ഒരു ഐഫോണും ഹാർഡ് ഡിസ്കും കണ്ടെത്തിയത് തോട്ടിൽ നിന്ന്, ഡേറ്റ റിക്കവർ ചെയ്യും, നിർണായകമായത് വിരലടയാളം

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി അമിതിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച അറതൂട്ടി പാലത്തിന് സമീപത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിനൊടുവിൽ പാലത്തിന് അടിയിലെ തോട്ടിൽ നിന്നും ഒരു മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു.

വിജയകുമാറിന്റെ ഐ ഫോൺ ആണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഈ ഫോണിൽ സിസിടിവി ഔട്ട്പുട്ട് ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള തോട്ടിൽ നിന്നും ഡിവിആർ കണ്ടെടുത്തതിന് ശേഷമാണ് മൊബൈൽ ഫോണും കണ്ടെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഫോൺ എടുത്തുകൊണ്ടാണ് പോയത്.വിജയകുമാറിന്റെ വീട്ടിലെ രണ്ട് മൊബൈൽഫോൺ കൂടി കണ്ടെത്താൻ ഉണ്ട്. 

കണ്ടെടുത്ത ഡിവിആറിലെ ഡേറ്റ റിക്കവർ ചെയ്യാനുള്ള നടപടികൾ ഫോറൻസിക് സംഘം ആരംഭിച്ചു. പ്രതി എങ്ങനെയാണ് വീട്ടിനുള്ളിൽ കടന്നതെന്നത് കാര്യത്തിൽ വ്യക്തത വരേണ്ടതാവശ്യമാണ്. രണ്ട് മുറികളിലായിട്ടാണ് വിജയകുമാറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. പ്രതി എങ്ങനെയാണ് കൃത്യം നടത്തിയതെന്ന കാര്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭ്യമാകും. ഈ  ദൃശ്യങ്ങൾ കണ്ടെടുക്കുക എന്നതാണ് അടുത്ത ഘട്ടം.

കൊല്ലാനുപയോ​ഗിച്ച ആയുധം വീടിന് സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. വിരലടയാളം തന്നെയാണ് കേസിൽ നിർണായക തെളിവായത്. കൂടാതെ അമിതിന്റെ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂരിലെ മാളയിൽ നിന്നും ഇയാൾ പിടിയിലാകുന്നത്. ഇന്ന് ഉച്ചയോടെ കോട്ടയത്തെത്തിച്ചാണ് പ്രതിയുടെ അറസ്റ്റ്  രേഖപ്പെടുത്തിയത്. വ്യക്തി വൈരാ​ഗ്യമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

By admin