പവര്‍ പ്ലേ ലക്നൗ അങ്ങ് എടുത്തു; മാര്‍ഷും മാര്‍ക്രവും ക്രീസിൽ, വിയര്‍ത്ത് ഡൽഹി
ലക്നൗ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസ് എന്ന നിലയിലാണ്. 30 റൺസുമായി എയ്ഡൻ മാര്‍ക്രവും 21 റൺസുമായി മിച്ചൽ മാര്‍ഷുമാണ് ക്രീസിൽ.
ഡൽഹിയ്ക്ക് വേണ്ടി നായകൻ അക്സര്‍ പട്ടേലാണ് ബൗളിംഗ് ആക്രമണം തുടങ്ങി വെച്ചത്. ഫലപ്രദമായ ആദ്യ ഓവറിൽ വെറും 3 റൺസ് മാത്രമാണ് അക്സര്‍ വഴങ്ങിയത്. രണ്ടാം ഓവറിൽ മിച്ചൽ സ്റ്റാര്‍ക്കിനെ അതിര്‍ത്തി കടത്തി മിച്ചൽ മാര്‍ഷ് ലക്നൗവിന് വേണ്ടി ആദ്യ ബൗണ്ടറി നേടി. മൂന്നാം ഓവറിൽ അക്സര്‍ പട്ടേൽ 7 റൺസ് വഴങ്ങിയതോടെ ടീം സ്കോര്‍ 19ലേയ്ക്ക്. നാലാം ഓവറിൽ സ്റ്റാര്‍ക്കിന് പകരം മുകേഷ് കുമാറിനെ പന്തേൽപ്പിച്ച അക്സറിന്‍റെ പദ്ധതി ഫലം കണ്ടില്ല. ആദ്യ പന്തിൽ ബൗണ്ടറി കണ്ടെത്തിയ മാര്‍ക്രം മൂന്നാം പന്തിൽ മിഡ് ഓണിന് മുകളിലൂടെ തകര്‍പ്പൻ സിക്സറും നേടി.
5-ാം ഓവറിൽ വീണ്ടും ബൗളിംഗിനെത്തിയ അക്സര്‍ പട്ടേലിനെതിരെ മിച്ചൽ മാര്‍ഷ് ബൗണ്ടറി കണ്ടെത്തി. ഈ ഓവറിൽ 9 റൺസ് പിറന്നതോടെ ലക്നൗവിന്‍റെ സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസിലേയ്ക്ക് ഉയര്‍ന്നു. പവര്‍ പ്ലേയുടെ അവസാന ഓവര്‍ എറിയാനെത്തിയ ദുഷ്മന്ത ചമീരയെ മാര്‍ഷ് സിക്സര്‍ പറത്തിയാണ് വരവേറ്റത്. 5.5 ഓവറിൽ മാര്‍ക്രവും മാര്‍ഷും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 50 റൺസ് പൂര്‍ത്തിയാക്കി.