‘എന്നെ സഹായിക്കൂ…’, ഉറക്കെക്കരഞ്ഞ് 11 -കാരി, 43 -കാരൻ ഉപദ്രവിച്ചത് വീട്ടിലേക്ക് മുട്ടയെറിഞ്ഞെന്ന് സംശയിച്ച് 

വീട്ടിലേക്ക് മുട്ടയെറിഞ്ഞുവെന്ന് സംശയിച്ച് 11 -കാരിയെ ക്രൂരമായി ഉപദ്രവിച്ച് 43 -കാരൻ. സംഭവം നടന്നത് ഫ്ലോറിഡയിലാണ്. കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്ന വീഡിയോ പിന്നീട് പുറത്തുവന്നു. ഇയാൾ പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.

തന്റെ വീട്ടിലേക്ക് മുട്ടയെറിഞ്ഞത് ഈ 11 -കാരിയാണ് എന്ന് സംശയിച്ചാണ് മാരിയസ് മുട്ടു എന്നയാൾ കുട്ടിയെ ഉപദ്രവിച്ചത്. പൊലീസ് പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഇയാൾ കുട്ടിയെ നിലത്തേക്ക് അമർത്തിപ്പിടിച്ചിരിക്കുന്നത് കാണാം. എന്നെ സഹായിക്കൂ, എന്നെ സഹായിക്കൂ എന്ന് കുട്ടി ഉറക്കെ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. 

ഫ്ലോറിഡയിലെ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസാണ് സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ഒരു നീണ്ട കാപ്ഷനും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏപ്രിൽ 19 -നാണ് ഒരാൾ കുട്ടിയെ അക്രമിക്കുന്നുവെന്ന വിവരം പൊലീസിന് കിട്ടിയത്. ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ഒരാഴ്ചയായി തന്റെ വീട്ടിലേക്ക് ആരോ മുട്ട എറിയുന്നുണ്ട്. പെൺകുട്ടി അതുവഴി നടന്നുപോയ സമയത്തും മുട്ട എറിഞ്ഞു. ആ പെൺകുട്ടിയുടെ ഫോട്ടോയെടുത്ത് കെട്ടിടത്തിന്റെ മാനേജരെ കാണിക്കുന്നതിനായി താനവളെ പിന്തുടർന്നു എന്നാണ് മാരിയസ് പറഞ്ഞത്. 

പൊലീസ് പറയുന്നത് പ്രകാരം ഇയാൾ കുട്ടിയെ പിടിച്ച് നിലത്തേക്ക് അമർത്തി പിടിക്കുകയായിരുന്നു. പിന്നീട്, ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും അം​ഗീകരിക്കാനാവില്ല എന്ന് മാത്രമല്ല, തികച്ചും അപലപനീയവുമാണ്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല എന്നും ഷെരീഫ് ചാഡ് ക്രോണിസ്റ്റർ പറഞ്ഞു. 

തീർത്തും ഭയാനകവും ട്രൊമാറ്റിക്കുമായ അനുഭവമാണ് കുട്ടിക്ക് ഉണ്ടായത്. കുട്ടികളെ എല്ലാത്തരം അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കാൻ തങ്ങൾ പ്രതിഞ്ജാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin