നികുതി അടയ്ക്കുന്നതിന് ഇനി ഇ-പേ; ലളിതമായ ഡിജിറ്റല്‍ സൗകര്യവുമായി ആദായനികുതി വകുപ്പ്

ദായ നികുതി അടയ്ക്കുന്നത് കൂടുതല്‍ എളുപ്പമാക്കാനുള്ള നടപടികളുമായി ആദായ നികുതി വകുപ്പ്. ഇതിന്‍റെ ഭാഗമായി പുതിയ ഡിജിറ്റല്‍ സംവിധാനമായ ‘ഇ-പേ ടാക്സ്’ ആദായനികുതി വകുപ്പ് അവതരിപ്പിച്ചു. പരമ്പരാഗത രീതിയില്‍ നികുതി അടയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും വീട്ടിലിരുന്നുതന്നെ ആദായ നികുതി അടയ്ക്കുന്നത് സാധ്യമാക്കുന്നതിനുമാണ് ‘ഇ-പേ ടാക്സ്’തയാറാക്കിയിരിക്കുന്നത്.

ഇ പേ ടാക്സ് വഴി എങ്ങനെ നികുതി അടയ്ക്കാം?

‘ഇ-പേ ടാക്സ്’ സൗകര്യം ഉപയോഗിക്കുന്നതിന്, ആദായനികുതി വകുപ്പിന്‍റെ incometax.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവിടെ ‘ഇ-പേ ടാക്സ്’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള  പാന്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കുക. ഇതിനുശേഷം നിങ്ങള്‍ക്ക് എളുപ്പത്തില്‍ നികുതി തുക അടയ്ക്കാം. ആദായനികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് ‘ഇ-പേ ടാക്സ്’ സംവിധാനത്തിലേക്ക് പ്രവേശിക്കാനാകുക. ലോഗിന്‍ ചെയ്ത ശേഷം  ‘ഇ-ഫയല്‍’ വിഭാഗത്തിലേക്ക് പോകുക, ‘ഇ-പേ ടാക്സ്’ തിരഞ്ഞെടുക്കുക, നിര്‍ദേശിച്ചിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക. വളരെ ലളിതമായ ഇന്‍റര്‍ഫേസ് ആണ് ഇ-പേ ടാക്സിന്‍റെ സവിശേഷത. സങ്കീര്‍ണ്ണമായ മെനുകളിലോക്കോ ഫോമുകളിലേക്കോ വഴിതെറ്റിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഇതിന്‍റെ പ്രവര്‍ത്തന രീതി.

വിവിധ പേയ്മെന്‍റ് സംവിധാനങ്ങളാണ് പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, അല്ലെങ്കില്‍ യുപിഐ എന്നിവ ഉപയോഗിച്ച് നികുതി അടയ്ക്കാന്‍ സാധിക്കും.  നിക്ഷേപകര്‍ക്കും, പ്രൊഫഷണലുകള്‍ക്കും, ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്കും അവരുടെ നികുതി ബാധ്യതകള്‍ വേഗത്തില്‍, പേപ്പര്‍ വര്‍ക്കുകളോ നീണ്ട കാത്തിരിപ്പോ ഇല്ലാതെ തീര്‍പ്പാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇ-പേ ടാക്സിന്‍റെ ലക്ഷ്യമെന്ന് ആദായ നികുതി വകുപ്പ വ്യക്തമാക്കി.

നികുതി അടവ് ഡിജിറ്റലാക്കുന്നു

 സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമാണ് ഈ സംവിധാനം. രാജ്യത്തിന്‍റെ നികുതി ഭരണ സംവിധാനം നവീകരിക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനുമുള്ള ശ്രമങ്ങളുടെ ഭാഗമായണ് ഇ-പേ ടാക്സ്  ആദായ നികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ഏതൊക്കെ നികുതികള്‍ അടയ്ക്കാം?

ആദായനികുതി, മുന്‍കൂര്‍ നികുതി,  ടിഡിഎസ്/ടിസിഎസ്, ചരക്ക് സേവന നികുതി, തുടങ്ങിയവ ഇ-പേ ടാക്സ് പോര്‍ട്ടലില്‍ അടയ്ക്കാം.

By admin