വാഹനങ്ങൾ തട്ടിയതിനെ ചൊല്ലി സംഘർഷം, പ്രശ്നം പരിഹരിക്കാനെത്തിയ ആൾക്കും മർദ്ദനമേറ്റു, 20 പേർക്കെതിരെ കേസ്
കോഴിക്കോട് : വളയം കല്ലാച്ചി റോഡിൽ വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരെ കേസെടുത്തു. സംഘർഷം പരിഹരിക്കാനെത്തിയ ആളെ മർദിച്ചെന്ന പരാതിയിലാണ് 20 പേർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പേരറിയാവുന്ന 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരിയുടെ ഭർത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസപദമായ സംഭവമുണ്ടായത്. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന പ്രദേശത്തെ മറ്റൊരു വിവാഹ പാര്‍ട്ടിക്കാര്‍ സഞ്ചരിച്ച ജീപ്പിലുള്ളവരും തമ്മിലാണ് പ്രശ്നങ്ങളുണ്ടായത്. വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ നേരത്തെ വളയം പൊലീസ് കേസെടുത്തിരുന്നു.
കുടുംബത്തെ റോഡിൽ തടഞ്ഞുനിർത്തി അക്രമിച്ച സംഭവത്തിൽ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വളയം പൊലീസ് കേസെടുത്തത്. കാറിൽ ജീപ്പ് തട്ടിയത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായി ജീപ്പിൽ നിന്നും പുറത്തിറങ്ങിയവർ ആക്രമിച്ചുവെന്നാണ് കുടുംബത്തിന്‍റെ പരാതി. കാറിന്‍റെ ഗ്ലാസ് അടക്കം തകര്‍ന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചു പേർ കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു.