ദിവസവും 5 ലിറ്റര്‍ പാല് കുടിച്ചിരുന്നോ?; ഒടുവില്‍ ആ കെട്ടുകഥയുടെ കെട്ടഴിച്ച് ധോണി
ചെന്നൈ: ബംഗ്ലാദേശിനെതിരെ 2004ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ മഹേന്ദ്ര സിംഗ് ധോണിയെന്ന നീണ്ടമുടിക്കാരന്‍ പയ്യന്‍ പിന്നീട് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായി വളര്‍ന്നത് ആരാധകരുടെ കണ്‍മുന്നിലാണ്. ഇന്ത്യക്കായി അരങ്ങേറിയതുമുതല്‍ ധോണിയുടെ കൈക്കരുത്ത് അറിയാത്ത ബൗളര്‍മാര്‍ കുറവായിരിക്കും. അനായാസം പടുകൂറ്റന്‍ സിക്സുകള്‍ പറത്തുന്ന ധോണിയുടെ കൈക്കരുത്തിന് പിന്നിലെ പിന്നിലെ രഹസ്യമെന്തെന്ന ചോദ്യത്തിന് വര്‍ഷങ്ങളായി ക്രിക്കറ്റ് ലോകത്ത് പ്രചരിച്ചിരുന്ന കഥയാണ് ധോണി ദിവസവും അഞ്ച് ലിറ്റര്‍ പാല് കുടിക്കുമെന്നത്.
എന്നാല്‍ തന്നെക്കുറിച്ച് പ്രചരിച്ച കെട്ടുകഥകളില്‍ ഏറ്റവും രസകരമായി തോന്നിയത് എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കിയ ധോണി അഞ്ച് ലിറ്റര്‍ പാല്‍ കുടിക്കുമെന്നതൊക്കെ കെട്ടുകഥയായിരുന്നുവെന്ന് വെളിപ്പെടുത്തി.ഒരു പ്രമോഷനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ധോണിയുടെ മറുപടി. താങ്കളെക്കുറിച്ച് പ്രചരിച്ച ഏറ്റവും അസംബന്ധം നിറഞ്ഞ കെട്ടുകഥ എന്തായിരുന്നു എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ധോണിയോട് ചോദിച്ചത്.
ഒരു ചെറുചിരിയോടെ ധോണി പറഞ്ഞത്, ഞാന്‍ ദിവസവും അഞ്ച് ലിറ്റര്‍ പാല് കുടിക്കുമെന്നത് തന്നെ. അത് കെട്ടുകഥയായിരുന്നോ എന്ന് അവതാരക ആശ്ചര്യപ്പെട്ടപ്പോള്‍ ഒരു സാധാരണ മനുഷ്യന് ഒരു ദിവസം അഞ്ച് ലിറ്റര്‍ പാല്‍ കുടിക്കുക അസാധ്യമാണെന്നായിരുന്നു ധോണിയുടെ മറുപടി. ഒരു പക്ഷെ ഞാന്‍ ഒരു ലിറ്റര്‍ പാലൊക്കെ കുടിച്ചിരിക്കാം. എന്നാല്‍ അഞ്ച് ലിറ്ററൊക്കെ കുറച്ച് ഓവറല്ലേ എന്നായിരുന്നു ധോണിയുടെ മറുപടി. വാഷിംഗ് മെഷിനില്‍ ലസ്സി ഉണ്ടാക്കാറുണ്ടെന്ന കഥകളും ചടങ്ങില്‍ ധോണി നിഷേധിച്ചു. താന്‍ ലസ്സി കുടിക്കാറില്ലെന്നും ധോണി വ്യക്തമാക്കി.
Finishing off the rumour in style! 🥛 #WhistlePodu #Yellove🦁💛 @fedexmeisa pic.twitter.com/JPKTramxl7
— Chennai Super Kings (@ChennaiIPL) April 22, 2025
ധോണിയുടെ കൈക്കരുത്തിന് കാരണം ചിട്ടയായ ഭക്ഷണശീലങ്ങളും വ്യായാമവും പിന്നെ ദിവസവും അഞ്ച് ലിറ്റര്‍ പാല്‍ കുടിക്കുന്നതുമാണെന്നായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ കാലത്ത് പ്രചരിച്ചിരുന്നത്. ധോണിയുടെ നീണ്ട തലമുടി പോലെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചതായിരുന്നു അഞ്ച് ലിറ്റര്‍ പാല്‍ കുടിക്കുന്ന കഥയും. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളും വിക്കറ്റ് കീപ്പറും ഫിനിഷറുമായ ധോണി 43-ാം വയസിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനാണിപ്പോള്‍. ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതോടെയാണ് സീസണിടയില്‍ വീണ്ടും നായകന്‍റെ തൊപ്പി ധോണിയുടെ തലയിലെത്തിയത്. ഐപിഎല്‍ പോയന്‍റ് പട്ടികയില്‍ എട്ട് കളികളില്‍ ആറ് തോല്‍വിയുമായി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ ഇപ്പോള്‍.