വീട്ടിൽ നിന്ന് ഇറക്കിവിട്ടു, മക്കളുമൊത്ത് ടെന്റിൽ താമസം, വ്യാജ വീഡിയോ പ്രചരിപ്പിച്ചയാൾക്ക് ഒമാനിൽ തടവും പിഴയും
മസ്കറ്റ്: രാജ്യത്തിന്റെ നിയമവ്യവസ്ഥയെ പരസ്യമായി അപമാനിച്ചതിനും പൊതുജനങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റുന്നതിനായി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും പൗരന് ശിക്ഷ വിധിച്ച് കോടതി. രണ്ട് വർഷം തടവും 1000 റിയാൽ പിഴയുമാണ് ശിക്ഷ. സുവൈഖ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാതി ബിൻ അലി ബിൻ ഖാമിസ് എന്നയാളാണ് വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചത്.
രാജ്യത്തെ നിയമ വ്യവസ്ഥയെ പരസ്യമായി അപമാനിക്കുന്നതും പൊതു ക്രമസമാധാനം തകർക്കുന്നതുമായ രീതിയിലുള്ള വീഡിയോയാണ് ഇയാൾ നിർമിച്ച് പ്രചരിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വീട്ടിൽ നിന്ന് തന്നെയും കുട്ടികളെയും പുറത്താക്കിയെന്നും നിലവിൽ ഒരു ടെന്റിലാണ് കുട്ടികളുമൊത്ത് താമസിക്കുന്നതെന്നും കാണിച്ചുള്ള വീഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചത്. കുട്ടികൾ ടെന്റിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. എന്നാൽ, തന്നെ പുറത്താക്കി എന്ന് അവകാശപ്പെടുന്ന അതേ വീട്ടിലാണ് ഇയാൾ പിന്നീടും താമസിച്ചുകൊണ്ടിരുന്നതെന്നും വീഡിയോ വ്യാജമാണെന്നും പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ആൾക്കാരുടെ അനുകമ്പ പിടിച്ചു പറ്റാനാണ് ഇത്തരമൊരു വീഡിയോ നിർമിച്ചതെന്ന് പ്രതി സമ്മതിച്ചു.
read more: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് യുഎഇ ഭരണാധികാരികൾ
വ്യാജ വീഡിയോ നിർമിച്ചതിന് ഒരു വർഷത്തെ തടവും 1000 റിയാലുമാണ് ശിക്ഷ വിധിച്ചിരുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥയെ പരസ്യമായി അപമാനിച്ചതിന് രണ്ടു വർഷത്തെ തടവിനും കോടതി വിധിച്ചിരുന്നു. എന്നാൽ ഏറ്റവും കൂടുതലുള്ള തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന കോടതി നിർദേശത്തെ തുടർന്ന് മൂന്ന് വർഷമെന്ന ശിക്ഷാ കാലാവധി രണ്ട് വർഷമായി കുറയ്ക്കുകയായിരുന്നു.