ഷൈനിനെതിരായ കേസ് തിരിച്ചടിക്കുമെന്ന ആശങ്കയിൽ പൊലീസ്; തിടുക്കത്തിൽ നടപടി വേണ്ടിയിരുന്നില്ലെന്ന് അഭിപ്രായം
കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ പൊലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകൾ സമാഹരിക്കാൻ ഇനിയും പൊലീസിനായിട്ടില്ല. ഫോറൻസിക് പരിശോധന ഫലം നെഗറ്റീവ് ആയാൽ പൊലീസിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയാണ്. മതിയായ തെളിവുകൾ ഇല്ലാതെ തിടുക്കത്തിൽ എടുത്ത കേസ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയിൽ അന്വേഷണസംഘം. ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകി. ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. പൊലീസിൽ പരാതി നൽകാൻ ഇല്ല എന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു. ഇതോടെ, ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആലോചന. തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് ഫിലിം ചേംബറും അമ്മയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്ത്യനൽ കമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുന്നു റിപ്പോർട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.