മാരുതിയുടെ ഈ ജനപ്രിയ എസ്‌യുവി നിർമ്മാണം അവസാനിപ്പിക്കുന്നോ? ലിസ്റ്റിൽ നിന്നും അപ്രത്യക്ഷമായി, ആശങ്കയിൽ ഫാൻസ്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. കമ്പനി അടുത്തിടെ അവരുടെ ജനപ്രിയ എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ 2025 അപ്‌ഡേറ്റ് പുറത്തിറക്കി . പുതിയ ഗ്രാൻഡ് വിറ്റാര ഇപ്പോൾ കൂടുതൽ സുരക്ഷിതവും, സ്റ്റൈലിഷും, സവിശേഷതകളാൽ സമ്പന്നവുമാണ്. പക്ഷേ, ഈ അപ്‌ഡേറ്റോടെ, അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം സംഭവിച്ചിരിക്കുന്നു. ഗ്രാൻഡ് വിറ്റാര സിഎൻജി പതിപ്പ് ഇപ്പോൾ വെബ്‌സൈറ്റിൽ നിന്നും ബ്രോഷറിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ഇതോടെ മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജി നിർത്തലാക്കിയോ എന്ന കാര്യത്തിൽ ആളുകൾ ആശയക്കുഴപ്പത്തിലായി എന്നാണ് റിപ്പോർട്ടുകൾ.
മാരുതി ഗ്രാൻഡ് വിറ്റാരയുടെ സിഎൻജി പതിപ്പ് നേരത്തെ ഡെൽറ്റ, സീറ്റ വേരിയന്റുകളിൽ ലഭ്യമായിരുന്നു, യഥാക്രമം 13.25 ലക്ഷം രൂപയും 15.21 ലക്ഷം രൂപയും വിലയിലായിരുന്നു ഈ മോഡൽ എത്തിയരുന്നത്. 26 കിമിക്ക് മേൽ മൈലേജ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സിഎൻജി വാഗ്‍ദാനം ചെയ്‍തിരുന്നു. എന്നാൽ ഇപ്പോൾ കമ്പനിയുടെ വെബ്‌സൈറ്റിൽ ഈ കാറിന്‍റെ പേര് ഇല്ല. ഏറ്റവും പുതിയ ബ്രോഷറിലും ഈ കാറിനെക്കുറിച്ച് പരാമർശമില്ല. അതേസമയം ഗ്രാൻഡ് വിറ്റാര സിഎൻജി പതിപ്പ് നിർത്തലാക്കുന്നതായി മാരുതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, 2025 അപ്‌ഡേറ്റോടെ സിഎൻജി പതിപ്പ് ഇപ്പോൾ ഔദ്യോഗികമായി ഡീലിസ്റ്റ് ചെയ്തതായി തോന്നുന്നു. വിൽപ്പന കുറയുന്നതും ഈയൊരു ഡിലീസ്റ്റിംഗിന് കാരണമായേക്കാമെന്നു വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഗ്രാൻഡ് വിറ്റാരയുടെ ഡെൽറ്റ MT CNG, Zeta MT CNG വേരിയന്റുകൾക്കുള്ള ബുക്കിംഗ് കൂടുതലായി ലഭിക്കുന്നത് 2024 മോഡലുകൾക്കാണ്. അതേസമയം മുൻകാലങ്ങളിൽ പല മോഡലുകളിലും ചെയ്തതുപോലെ, മാരുതി ഇത് അപ്‌ഡേറ്റ് ചെയ്‌ത് പിന്നീട് വീണ്ടും ലോഞ്ച് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.
അതേസമയം പുതിയ ഗ്രാൻഡ് വിറ്റാര ഇപ്പോൾ പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ് പതിപ്പുകളിൽ മാത്രമേ ലഭ്യമാകൂ. നിരവധി മികച്ച സവിശേഷതകളും ഇതിലേക്ക് ചേർത്തിട്ടുണ്ട്. ഇപ്പോൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ലഭിക്കുന്നു. ഇഎസ്‌പി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഫ്രണ്ട്, റിയർ ഡിസ്‌ക് ബ്രേക്കുകൾ, എബിഎസ് + ഇബിഡി, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് മൗണ്ടുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഇതിലുണ്ട്. എട്ട് വിധത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (ഓട്ടോമാറ്റിക് പതിപ്പിൽ), പിഎം 2.5 എയർ പ്യൂരിഫയർ, എൽഇഡി ക്യാബിൻ ലൈറ്റുകൾ, റിയർ സൺ ബ്ലൈൻഡുകൾ, പുതിയ 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇതിലുണ്ടാകും.പുതിയ ഗ്രാൻഡ് വിറ്റാരയിൽ ലഭ്യമായ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ആദ്യത്തെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഇതിൽ ലഭ്യമാണ്, ഇത് 5-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾക്കൊള്ളുന്നു. അതേസമയം, രണ്ടാമത്തെ എഞ്ചിൻ 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് ആണ്, ഇത് ഇ-സിവിടി ഗിയർബോക്സുമായി വരുന്നു.
സിഎൻജി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ എന്തുചെയ്യണം?
മാരുതി തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ സിഎൻജി ഉൾപ്പെടുത്തുന്ന കാര്യത്തിൽ വളരെ സജീവമാണ് . മാരുതി ആൾട്ടോ മുതൽ എർട്ടിഗ വരെയുള്ള മിക്കവാറും എല്ലാ സെഗ്‌മെന്റുകളിലും സിഎൻജി ഓപ്ഷൻ ലഭ്യമാണ്. അതിനാൽ, ചെറിയ മാറ്റങ്ങളോടെ ഗ്രാൻഡ് വിറ്റാര സിഎൻജി വീണ്ടും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ നിലവിൽ ഗ്രാൻഡ് വിറ്റാര സിഎൻജി ലഭ്യമല്ലെങ്കിലും അത് പൂർണ്ണമായും നിർത്തലാക്കിയതായി കണക്കാക്കുന്നില്ല. ഭാവിയിൽ പുതിയ സവിശേഷതകളും മികച്ച മൈലേജും നൽകി മാരുതി സുസുക്കി ഇത് വീണ്ടും അവതരിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു സിഎൻജി എസ്‍യുവി തിരയുകയാണെങ്കിൽ, അൽപ്പം കാത്തിരിക്കുന്നത് ഗുണം ചെയ്യും.