കളികള്‍, കൃഷിയിടങ്ങള്‍, തോട്ടിന്‍ വരമ്പുകള്‍, ഉത്സാഹം തുളുമ്പുന്ന ചൂടറിയാ വേനല്‍ക്കാലം!

കളികള്‍, കൃഷിയിടങ്ങള്‍, തോട്ടിന്‍ വരമ്പുകള്‍, ഉത്സാഹം തുളുമ്പുന്ന ചൂടറിയാ വേനല്‍ക്കാലം!

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

കളികള്‍, കൃഷിയിടങ്ങള്‍, തോട്ടിന്‍ വരമ്പുകള്‍, ഉത്സാഹം തുളുമ്പുന്ന ചൂടറിയാ വേനല്‍ക്കാലം!

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

സ്‌കൂള്‍ അടയ്ക്കുമ്പോള്‍ എല്ലാവരും കുടുംബവീട്ടില്‍ ഒത്തുചേരും. പരീക്ഷക്കാലം ആ ഒത്തുചേരലിനുള്ള കാത്തിരിപ്പിന്റെ കാലമാണ്. പിന്നെ രണ്ടു മാസം കളിയും ചിരിയും ബഹളവുമൊക്കെയായി എല്ലാവരും ഒരുമിച്ചുണ്ടാകും. കളികള്‍ കാണാനും കൃഷിയിടങ്ങളില്‍ കൊണ്ടുപോകാനും തോട്ടിന്‍ വരമ്പില്‍ തുണിയലക്കാനും കൂടെ അച്ഛാച്ഛനും ഉണ്ടാകും. 

വയലില്‍ പോകാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. ഏറെ നേരം വെള്ളത്തില്‍ കളിക്കാം. ഉടുത്തിരിക്കുന്ന തോര്‍ത്ത് ഉരിഞ്ഞ് മീന്‍പിടിക്കാം. മാനത്തുകണ്ണിയെ കവറിലാക്കാം. തോടിലൂടെ ഒഴുകി വരുന്ന വെള്ളത്തില്‍ ആകാശവും പറവകളും ഒക്കെ തെളിഞ്ഞു കാണാം. നിറയെ തുമ്പികളും പാപ്പാത്തികളും വട്ടമിട്ടു പറക്കുന്നത് കാണാന്‍ എന്ത് രസമാെണന്നോ. 

തോട്ടിന്‍ വരമ്പില്‍ അനേകം പൂക്കളുണ്ടാകും. രാജമല്ലി, തെറ്റി, തുമ്പ, ജമന്തി, വയലറ്റും വെള്ളയും നിറത്തിലുള്ള ചില പൂക്കള്‍, ലേഡീസ്പൂവ്, തൊട്ടാവാടി, കൃഷ്ണകിരീടം ഇങ്ങനെ പല നിറങ്ങള്‍, പല മണങ്ങള്‍. ഒട്ടുമിക്ക പൂക്കളുടേയും പേരുകള്‍ മറന്നിരിക്കുന്നു. തൊടികളില്‍ നിറയെ പീത വര്‍ണ്ണത്തിലുള്ള അമ്മിണിപ്പൂവ് ഉണ്ടാകും. അത് അച്ഛാച്ഛന്‍ പൊട്ടിച്ചെടുത്ത് എല്ലാവരുടേയും കാതില്‍ കമ്മലായി ഇട്ട് തരും. തോട്ടിലെ കുളിയും കഴിഞ്ഞ് വയല്‍ വരമ്പിലൂടെ വീട്ടിലേക്ക് നടക്കും. ചെരുപ്പില്ലാതെയാണ് എല്ലാവരുടെയും നടത്തം. നീണ്ട നടപ്പാതയുടെ ഇരുവശവും കൈതച്ചെടികള്‍ ഉണ്ടാകും. കാല് മുറിയുമ്പോള്‍ അച്ഛാച്ഛന്‍ കമ്യൂണിസ്റ്റ് ചെടിയുടെ ഇല കൈ കൊണ്ട് തിരുമ്മി നീര് കാലില്‍ ഒഴിക്കും. ഇപ്പോഴും ആ നീറ്റല്‍ മനസ്സിലുണ്ട്.

കുളി കഴിഞ്ഞാല്‍ ഞങ്ങള്‍ എല്ലാവരെയും പ്രഭാത ഭക്ഷണം കഴിക്കാന്‍ അമ്മാമ ഉമ്മറത്തെ തിണ്ണയില്‍ നിരനിരയായി ഇരുത്തും. അച്ഛാച്ഛന്‍ പ്ലാവില കുമ്പിള്‍ എല്ലാവരുടെയും കൈയ്യില്‍ തരും. റേഷന്‍ അരി കഞ്ഞിയും ചക്കക്കുരു മെഴുക്കു പുരട്ടിയതും അമ്മാമ വിളമ്പി തരും. ചക്കക്കുരുവും മാങ്ങയുമിട്ട മെഴുക്കു പുരട്ടിയുടെ രുചി ഇപ്പോഴും വായില്‍ ഉണ്ട്. ഞങ്ങള്‍ സഹോദരങ്ങളും അയല്‍ വക്കത്തെ കുട്ടികളും ഒക്കെ കളിക്കാന്‍ ഉണ്ടാകും.

ചെമ്പരത്തി ചക്ക, കൂഴച്ചക്ക, വരിക്ക ചക്ക ഇതൊക്കെ അച്ഛാച്ഛന്‍ എരുത്തിലിനോട് ചേര്‍ന്ന മുറിയില്‍ ഞങ്ങള്‍ക്ക് വേണ്ടി സൂക്ഷിച്ചിട്ടുണ്ടാവും. അച്ഛാച്ഛന്‍ ചക്ക വെട്ടുമ്പോള്‍ എല്ലാ കൊച്ചുമക്കളും ചുറ്റിനുമുണ്ടാകും. എല്ലാവര്‍ക്കും ഓരോ തുണ്ടം, അതാണ് അച്ഛാച്ഛന്റ കണക്ക്. തേനൂറുന്ന കൂഴച്ചക്കയുടെയും ചെമ്പരത്തി ചക്കയുടെയും മത്ത് പിടിപ്പിക്കുന്ന മണം നിറയും. അണ്ണാന്‍ ചപ്പിയ പേരയ്ക്കയുടെയുംം അത്തിക്കായുടെയും ബാക്കിഭാഗം കഴിച്ച കാലമാണത്. 

പേരയ്ക്കയും ചാമ്പയും അത്തിമരവും ശീമനെല്ലിയും നിറഞ്ഞ നടുമുറ്റത്ത് പലതരത്തിലുള്ള കളികളും കോലാഹലങ്ങളും അരങ്ങുതകര്‍ക്കും. ഉച്ചയാകുമ്പോള്‍ എല്ലാവരും കശുമാവിന്‍ ചോട്ടിലെത്തും. കരിയിലകള്‍ അനക്കി അല്‍പം ഭയപ്പെടുത്തുന്ന തണുത്ത കാറ്റിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. എല്ലാവരും കശുമാവിന്റെ ചാഞ്ഞ കൊമ്പില്‍ കയറി അമ്മാനമാടും. കാറ്റടിക്കുമ്പോള്‍ വീഴുന്ന പറങ്കിമാങ്ങകള്‍ പെറുക്കി ചപ്പാന്‍ ഞങ്ങള്‍ക്കിടയില്‍ മത്സരമാണ്. 

അയനി മരത്തിന്റെ ചോട്ടില്‍  എത്തിയാല്‍ പിന്നെ കൂക്കലായി ബഹളമായി. അയനി ചക്കയുടെ കുരുക്കള്‍ പെറുക്കി എടുക്കാന്‍ മത്സരമാണ്. അത് വറുത്ത് പൊടിച്ച് ശര്‍ക്കരയും മാവുമായി ഇളക്കി ഉണ്ടയുണ്ടാക്കി അമ്മാമ്മ ഞങ്ങള്‍ക്ക് തരും. നടുമുറ്റത്തെ മള്‍ബറി മരം മറ്റൊരു ഓര്‍മ്മയാണ്. മള്‍ബറി മരത്തില്‍ പഴുത്തു തുടുത്ത മള്‍ബറി കായകള്‍ ഉണ്ടാകും. അതില്‍ ഒരു വലിയ ഊഞ്ഞാലുമുണ്ട്. വൈകുന്നേരമായാല്‍ എല്ലാവരും മള്‍ബറി മരത്തിന്റെ ചുവട്ടിലാണ്. ഊഞ്ഞാലാട്ടം തകര്‍ക്കും. മള്‍ബറി കായകള്‍ കൊഴിഞ്ഞ് താഴെ വീഴും. താഴെ വീഴുന്ന കായുകള്‍ പെറുക്കിയെടുക്കാനും മത്സരമാണ്.

മുറ്റത്തിന്റെ ഒരു വശം നിറയെ കൂവ ചെടികളാണ്. പാകമായ കൂവ അച്ഛാച്ഛന്‍ കിളച്ചെടുത്ത് കൊണ്ടുവരും.  മുതിര്‍ന്നവര്‍ അത് പുഴുങ്ങി വൈകുന്നേരമാകുമ്പോള്‍ വാഴയിലയില്‍ പകുത്ത് വയ്ക്കും. കൂവ, ചേമ്പ്, കാച്ചില്‍, ചേന ഇവയൊക്കെ ചേര്‍ന്നതാണ് പുഴുക്ക് കൂട്ടം. കൂടെ പുളിയിട്ട ഉള്ളി ചമ്മന്തിയുമുണ്ടാകും. പുളിയിട്ട് ഞെവിടിയ അമ്മാമയുടെ ഉള്ളി ചമ്മന്തിയുടെ രുചി ഇപ്പോഴും നാവിലുണ്ട്.

ചില വൈകുന്നേരങ്ങളില്‍ തെരളിയപ്പം, ഇലയപ്പം, മധുര കൊഴുക്കട്ട, പയര്‍ പായസം ഇങ്ങനെ പോകും. അടുത്ത ക്ഷേത്രത്തിലെ ഉത്സവവും അവധിക്കാലത്താണ്. ഉത്സവം കാണാന്‍ അച്ചാച്ഛനുമായി പോവും.  കൈ നിറയെ പൊരിയും കളിപ്പാട്ടങ്ങളുമായി വഴി നീളെ കരിമ്പും കടിച്ച് തിന്ന് നീണ്ട നടത്തം. ഉന്മേഷത്തിന്റേയും ഉത്സാഹത്തിന്റേതുമായ ചൂടറിയാ വേനല്‍ക്കാലം!
 

By admin