കാര്യങ്ങള്‍ കൈവിടുമെന്ന ഭയം, ചൈനയുടെ കാര്യത്തിലും മലക്കം മറിഞ്ഞ് ട്രംപ്, തീരുവ കുറച്ചേക്കും
വ്യാപാരപങ്കാളിത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചതിന് പിന്നാലെ ചൈനയ്ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പക്ഷേ തീരുവ നിരക്ക് പൂജ്യമാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 145% തീരുവയാണ് ഏര്‍പ്പെടുത്തിയത്. മറുപടിയെന്ന നിലയ്ക്ക് ചൈനയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% ആയി തീരുവ വര്‍ദ്ധിപ്പിച്ചു. ഇരുപക്ഷവും വഴങ്ങാന്‍ തയ്യാറാവുകയും ചെയ്തില്ല. ഇത് ലോകത്ത് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും സാധ്യത വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ട്രംപ് തീരുവ വിഷയത്തില്‍ ചൈനയോടുള്ള നിലപാടില്‍ അയവ് വരുത്തുന്നതായി സൂചന നല്‍കിയത്.
ചര്‍ച്ച തേടി ട്രംപ്
ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ് ചര്‍ച്ചയ്ക്ക് തയാറാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു കരാറിലെത്താന്‍ ചൈനയോ ഷി ജിന്‍പിങ്ങോ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ചൈനീസ് പ്രസിഡണ്ട് നല്ല വ്യക്തിയായിരിക്കുമെന്നും, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു. ഒടുവില്‍, ചൈന ഒരു കരാറില്‍ ഏര്‍പ്പെടേണ്ടിവരുമെന്നും അല്ലാത്തപക്ഷം അവര്‍ക്ക് അമേരിക്കയുമായി ഇടപാട് നടത്താന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
ചൈനയുടെ കടുത്ത നിലപാട്
യുഎസ് താരിഫുകളില്‍ ചൈന കടുത്ത നിലപാടാണ് സ്വീകരിച്ചത്. തീരുവ യുദ്ധത്തില്‍ പിന്‍വാങ്ങാന്‍ വിസമ്മതിച്ച ചൈന യുഎസ് സാധനങ്ങളുടെ തീരുവ 125% ആയി ഉയര്‍ത്തി. കൂടാതെ, ചൈനീസ് നിക്ഷേപ കമ്പനികള്‍ യുഎസ് സ്വകാര്യ ഇക്വിറ്റി ഫണ്ടുകളില്‍ നിന്ന് അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങി. നിരവധി യുഎസ് കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയിലും വിശ്വസനീയമല്ലാത്ത എന്‍റിറ്റി പട്ടികയിലും ഉള്‍പ്പെടുത്തി.്. ഇതിനുപുറമെ, ഐഫോണുകള്‍ മുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ വരെ ഉപയോഗിക്കുന്ന അവശ്യ ധാതുക്കളുടെ കയറ്റുമതിയും ചൈന നിരോധിച്ചു.
രാജ്യത്ത് ചിത്രീകരിക്കുന്ന ഹോളിവുഡ് സിനിമകളുടെ എണ്ണം രാജ്യം പരിമിതപ്പെടുത്തുകയും ചൈനീസ് എയര്‍ലൈനുകള്‍ ഉപയോഗിക്കുന്ന കുറഞ്ഞത് രണ്ട് ബോയിംഗ് ജെറ്റുകളെങ്കിലും യുഎസിലേക്ക് തിരിച്ചയക്കുകയും ചെയ്തു. താരിഫ് ചര്‍ച്ച ചെയ്യാന്‍ ട്രംപിനെ വിളിക്കുന്നതിനുപകരം, ഷി ജിന്‍പിംഗ് മറ്റ് വ്യാപാര പങ്കാളികളുമായി നയതന്ത്രപരമായ ചര്‍ച്ചകളും ആരംഭിച്ചു. ഒരു താരിഫ് യുദ്ധം ഉപയോഗിച്ച് ചൈനയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങളെ തടയുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യം.