ്പറുടെ മുഖത്തടിച്ച് മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് താരം ഉബൈദ് ഷാ. ഇന്നലെ ലാഹോര്‍ ക്യുലാന്‍ഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത് ഉബൈദ് ഷാ തിളങ്ങിയിരുന്നു.

229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഹോര്‍ ക്യുലാന്‍ഡേഴ്സിനായി തകര്‍ത്തടിച്ച സാം ബില്ലിംഗ്സ് പ്രതീക്ഷ നല്‍കിയപ്പോഴാണ് പതിനഞ്ചാം ഓവറില്‍ ഉബൈദ് ഷാ പന്തെറിയാനെത്തിയത്. പതിനഞ്ചാം ഓവറിലെ അവസാന പന്തില്‍ ബില്ലിംഗ്സിനെ കമ്രാന്‍ ഗുലാമിന്‍റെ കൈകളിലെത്തിച്ച ഉബൈദ് ഷാ നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. 23 പന്തില്‍ 43 റണ്‍സായിരുന്നു ബില്ലിംഗ്സ് നേടിയത്. വിക്കറ്റെടുത്തശേഷം ആഘോഷിക്കാനായി ഓടിയെത്തിയ ഉബൈദ് ഷാ സഹതാരങ്ങളുടെ അടുത്തെത്തി ഉയര്‍ന്നുചാടി ഹൈ ഫൈവ് ആഘോഷം നടത്തുന്നതിനിടെയാണ് വിക്കറ്റ് കീപ്പര്‍ വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍റെ മുഖത്ത് അടിച്ചത്. അടികൊണ്ട ഉസ്മാന്‍ വേദനകൊണ്ട് നിലത്തിരുന്നുപോയി. പിന്നീട് മെഡിക്കല്‍ സംഘം എത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് കളി തുടര്‍ന്നത്.

പഹല്‍ഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ പോരാട്ടത്തിന് ആഘോഷങ്ങളില്ല, കളിക്കാര്‍ കറുത്ത ആംബാന്‍ഡ് ധരിക്കും

മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താൻസ് 33 റണ്‍സ് ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് യാസിര്‍ ഖാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും(44 പന്തില്‍ 87), ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാന്‍(17 പന്തില്ഡ 32), ഉസ്മാന്‍ ഖാന്‍(24 പന്തില്‍ 39), ഇഫ്തീഖര്‍ അഹമ്മദ്(18 പന്തില്‍ 40*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദി നയിക്കുന്ന ലാഹോര്‍ ക്യുലാന്‍ഡേഴ്സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. 27 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന സിക്കന്ദര്‍ റാസയാണ് ക്യുലാന്‍ഡേഴ്സിന്‍റെ ടോപ് സ്കോറര്‍. ഫഖര്‍ സമന്‍ 14 പന്തില്‍ 32 റണ്‍സെടുത്തത്തു.

കഴിഞ്ഞ നാലു മത്സരങ്ങളില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ ആദ്യ ജയമാണിത്. നാലു കളികളില്‍ ഒരു ജയം മാത്രമുള്ള സുല്‍ത്താന്‍സ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. തോറ്റെങ്കിലും നാലു കളികളില്‍ രണ്ട് ജയമുള്ള ക്യുലാന്‍ഡേഴ്സ് മൂന്നാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin