എന്ത് ചെയ്തിട്ടും മെനയാകുന്നില്ല; നാണക്കേടിന്‍റെ റെക്കോർഡുമായി ബാബർ അസം
പാകിസ്ഥാൻ സൂപ്പര്‍ ലീഗിൽ പെഷവാർ സാൽമി ക്യാപ്റ്റനും മുൻ പാകിസ്ഥാൻ ക്യാപ്റ്റനുമായ ബാബർ അസമിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ പൂജ്യത്തിന് പുറത്തായതാണ് ബാബറിന് തിരിച്ചടിയായത്. ഇതോടെ പിഎസ്എല്ലിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ നായകൻ എന്ന റെക്കോര്‍ഡാണ് ബാബറിനെ തേടിയെത്തിയത്.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ ബാബർ അസമിനെക്കാൾ കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ മറ്റൊരു നായകനില്ല. നായകനെന്ന നിലയിൽ 9-ാം തവണയാണ് ബാബര്‍ പൂജ്യത്തിന് പുറത്താകുന്നത്. പിഎസ്‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരങ്ങൾ ഇമാദ് വസീമും വഹാബ് റിയാസുമാണ്. പക്ഷേ, ഇവര്‍ ഒരു ടീമിന്‍റെയും നായകൻമാരല്ല. ഇമാദ് വസീം 12 തവണ പൂജ്യത്തിന് പുറത്തായപ്പോൾ വഹാബ് റിയാസ് 10 തവണയാണ് സംപൂജ്യനായി മടങ്ങിയത്.
അതേസമയം, ബാബർ അസമാണ് പിഎസ്എൽ 2025 സീസണിൽ പെഷവാർ സാൽമിയെ നയിക്കുന്നത്. ഇതുവരെ കളിച്ച 3 മത്സരങ്ങളിൽ ഒന്നിൽ മാത്രമേ പെഷവാറിന് ജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ, നിലവിൽ 6 ടീമുകളിൽ അഞ്ചാം സ്ഥാനത്താണ് പെഷവാര്‍. ഈ സീസണിൽ ബാബർ അസമിന് 3 മത്സരങ്ങളിൽ നിന്ന് വെറും 3 റൺസ് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ. 0, 1, 2 എന്നിങ്ങനെയാണ് ബാബറിന്‍റെ സ്കോറുകൾ. പിഎസ്എല്ലിൽ ബാബറിന് ഏകദേശം 1.88 കോടി രൂപ പ്രതിഫലം ലഭിക്കുന്നതായാണ് റിപ്പോർട്ട്. ഇതുവരെ 93 പിഎസ്എൽ മത്സരങ്ങളിൽ നിന്ന് 2 സെഞ്ച്വറികളും 33 അർദ്ധ സെഞ്ച്വറികളുമടക്കം 3500-ലധികം റൺസ് ബാബർ അസം നേടിയിട്ടുണ്ട്.
READ MORE: ഹൈദരാബാദിൽ ഇന്ന് പൊടിപാറും; സൺറൈസേഴ്സിനെ നേരിടാൻ മുംബൈ ഇന്ത്യൻസ്