റിനോ പാലക്കാട് ഭാര്യ വീട്ടിലെത്തിയത് രേഷ്മയെ കൊല്ലാൻ, ബൈക്ക് കണ്ട് ഓടി മാറിയതിനാൽ രക്ഷ; വലവിരിച്ച് പൊലീസ്
ഒറ്റപ്പാലം: പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ യുവാവ് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ രേഷ്മയെ ആക്രമിക്കാൻ കിട്ടാത്ത വൈരാഗ്യമാണ് പ്രതി മാതാപിതാക്കൾക്ക് മേൽ തീർത്തതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് മേപ്പറമ്പ് സ്വദേശിയായ റിനോയ് ഭാര്യ വീട്ടിലെത്തി മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഭാര്യപിതാവ് ടെറി, മാതാവ് മോളി എന്നിവരെയാണ് റിനോയ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
വൃദ്ധ ദമ്പതികളെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു യുവാവിൻറെ കൊലപാതക ശ്രമം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവ ശേഷം 14 വയസ്സുള്ള കുട്ടിയെയും കൊണ്ട് ഒളിവിൽ പോയ പ്രതി മേപ്പറമ്പ് സ്വദേശി റിനോയിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ആക്രമണം നടന്ന വീടിന് സമീപത്തെ സിസിടിവികളും ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ റിനോയും മകനും തരുവത്ത്പടിയിലെ ഭാര്യവീട്ടിലെത്തിയത്. സൌഹൃദ സംഭാഷണത്തിനു ശേഷം വീട്ടിൽ മറ്റാരുമില്ലെന്നും ഭാര്യ രേഷ്മ ഉച്ചയോടെ തിരിച്ചെത്തുമെന്നും മനസിലാക്കി. രണ്ടര മണിക്കൂറിനു ശേഷം ആയുധവുമായി പ്രായപൂർത്തിയാകാത്ത മകനെയും കൂട്ടി വന്നായിരുന്നു പ്രതിയുടെ കൊലയ്ക്കുള്ള നീക്കം. ആദ്യം വീടിൻറെ വാതിലിൽ മുട്ടി. അകത്തേക്ക് പ്രവേശിച്ച ശേഷം ഭാര്യപിതാവ് ടെറിയുടെ മുഖത്തേക്ക് മുളക് പൊടി വിതറി, എതി൪ത്തതോടെ വയറിലേക്ക് ആഴത്തിൽ കത്തി കയറ്റി.
തടയാനെത്തിയ ഭാര്യാമാതാവ് മോളിയുടെ കഴുത്തിലേക്ക് വെട്ടി. നിലത്തുവീണതോടെ തുട൪ച്ചയായി മുതുകിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ചു. കൃത്യത്തിന് പിന്നാലെ 14 വയസ്സുള്ള കുട്ടിയെയും കൊണ്ട് പ്രതി രക്ഷപ്പെട്ടു. ഇതിനിടയിൽ റിനോയുടെ ബൈക്ക് കണ്ടതോടെ പന്തികേട് തോന്നിയ ഭാര്യ രേഷ്മ വീട്ടിലേക്ക് പ്രവേശിക്കാതെ ഓടി മാറിയിരുന്നു. രേഷ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി, പിന്നീട് ഇവർ പൊലീസിൽ വിവരമറിയിച്ചു. പൊലിസുകാ൪ക്കൊപ്പമെത്തിയ രേഷ്മയും നാട്ടുകാരും ചേ൪ന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വീഡിയോ സ്റ്റോറി കാണാം