മുൻ കാമുകൻ വിവാഹിതനായി ജീവിക്കുന്നത് സഹിച്ചില്ല, ഈസ്റ്റർ മുട്ടകളിൽ വിഷം വച്ച് 35കാരി, 7 വയസുകാരന് ദാരുണാന്ത്യം

സാവോ പോളോ: മുൻ കാമുകൻ കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കുന്നു. അസൂയ അസഹ്യം. വിഷം പുരട്ടി ഈസ്റ്റർ മുട്ടകൾ സമ്മാനമായി നൽകി 35കാരി. മുൻ കാമുകന്റെ 7 വയസുള്ള മകൻ മരിച്ചു, 13കാരിയായ മകൾ ഗുരുതരാവസ്ഥയിൽ. സംഭവത്തിന് പിന്നാലെ നാട് വിടാൻ നോക്കിയ യുവതി അറസ്റ്റിൽ. ബ്രസീലിലെ മാരൻഹാവോയിലാണ് സംഭവം. മുട്ടകൾ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴുവയസുകാരന്റെ അമ്മ ചികിത്സാ സഹായം തേടിയെങ്കിലും മകന്റെ ജീവൻ രക്ഷിക്കാനായില്ല. 

ലൂയി ഫെർനാൻഡോയെന്ന 7 വയസുകാരനാണ് സമ്മാനമായി കിട്ടിയ ഈസ്റ്റർ മുട്ട രുചിച്ചതിന് പിന്നാലെ മരിച്ചത്. ലൂയിയുടെ സഹോദരിയും അമ്മയും വിഷബാധയേറ്റ് ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ജോർഡേലിയ പെരേര എന്ന 35കാരിയാണ് അറസ്റ്റിലായിട്ടുള്ളത്. 35കാരിയുടെ മുൻ കാമുകനെയാണ് ഏഴ് വയസുകാരന്റെ മാതാവ് മിരിയൻ ലിറ വിവാഹം ചെയ്തത്. ഇതിലുള്ള അസൂയ മൂലമാണ് കൊലപാതകമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

കൊറിയറിലെത്തിയ ചോക്ലേറ്റ് കൊണ്ടുള്ള ഈസ്റ്റർ മുട്ടകൾക്കൊപ്പം ഈസ്റ്റർ ആശംസകളോട് കൂടി കുറിപ്പും യുവതി അയച്ചിരുന്നു. കൊറിയർ അയച്ച ആളെ പരിചയമില്ലാത്തതിനാൽ സംശയിച്ച് നിൽക്കുമ്പോൾ മുൻ കാമുകന്റെ വീട്ടിലേക്ക് വിളിച്ച് ഈസ്റ്റർ മുട്ടകൾ എത്തിയില്ലേയെന്ന് യുവതി തിരക്കിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ ആരാണ് എന്ന് ചോദിക്കുമ്പോഴേയ്ക്കും മറു തലയ്ക്കൽ ഫോൺ വച്ചിരുന്നുവെന്നാണ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ബന്ധു വിശദമാക്കുന്നത്. 

സംഭവത്തിന് പിന്നാലെ സ്വന്തം നാട്ടിലേക്ക് ബസിൽ കയറി രക്ഷപ്പെടുന്നതിന് ഇടയിലാണ് 35കാരി അറസ്റ്റിലായിട്ടുള്ളത്. സൂപ്പർ മാർക്കറ്റിൽ നിന്ന് വേഷം മാറിയെത്തി വാങ്ങിയ ഈസ്റ്റർ മുട്ടകളിലാണ് 35കാരി വിഷം പുരട്ടിയത്. സമീപ മേഖലയിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവയിൽ നിന്നാണ് 35കാരിയേക്കുറിച്ച് വിവരം പൊലീസിന് ലഭിച്ചത്. വിഗ് ധരിച്ചായിരുന്നു ഇവർ ഈസ്റ്റർ മുട്ടകൾ വാങ്ങാനെത്തിയത്. ഈ വിഗും പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റർ മുട്ടയിൽ ഉപയോഗിച്ച വിഷം ഏതാണെന്ന് കണ്ടെത്താനുള്ള പരിശോധനകളും നടക്കുന്നുണ്ട്. 

‘സ്നേഹത്തോടെ, മിറിയൻ ലിറയ്ക്ക്. സന്തോഷകരമായ ഈസ്റ്റർ ആശംസകൾ’ എന്നായിരുന്നു ഈസ്റ്റർ മുട്ടകൾക്കൊപ്പം ലഭിച്ച ആശംസ കുറിപ്പിലുണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലുള്ള മിറിയൻ ലിറ (32), മകൾ എവ്‌ലിൻ ഫെർണാണ്ട (13) എന്നിവർ ഇപ്പോഴും ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ജോർഡേലിയ പെരേര വിഗ്ഗും കൂളിങ് ഗ്ലാസും ധരിച്ച് ചോക്ലേറ്റ് മുട്ടകൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. പ്രതി ഇംപെറാട്രിസിലെ  ഹോട്ടലിൽ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin