ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചിച്ച് യുഎഇ ഭരണാധികാരികൾ

ദുബൈ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനങ്ങൾ നേർന്ന് യുഎഇ ഭരണാധികാരികൾ. ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മാർപാപ്പയുടെ നിര്യാണത്തിൽ തന്റെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നതായി യുഎഇ പ്രസി‍ഡന്റ് ശൈഖ് മുഹമ്മദ് തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 

പരിശുദ്ധനായ മാർപ്പാപ്പയുടെ നിര്യാണത്തിൽ ഏറെ ദു:ഖം രേഖപ്പെടുത്തുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എക്സ് അക്കൗണ്ടിൽ കുറിച്ചു. എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച അദ്ദേഹത്തിന്റെ കാരുണ്യവും എളിമയും മതാന്തര ഐക്യവും ലോകമെമ്പാടുമുള്ള ജനങ്ങളെ ഇനിയും സ്വാധീനിക്കുമെന്നും ദുബൈ ഭരണാധികാരി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

read more: മാനവികതക്ക് അതിരുകളില്ലെന്ന് അടയാളപ്പെടുത്തിയ മാറ്റത്തിന്‍റെ മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വിവിധ രാജ്യക്കാരായ നിരവധി വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin