ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു; പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടമായി
പാരിസ്: ഫ്രാൻസിലെ ബ്ലോ മെനിലിൽ തീപിടിത്തം. മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു. 13 വിദ്യാർത്ഥികളാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. വൻ പ്രതിസന്ധിയിലെന്നാണ് വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്. മാറി ധരിക്കാൻ പോലും വസ്ത്രം ഇല്ലെന്നും എംബസിയും കേരള സർക്കാരും സഹായിക്കണമെന്നും വിദ്യാർത്ഥികൾ അഭ്യര്‍ത്ഥിച്ചു.
രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് മലയാളി വിദ്യാർത്ഥികൾ പറയുന്നു. മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടു. പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ വീടിന് തീപിടച്ചത് ശ്രദ്ധയില്‍പ്പെട്ടത്. നല്ല പുകയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ വീടിന് പുറത്തിറങ്ങി. പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. അടുത്ത വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ ഇരിക്കുന്നതിനിടെയാണ് അപകടമെന്നും നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് പോലും ഇല്ലെന്നും എറണാകുളം സ്വദേശികളായ വിദ്യാർത്ഥികൾ പറയുന്നു. എംബസിയുടെയും കേരള സർക്കാറിന്‍റെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.