ട്രംപ് ഇംപാക്‌ട്! പിക്സൽ ഫോൺ നിർമ്മാണം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഗൂഗിൾ

ദില്ലി: ലോകത്തിലെ മുൻനിര ടെക്‌നോളജി കമ്പനിയായ ഗൂഗിൾ ഇന്ത്യയെ അടുത്ത വലിയ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിലാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കമ്പനി തങ്ങളുടെ ജനപ്രിയ പിക്സൽ സ്മാർട്ട്‌ഫോണുകളുടെ നിർമ്മാണം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഗൗരവമായി പരിഗണിക്കുന്നു. അമേരിക്കയുടെ പുതിയ ഇറക്കുമതി താരിഫുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഗൂഗിൾ പിക്സൽ നിർമ്മാണം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, വിയറ്റ്നാമിൽ നിന്നുള്ള പിക്സൽ സ്മാർട്ട്‌ഫോൺ ഉൽപ്പാദനത്തിന്‍റെ ഒരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനായി പ്രാദേശിക നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. എൻക്ലോഷറുകൾ, ചാർജറുകൾ, ഫിംഗർപ്രിന്‍റ് സെൻസറുകൾ, ബാറ്ററികൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ ഇന്ത്യയിൽ തന്നെ പ്രാദേശികവൽക്കരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ടെക് ഭീമൻ ഡിക്സൺ ടെക്നോളജീസുമായും ഫോക്സ്കോണുമായും ചർച്ച ചെയ്തിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ, ഇന്ത്യയിൽ നിർമ്മിച്ച മിക്ക പിക്സൽ ഫോണുകളും ഇറക്കുമതി ചെയ്ത ഭാഗങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

ഫോക്‌സ്‌കോണുമായും മറ്റൊരു കരാർ നിർമ്മാണ കമ്പനിയുമായും ആൽഫബെറ്റ് അടുത്തിടെ ഈ മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ ചർച്ചയിൽ, നിർമ്മാണ പ്രക്രിയയിൽ മാത്രമല്ല, സ്മാർട്ട്‌ഫോണിന്‍റെ അവശ്യ ഘടകങ്ങളായ ഫിംഗർപ്രിന്‍റ് സ്‍കാനർ, ബാറ്ററി, ചാർജർ എന്നിവ ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിലും ഊന്നൽ നൽകിയിട്ടുണ്ട്. ഇത് പ്രാദേശിക വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

ഇന്ത്യയിൽ ഇതിനകം തന്നെ പരിമിതമായ അളവിൽ പിക്സൽ സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ പ്രതിമാസം ഏകദേശം 45,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കപ്പെടുന്നു, അവയിൽ ഭൂരിഭാഗവും ആഭ്യന്തര വിപണിയിലാണ് വിൽക്കുന്നത്. കഴിഞ്ഞ വർഷം പിക്സൽ 8 പുറത്തിറക്കിയതോടെയാണ് കമ്പനി ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചത്. ഇന്ത്യയിൽ ഉൽപ്പാദനം വിപുലീകരിക്കാൻ ഗൂഗിളിന് ഇതിനകം തന്നെ പദ്ധതികളുണ്ടായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാകുന്നത്.

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് അമേരിക്ക താരിഫ് വർദ്ധിപ്പിച്ചതാണ് ഈ മാറ്റത്തിന് പിന്നിലെ ഒരു പ്രധാന കാരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ നയപ്രകാരം, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം വരെ തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ മേലുള്ള ഈ തീരുവ 26 ശതമാനവും വിയറ്റ്നാമിന്റേത് 46 ശതമാനവുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഗൂഗിൾ, ആപ്പിൾ പോലുള്ള കമ്പനികൾക്ക് ഇന്ത്യ ആകർഷകമായ ഒരു ഓപ്ഷനായി മാറുന്നു.

അതേസമയം ആപ്പിളും ഇന്ത്യയിൽ ഉൽപ്പാദനം വിപുലീകരിക്കുകയാണ്. ഇന്ത്യയിൽ നിർമ്മിച്ച പിക്സൽ സ്മാർട്ട്‌ഫോണുകൾ യുഎസ് ഉൾപ്പെടെയുള്ള മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ ഗൂഗിളും പദ്ധതിയിടുന്നു. ഇത് ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ വ്യവസായത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള വിതരണ ശൃംഖലയിൽ രാജ്യത്തിന്റെ പങ്ക് വർധിപ്പിക്കുകയും ചെയ്യും.

Read more: വിപണിയില്‍ കൊടുങ്കാറ്റാകുമോ സിഎംഎഫ് ഫോൺ 2 പ്രോ; ക്യാമറ, വില അടക്കം സ്പെസിഫിക്കേഷനുകൾ ചോർന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin