കാറിലും വീട്ടിലും എന്നിങ്ങനെ എല്ലായിടത്തും ഇത് തന്നെ! ഒതുക്കുങ്ങൽ സ്വദേശിയെ കുരുക്കി എക്സൈസ്
മലപ്പുറം: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ പരപ്പനങ്ങാടിയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ സ്വദേശിയായ സൈഫുള്ള (42 വയസ്) എന്നയാളാണ് കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ ടി ഷനൂജും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ദിനേശ്, പ്രദീപ് കുമാർ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, നിധിൻ, ദിതിൻ, അരുൺ, ജിഷ്ണാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു, ഐശ്വര്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അതേസമയം, കണ്ണൂരിൽ മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശി മുഹമ്മദ് റാഷിദ് എം പി (30 വയസ്)യാണ് പിടിയിലായത്. ഇയാളിൽ നിന്നും 6.137 ഗ്രാം മെത്താംഫിറ്റമിനും 11 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ടൗണിൽ വാഹന പരിശോധന നടത്തി വരവേ എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്.
കണ്ണൂർ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഉണ്ണികൃഷ്ണൻ.വി.പി, സന്തോഷ്.എം.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുജിത്.ഇ, രജിത് കുമാർ.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.ടി, ഗണേഷ് ബാബു.പി.വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷമീന.എം.പി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത്.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.