ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് സണ്‍റൈസേഴ്സ്; അതിനിടെ ഇഷാന്‍ കിഷന്‍റെ ആനമണ്ടത്തരം; റിവ്യൂ എടുക്കാതെ മടക്കം!

ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണിലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാടകീയ രംഗങ്ങള്‍. സണ്‍റൈസേഴ്സ് ബാറ്റര്‍ ഇഷാന്‍ കിഷന്‍ ബാറ്റില്‍ ഉരസാത്ത പന്തില്‍ റിവ്യൂ എടുക്കാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. അതേസമയം സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്‍നിര പവര്‍പ്ലേയില്‍ തകര്‍ന്നടിയുകയും ചെയ്തു. പവര്‍പ്ലേയില്‍ 24-4 എന്ന സ്കോറിലേ സണ്‍റൈസേഴ്സ് ഹൈജദരാബാദ് എത്തിയുള്ളൂ.

സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു നാടകീയ സംഭവം. പേസര്‍ ദീപക് ചഹാറിന്‍റെ ആദ്യ പന്തില്‍ ഇഷാന്‍ കിഷന്‍റെ ലെഗ് സൈഡിലൂടെ പോയ പന്ത് വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെള്‍ട്ടണിന്‍റെ കൈകളിലെത്തി. പന്ത് കിഷന്‍റെ ബാറ്റിലുരസി എന്ന് സംശയമുയര്‍ന്നു. എന്നിട്ടും ബൗളറും വിക്കറ്റ് കീപ്പറും കാര്യമായി അപ്പീല്‍ ചെയ്തില്ല. എങ്കിലും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ശക്തമായ അപ്പീലിന് മുന്നില്‍ ഫീല്‍ഡ് അംപയര്‍ വിരലുകള്‍ ഉയര്‍ത്തി. റിവ്യൂവിന് പോലും നില്‍ക്കാതെ ഇഷാന്‍ കിഷന്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇത് വിക്കറ്റ് അല്ലായെന്ന് അള്‍ട്രാ എഡ്‌ജില്‍ തെളിഞ്ഞു. നാല് പന്തുകള്‍ ക്രീസില്‍ നിന്ന ദീപക് ചാഹര്‍ ഒരു റണ്ണേ നേടിയുള്ളൂ. 

മത്സരത്തില്‍ പവര്‍പ്ലേയ്ക്കിടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നാല് വിക്കറ്റ് നഷ്ടമായി. 4.1 ഓവറിനിടെ 13 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ തന്നെ സണ്‍റൈസേഴ്സിന്‍റെ നാലുപേര്‍ മടങ്ങി. നാല് കളിക്കാരും രണ്ടക്കം കണ്ടില്ല എന്നതും പ്രത്യേകത. ട്രാവിസ് ഹെഡ് (4 പന്തില്‍ 0), അഭിഷേക് ശര്‍മ്മ (8 പന്തില്‍ 8), ഇഷാന്‍ കിഷന്‍ (4 പന്തില്‍ 1), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. പേസര്‍മാരായ ദീപക് ചഹാറും ട്രെന്‍ഡ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. 

Read more: കണ്ണീരണിഞ്ഞ് ഐപിഎല്ലും; പഹല്‍ഗാം ഭീകരാക്രമണം അപലപിച്ച് ക്യാപ്റ്റന്‍മാര്‍, താരങ്ങള്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin