ജിദ്ദയിൽ മോദി ചെലവഴിച്ചത് ഏതാനും മണിക്കൂറുകൾ, നിരവധി കരാറുകളിൽ ഒപ്പുവെച്ചു, ഇന്ത്യയുടെ ദുഃഖം പേറി മടക്കം

ജിദ്ദ: ജമ്മു കാശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു പ്രവാസികള്‍. ജിദ്ദയിലെത്തിയ നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മോദിക്ക്  പഹൽ​ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കേണ്ടി വന്നത്.

ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറിയിലെ ഇന്ത്യന്‍ തൊഴിലാളികളെ സന്ദര്‍ശിക്കുന്നതടക്കം ഇന്നത്തെ നിരവധി പദ്ധതികള്‍ ബാക്കിയാക്കിയാണ് മോദി മടങ്ങിയത്. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മോദി ജിദ്ദയില്‍ ചെലവഴിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി നിരവധി കരാറുകൾ ഒപ്പിട്ടു.  ജിദ്ദയിലെ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിൽ മോദി പങ്കെടുത്തില്ല. രാത്രി പതിനൊന്ന് മണിയോടെ മോദി ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി വ്യോമാതിര്‍ത്തിയില്‍ മോദിയുടെ വിമാനം പ്രവേശിച്ചപ്പോള്‍ തന്നെ സൗദി റോയല്‍ എയര്‍ഫോഴ്സിന്‍റെ മൂന്ന് യുദ്ധവിമാനങ്ങള്‍ അകമ്പടിയായി പറന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിയെ സ്വീകരിക്കാന്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരെത്തി. 

ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിക്ക് അവിടെയും വലിയ സ്വീകരണം ഒരുക്കിയിരുന്നു. എന്നാല്‍ മണിക്കൂറുകൾക്ക് ശേഷം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ അതിക്രൂരമായ ഭീകരാക്രമണത്തിന്‍റെ വാർത്ത പുറത്തുവന്നതോടെ സന്തോഷം സങ്കടത്തിന് വഴിമാറി. വൈകിട്ട് മോദി ജിദ്ദയിലെ അല്‍ സലാമ കൊട്ടാരത്തില്‍ എത്തി. കൊട്ടാരത്തിന് പുറത്തേക്ക് ഇറങ്ങി വന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അദ്ദേഹത്തെ ആശ്ലേഷിച്ചു. 

ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ രണ്ടാമത്തെ യോഗമാണ് ഇന്നലെ ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ നടന്നത്. കൗൺസിലിന്‍റെ അടുത്ത യോഗത്തിൽ പങ്കെടുക്കാൻ മുഹമ്മദ് ബിൻ സൽമാനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും കരാറുകൾ ഒപ്പുവച്ചു. തന്ത്രപ്രധാനമായ നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ-സൗദി അറേബ്യ സഹകരണ കൗൺസിലിന് കീഴിൽ രാഷ്ട്രീയം, കോൺസുലാർ, സുരക്ഷാ സഹകരണം, പ്രതിരോധ സഹകരണം, സാമ്പത്തിക, ഊർജ്ജ, നിക്ഷേപ, സാങ്കേതിക കമ്മിറ്റി, ടൂറിസം, സാംസ്കാരിക സഹകരണ കമ്മിറ്റി തുടങ്ങിയ സമിതികൾ രൂപീകരിക്കാൻ തീരുമാനമെടുത്തു. നിക്ഷേപമേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്നതിന് ഹൈ ലെവൽ ടാസ്ക് ഫോഴ്സ് ഓൺ ഇൻവെസ്റ്റ്‌മെന്റ് (എച്ച്എൽടിഎഫ്) സമിതിയും രൂപീകരിക്കും.

Read Also – ഹോട്ടൽ ലോബിയിൽ സൗദി ഗായകന്‍റെ ഹിന്ദി പാട്ട്, പുഞ്ചിരിയോടെ മുഴുവൻ കേട്ടു നിന്ന് ആസ്വദിച്ച് മോദി, നിറകയ്യടി

ഇന്ത്യയില്‍ രണ്ട് എണ്ണ ശുദ്ധീകരണ ശാലകൾ സൗദി അറേബ്യ നിർമിക്കുന്നതിന് സഹകരിക്കാന്‍ രണ്ട് രാജ്യങ്ങളും തീരുമാനമെടുത്തു. സൗദി ബഹിരാകാശ ഏജൻസിയും ഇന്ത്യൻ ബഹിരാകാശ വകുപ്പും തമ്മിൽ സമാധാന ആവശ്യങ്ങൾക്കായുള്ള ബഹിരാകാശ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും കരാർ ഒപ്പുവെച്ചു. ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു. സൗദി അറേബ്യൻ ആന്റി-ഡോപ്പിംഗ് കമ്മിറ്റി (എസ്എഎഡിസി)യും ഇന്ത്യയുടെ നാഷനൽ ആന്റി-ഡോപ്പിംഗ് ഏജൻസി (എൻഎഡിഎ)യും തമ്മിൽ ആന്റി-ഡോപ്പിംഗ് വിദ്യാഭ്യാസവും പ്രതിരോധവും സംബന്ധിച്ച് സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു. സൗദി പോസ്റ്റ് കോർപ്പറേഷൻ (എസ്‌പിഎൽ)ഉം ഇന്ത്യൻ തപാൽ വകുപ്പും തമ്മിൽ സഹകരണ കരാർ ഒപ്പിട്ടു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin