നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് മുംബൈ സ്വദേശിയായ നടിയുടെ പരാതി; ആന്ധ്രയിൽ മുൻ ഡിജിപി അറസ്റ്റിൽ
ബെംഗളൂരു: മുംബൈ സ്വദേശിയായ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്ധ്രയിലെ മുൻ ഡിജിപി അറസ്റ്റിൽ. ജഗൻമോഹൻ സർക്കാരിന്‍റെ കാലത്ത് ഇന്‍റലിജൻസ് ഡിജിപിയായിരുന്ന പിഎസ്ആർ ആഞ്ജനേയലുവിനെയാണ് അറസ്റ്റ് ചെയ്തത്. നടിയെയും മാതാപിതാക്കളെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ഒരു കോർപ്പറേറ്റ് എക്സിക്യൂട്ടീവിനെതിരെ നടി ലൈംഗികപീഡന പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നുമാണ് പരാതി.
വൈഎസ്ആർസിപി നേതാവായ കുക്കല വിദ്യാസാഗർ എന്നയാൾ നൽകിയ ഭൂമി തട്ടിപ്പ് കേസിലാണ് അന്ന് നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ വച്ച് പിഎസ്ആർ ആഞ്ജനേയലു നേരിട്ടെത്തി ലൈംഗിക പീഡനക്കേസ് പിൻവലിക്കാൻ പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ആഞ്ജനേയലു നിലവിൽ കേസിൽ സസ്പെൻഷനിലാണ്. ഹൈദരാബാദിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് ആഞ്ജനേയലുവിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ചോദ്യം ചെയ്യാനായി ആഞ്ജനേയലുവിനെ വിജയവാഡയിൽ എത്തിച്ചു.