ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ? സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ
പാലക്കാട്: രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ എന്ന് രാഹുൽ ഫേസ്ബുക്കില്‍ കുറിച്ചു. ലോകം മുഴുവൻ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ദുഃഖം അറിയിക്കുമ്പോൾ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനം നടത്തിയ സിപിഎമ്മിനു നല്ല നമസ്കാരം എന്നും രാഹുൽ പറഞ്ഞു.
രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യ എന്ന നമ്മുടെ ഈ രാജ്യം ഒരു ഭീകരാക്രമണത്തിൽ വിറച്ചു വിറങ്ങലിച്ച് വേദനിച്ചു നില്ക്കുമ്പോൾ ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ കമ്മ്യൂണിസ്റ്റുകാരാ?
നിങ്ങൾക്ക് നാണവും മാനവും ഉണ്ടാകില്ല എന്നറിയാം, ചോറിങ്ങും കൂറങ്ങും എന്ന് പണ്ടേ നിങ്ങൾ ചൈനയുടെ കാര്യത്തിൽ തെളിയിച്ചിട്ടുള്ളത് ആണല്ലോ… ഇപ്പോഴിതാ വീണ്ടും.
നിരായുധരായ മനുഷ്യരെ സ്വന്തം ഭാര്യയും കുഞ്ഞുങ്ങളും നോക്കിനിൽക്കെ വെടിവെച്ചിട്ടത് കണ്ടുനില്‍ക്കേണ്ടി വന്ന മനുഷ്യന്റെ ചിത്രം ഒരു തവണയെങ്കിലും നോക്കിയ ഒരു മനുഷ്യനും ഈ ദിവസം ചിരിക്കാനോ, ആഘോഷിക്കാനോ കഴിയില്ല. ആ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളി കൂടിയുണ്ട് എന്ന് നിങ്ങൾ മറന്നു പോയോ?
ലോകം മുഴുവൻ പെഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ദുഃഖം അറിയിക്കുമ്പോൾ തിരുവനന്തപുരത്ത് ഒരു പാർട്ടി ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയ സിപിഎമ്മിനു നല്ല നമസ്കാരം…
നിങ്ങൾക്ക് രാജ്യസ്നേഹമോ മനുഷ്യത്വമോ ഇല്ലായെന്ന് അറിയാം, ഒരല്പം ഔചിത്യം പോലും ഇല്ലാതെ പോയല്ലോ!!
നിങ്ങൾക്ക് ഈ രാജ്യത്തോടും രാജ്യത്തെ മനുഷ്യരോടും എന്തെങ്കിലും കമ്മിറ്റ്മെന്റ് ഉണ്ടോ കമ്മ്യൂണിസ്റ്റുകാര?