വ്യാജ സന്ദേശത്തിനു പിന്നിൽ പ്രവാസി സംഘം, 12 പേർ, സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ മാഫിയ ഖത്തറിൽ അറസ്റ്റിൽ
ദോഹ: സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ മാഫിയയെ പിടികൂടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. വ്യാജ എസ്എംഎസുകളും ലിങ്കുകളും വഴി തട്ടിപ്പ് നടത്തിയ 12 അംഗ സംഘമാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ഏഷ്യന്‍ വംശജരാണ്. ഇവരില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച ഉപകരണങ്ങളും ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു.
ഖത്തറിൽ ട്രാഫിക് പിഴയുടെ പേരിലും ബാങ്കുകളുടെ പേരിലും കഴിഞ്ഞ ദിവസങ്ങളില്‍ പലർക്കും വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എസ്എംഎസുകള്‍ക്ക് ഒപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സമാനമായ പോര്‍ട്ടലുകളില്‍ പ്രവേശിക്കും. ഇതുപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള ബാങ്കിങ് വിവരങ്ങളും ചോര്‍ത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഓര്‍മിപ്പിച്ചു. ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ ശക്തമായമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.