തിരികെ പിടിക്കണം ഭാഷയെ, സുന്ദർബൻസിലേക്ക് വണ്ടി കേറി കൊൽക്കത്ത സർവകലാശാലയിലെ ഭാഷാ പണ്ഡിതരും വിദ്യാര്‍ത്ഥികളും
വംശനാശം സംഭവിക്കുന്ന സസ്യങ്ങളെക്കുറിച്ചും ജീവജാലങ്ങളെ കുറിച്ചും ഒക്കെ നാം കേട്ടിട്ടുണ്ടാവും. എന്നാൽ വംശനാശം സംഭവിക്കുന്ന ഭാഷകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെയും ചില ഭാഷകളുണ്ട് ഈ ലോകത്ത്. ഒരു കാലത്ത് സജീവമായ ഉപയോഗിക്കപ്പെട്ടതും എന്നാല്‍ പില്‍ക്കാലത്ത് ഉപയോഗിക്കാന്‍ ആളുകളില്ലാതെ ഉപേക്ഷിക്കപ്പെട്ടതുമായ ഭാഷകളെ പൊതുവെ മൃതഭാഷകളെന്നാണ് വിളിക്കുക. അത്തരത്തില്‍ മൃതഭാഷയുടെ വക്കോളമെത്തിയ ഒരു ഭാഷയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കൊൽക്കത്ത സർവകലാശാലയിലെ ഒരു കൂട്ടം ഭാഷാ പണ്ഡിതരും വിദ്യാര്‍ത്ഥികളും. വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിലെ ഒരു ഗ്രാമത്തിലെ ‘സാദ്രി’ എന്ന ഗോത്ര ഭാഷ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ഇതിന്‍റെ ഭാഗമായി സാദ്രി ഭാഷയിൽ ഒരു തദ്ദേശീയൻ എഴുതിയ നോവൽ ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്യുന്നതിനും സാദ്രി സമൂഹത്തിലെ അംഗങ്ങളുമായി സമയം ചെലവഴിക്കുന്നതിനുമായാണ് ഈ ഭാഷാ പണ്ഡിതർ കമർപാരയിലെ ഇവരുടെ വാസസ്ഥലത്ത് എത്തിയിരിക്കുന്നത്.
‘ബാമൻ ബുരിർ ചാർ’ പേരിലുള്ള ഈ നോവൽ എഴുതിയത് ഗ്രാമത്തിലെ തന്നെ ഭംഗോർ മഹാവിദ്യാലയത്തിലെ ബംഗാളി ഭാഷാ അസിസ്റ്റന്‍റ് പ്രൊഫസറായ ദയാൽഹാരി സർദാർ ആണ്. ഇംഗ്ലീഷ് ഭാഷയിലേക്ക് നോവലിനെ പരിഭാഷപ്പെടുത്തുന്നതിലൂടെ ആഗോള പ്രേക്ഷകരിലേക്ക് സാദ്രി ഭാഷയെയും സംസ്കാരത്തെയും എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇതിന് നേതൃത്വം നൽകുന്ന ഭാഷാ പണ്ഡിതരിൽ ഒരാളായ ശ്രേയ ദത്ത വ്യക്തമാക്കി. ഒപ്പം ഭാഷയെ യഥാർത്ഥത്തിൽ രക്ഷിക്കുന്നത് എഴുത്തുകാരാണെന്നും ശ്രേയ കൂട്ടിച്ചേർത്തു. കൂടാതെ ഭാഷയും സാഹിത്യവും ലിപികളെയും വാക്കുകളെ മാത്രമല്ല സംസ്കാരം, പാരമ്പര്യം, രാഷ്ട്രീയം, സമൂഹം, പോരാട്ടങ്ങൾ എന്നിവയെ കൂടി വരും തലമുറകൾക്കായി കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നോവലിനെ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത് വഴി ആഗോള പ്രേക്ഷകർക്ക് ഈ ഭാഷയും അവരുടെ ജീവിതവും അടുത്തറിയാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.
Watch Video: ചൂടിനെ ചെറുക്കാൻ ക്ലാസ് മുറികളില്‍ ചാണകം തേച്ച പ്രിന്‍സിപ്പാളിന്‍റെ മുറിയിൽ ചാണകം എറിഞ്ഞ് വിദ്യാര്‍ത്ഥികൾ
പരിഭാഷപ്പെടുത്തുന്നതിന് മുന്നോടിയായി ഗ്രാമവാസികളോടൊപ്പം സമയം ചെലവഴിക്കുന്നത് നോവലിന്‍റെ രാഷ്ട്രീയവും ഭൂമിശാസ്ത്രവും മനസ്സിലാക്കുന്നതിന് വേണ്ടിയാണെന്നും ഇവർ പറയുന്നു. 2011 -ലെ ഭാഷാ സെൻസസ് പ്രകാരം പശ്ചിമ ബംഗാളിൽ 7,41,528 സാദ്രി സംസാരിക്കുന്നവരുണ്ടെന്നാണെന്ന് സംഘത്തിലെ മറ്റൊരു അംഗമായ അയൻ ഘോഷ് വ്യക്തമാക്കുന്നു. അവരിൽ ഭൂരിഭാഗവും ബംഗാളിന്‍റെ വടക്കൻ ഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്, പ്രധാനമായും തേയിലത്തോട്ട തൊഴിലാളികളിലാണ് ഇവർ. കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന തൊഴിലാളികളുടെ പിൻഗാമികൾ. ഛത്തീസ്ഗഡിലും സാദ്രി ഭാഷ സംസാരിക്കുന്ന ചെറിയൊരു വിഭാഗമുണ്ട്. സാദ്രി ഭാഷയ്ക്ക് ഒരു ലിപിയില്ല. പശ്ചിമ ബംഗാളിൽ താമസിക്കുന്ന സമുദായത്തിലെ അംഗങ്ങൾ ബംഗാളി ലിപിയിയാണ് സാദ്രി ഭാഷ എഴുതാനായി ഉപയോഗിക്കുന്നത്. ഛത്തീസ്ഗഢിൽ താമസിക്കുന്നവരാകട്ടെ ദേവനാഗരി ലിപിയിലും സാദ്രി ഭാഷയെ അടയാളപ്പെടുത്തുന്നു.
Watch Video: കടലിന് അടിയിലെ പൌരാണിക ഇന്ത്യന്‍ നഗരം, ദ്വാരക തേടി പുരാവസ്തു വകുപ്പ്