കോമഡി വര്‍ക്കായി ടൊവിനോ ‘യെസ്’ പറഞ്ഞു, മരണമാസിലെ കോമഡി വ്യത്യസ്തം: സംവിധായകന്‍ ശിവപ്രസാദ്

വിഷുവിന് തീയറ്ററില്‍ എത്തിയ ചിത്രമാണ് മരണമാസ്. ഒരു ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രമായി വിശേഷിപ്പിക്കാവുന്ന ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്. ചിത്രത്തിലെ പിന്നിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മരണമാസിന്‍റെ സംവിധായകന്‍ ശിവപ്രസാദ്. 

സാധാരണ രീതിയിലുള്ള ഒരു കോമഡി ചിത്രമല്ല മരണമാസ് എന്ന് പറയാം. വളരെ കോമിക് ആയിട്ടുള്ള ആവിഷ്കരണമാണ് അത്. ശരിക്കും ഇത്തരം ഒരു ട്രീറ്റ്മെന്‍റ് നേരത്തെ നിശ്ചയിച്ചതാണോ, അത് എഴുത്തില്‍ രൂപപ്പെട്ടതാണോ?

ഈ സിനിമയുടെ ആശയം വന്നപ്പോള്‍ തന്നെ സാധാരണ രീതിയില്‍ ഉള്ള ഹ്യൂമര്‍ ചിത്രങ്ങളുടെ രീതിയില്‍ ഈ ചിത്രം എടുക്കേണ്ട എന്നത് തീരുമാനിച്ചതാണ്. ഇതില്‍ പറയാന്‍ ശ്രമിച്ച കോമഡി കുറച്ച് വ്യത്യസ്തമാണ്. അതിന് മറ്റൊരു രീതിയിലുള്ള അഖ്യാനമാണ് വേണ്ടത്. അതായത് ഈ കോമഡി എല്‍ക്കണമെങ്കില്‍ നോര്‍മല്‍ മീറ്ററിന് അപ്പുറത്തേക്ക് പോകണം എന്ന ധാരണ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജില്‍ തന്നെ ഉണ്ടായിരുന്നു. എഴുത്തിലും അത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് ഓവര്‍ ദ ടോപ്പ് കോമഡികളും ക്യാരക്ടറിന് ക്യാരിക്കേച്ചര്‍ സ്വഭാവവും, കഥാപാത്രങ്ങളുടെ ലുക്കും ഡിസൈന്‍ ചെയ്തത്. ഇത്തരം ഒരു ട്രീറ്റ്മെന്‍റില്‍ ഇതിനെല്ലാം പ്രധാന്യമുണ്ട്. 

ഹാട്രിക്ക് വിജയം തേടി ബേസില്‍ എന്ന തരത്തിലാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ സമയത്ത് വാര്‍ത്തകള്‍ വന്നത്. ഒരു ബേസില്‍ ചിത്രം എന്ന നിലയിലായിരുന്നു പലരും ചിത്രത്തെ കണ്ടത്. എന്നാല്‍ ചിത്രം ഇറങ്ങിയ ശേഷം വന്ന ഒരു സോഷ്യല്‍ മീഡിയ ട്രോളില്‍ ചിത്രത്തിലെ യഥാര്‍ത്ഥ ക്യാമിയോ ബേസിലാണ് എന്നാണ് പറയുന്നത്. ശരിക്കും അത് ഒരു മേക്കറുടെ വിജയമായി കാണുന്നുണ്ടോ?

സ്ക്രിപ്റ്റിന് അനുസരിച്ച് അതില്‍ യോജിക്കുന്ന കഥാപാത്രങ്ങളെ സെലക്ട് ചെയ്യുക എന്നതാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ബേസിലിന്‍റെ ഇമേജ് കാരണം വന്ന തോന്നലായിരിക്കാം ഈ ട്രോളും മറ്റും. ബേസില്‍ സൂക്ഷ്മദര്‍ശിനിയും, പൊന്‍മാനും വിജയിപ്പിച്ചതിനാല്‍ ഇതും അത്തരത്തില്‍ ഒരു ചിത്രം എന്ന് ചിലരെങ്കിലും വിചാരിച്ചിരിക്കാം. പക്ഷെ ഈ കഥയ്ക്ക് ആവശ്യമുള്ള ആള്‍ക്കാരെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നെ ആദ്യം മുതല്‍ ഇത് ഒരു ഗ്രൂപ്പിന്‍റെ സിനിമയാണ് എന്ന ബോധ്യം ഞങ്ങള്‍ക്ക് എല്ലാം ഉണ്ടായിരുന്നു. 

സിജു സണ്ണി ഒരു അഭിമുഖത്തില്‍ ചിത്രത്തിലെ എസ്.കെ എന്ന വേഷം താന്‍ ചെയ്യണം എന്ന് ആഗ്രഹിച്ചുവെന്ന് സൂചിപ്പിച്ചു. രാജേഷ് മാധവിന്‍റെ എസ്.കെ എന്ന വേഷം ചിത്രത്തിന്‍റെ ശരിക്കും കോര്‍ ആണ്. രാജേഷ് മാധവന്‍ ശിവന്‍റെ തിരഞ്ഞെടുപ്പാണെന്നും ചില അഭിമുഖങ്ങളില്‍ സൂചിപ്പിക്കുകയുണ്ടായി. എന്തായിരുന്നു ആ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത് ?

എസ്.കെ എന്ന റോളിലേക്ക് ഒരുപാടുപേരെയൊന്നും ഞങ്ങള്‍ ആലോചിച്ചിട്ടില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ ചിന്തിച്ചപ്പോള്‍ തന്നെ രാജേഷ് ഈ റോളില്‍ വേണം എന്ന് തീരുമാനിച്ചതാണ്. പിന്നെ രാജേഷുമായി വ്യക്തിപരമായി വളരക്കാലത്തെ പരിചയമുണ്ട്. രാജേഷ് എന്ന ആക്ടറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാജേഷിന് എന്തൊക്കെ സാധിക്കും എന്നത് ഇതിനകം നമ്മള്‍ കണ്ടതാണ്. അതിനാല്‍ ഇത്തരം ക്യാരക്ടര്‍ നന്നായി രാജേഷിന് ചെയ്യാന്‍ കഴിയും എന്ന വിശ്വാസമുണ്ട്. അതിന്‍റെ ഒരു മീറ്റര്‍ സെറ്റ് ചെയ്യുക എന്നതായിരുന്നു എന്‍റെ ജോലി. അത് കൃത്യമായി വന്നതോടെ ഈ വേഷം ശ്രദ്ധേയമായി. എന്നാല്‍ എസ്.കെ എന്ന റോളിന്‍റെ ലുക്ക് കുറച്ച് വേറെ രീതിയില്‍ വേണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിന്‍റെ മേക്കപ്പ് ചെയ്തത് ആര്‍ജി വയനാടന്‍ ആയിരുന്നു. ആ ലുക്ക് കൂടി വന്നതോടെ നമ്മള്‍ മനസില്‍ കണ്ട എസ്.കെ പൂര്‍ണ്ണതയില്‍ എത്തിയെന്നാണ് തോന്നിയത്.

ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ശിവന്‍ കരിയര്‍ ആരംഭിച്ചത്. മഞ്ഞാന പോലുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ശ്രദ്ധേയമായിരുന്നു. പിന്നീട് സഹസംവിധായകനായി. ശരിക്കും 2010 സമയത്തെ ഷോര്‍ട്ട് ഫിലിം കാലത്ത് നിന്നും സംവിധായക പദവിയിലേക്ക് എത്തുന്ന ഒരാള്‍ കൂടി. ബേസിലൊക്കെ അതിലെ ആദ്യത്തെയാളാണ്. വലിയൊരു യാത്രയായിരുന്നു ആദ്യ സിനിമയിലേക്ക് അല്ലെ?

കോളേജ് കാലത്തെ ഷോര്‍ട്ട് ഫിലിമുകള്‍ എടുത്താണ് ഞാന്‍ ഈ രംഗത്തേക്ക് വന്നത്. പിന്നീട് വിവിധ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് വീണ്ടും ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തു. മഞ്ഞാന, അപ്പൂപ്പന്‍ താടിയൊക്കെ സംഭവിക്കുന്നത് ആ സമയത്താണ്. പിന്നീട് വിവിധ ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും, അസോസിയേറ്റ് ഡയറക്ടറുമായി മറ്റും പ്രവര്‍ത്തിച്ചു. പിന്നെ സിനിമയിലെ യാത്ര എല്ലാവര്‍ക്കും ഒരു പോലെ അല്ലല്ലോ. ചിലര്‍ക്ക് വളരെ എളുപ്പത്തില്‍ ആദ്യ ചിത്രം ചെയ്യാന്‍ സാധിക്കും, മറ്റു ചിലര്‍ക്ക് സമയം എടുക്കും. കുറച്ച് സമയം എടുത്താലും മികച്ചൊരു ചിത്രം ഒരുക്കാന്‍ സാധിച്ചു എന്നാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

ചിത്രത്തില്‍ നിര്‍മ്മാതാവായ ടൊവിനോ ഒരു ശവമായി ഒരു ക്യാമിയോ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഇത്രയും സ്റ്റാര്‍ വാല്യുവുള്ള ടൊവിനോയെപ്പോലെ ഒരാള്‍ അത്തരം ഒരു സെക്കന്‍റുകള്‍ മാത്രമുള്ള ക്യാമിയോ ചെയ്യിക്കാനുള്ള ആശയം എങ്ങനെ വന്നു?

ചിത്രത്തില്‍ ടൊവിനോയെക്കൊണ്ട് ഒരു ക്യാമിയോ, അതായത് ഇന്ന് ചിത്രത്തില്‍ കാണുന്നത് ചെയ്യിക്കണം എന്ന് എഴുതുന്ന സമയത്ത് തന്നെ തീരുമാനിച്ചതാണ്. അങ്ങനെ ആലോചിക്കുന്നത് വളരെ ഈസിയാണ്. എന്നാല്‍ അത് ഞാന്‍ ചെയ്യാം എന്ന് ആ താരം പറയുന്നതാണ് ശരിക്കും എക്സൈറ്റ് ചെയ്യിപ്പിച്ചത്. ടൊവിനോയെപ്പോലെ ഇത്രയും താരമൂല്യമുള്ള ഒരാള്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നത് ശരിക്കും ആവേശം തന്നെയാണ്. ടൊവിനോയ്ക്ക് ആ കോമഡി വര്‍ക്കായത് കൊണ്ടാണ് ആ വേഷം ചെയ്യാം എന്ന് പറഞ്ഞത്. ഈ സിനിമ നടക്കാനുള്ള പ്രധാന കാരണവും ഈ ചിത്രത്തിലെ കോമഡി ടൊവിനോയ്ക്ക് മനസിലായി എന്നയിടത്താണ്. ഇത്തരം ഒരു സിനിമ നിര്‍മ്മിക്കാന്‍ എടുത്ത തീരുമാനം തന്നെ വലുതാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതേ സമയം സിനിമയില്‍ വിശ്വാസമുള്ള ഒരാളുടെ അടുത്ത് ഇത്തരം ഒരു റോളുമായി പോകുമ്പോള്‍ അത് വേഗം മനസിലാകുകയായിരുന്നു.

നാഗ സൈരദ്ധ്രി, കണ്‍വീന്‍സ് സ്റ്റാര്‍, ജെന്‍സി വേര്‍ഡുകള്‍ ഇന്നത്തെ ഒരു സോഷ്യല്‍ മീഡിയ പോപ്പ് കള്‍ച്ചറിനെ നന്നായി ഉപയോഗിക്കുന്നുണ്ട് ചിത്രത്തില്‍. അത് ശരിക്കും എഴുത്തിന്‍റെ ഭാഗമായി വന്നതാണോ?

എല്ലാം എഴുത്തിന്‍റെ ഭാഗമായി വന്നതല്ല. സുരേഷ് കൃഷ്ണയുടെ ക്യാരക്ടര്‍ സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നതാണ്. അന്ന് സുരേഷേട്ടന്‍ കണ്‍വീന്‍സിംഗ് സ്റ്റാര്‍ ആയിട്ടില്ല. അതിന് മുന്‍പ് തന്നെ സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്ന ഡയലോഗുകളായിരുന്നു അതെല്ലാം. നാഗ സൈരദ്ധ്രി ജെന്‍സി വേര്‍ഡുകള്‍ എല്ലാം പിന്നീട് വന്നിട്ടുള്ളതാണ്. പ്രീ പ്രൊ‍ഡക്ഷന്‍ സമയത്താണ് നാഗ സൈരദ്ധ്രിയെ സിനിമയിലേക്ക് പരിഗണിക്കുന്നത്. ജെന്‍സി വേര്‍ഡുകളും മറ്റും ഷൂട്ടിലും ഡബ്ബിഗിലും മറ്റും കയറി വന്നതാണ്. 

അടുത്ത സിനിമ ഏത് തരത്തിലുള്ളതാകണം എന്നാണ് കരുതുന്നത്.?

അടുത്ത സിനിമ പല ആലോചനകളും ഉണ്ട്. അതില്‍ ഹ്യൂമര്‍ വേണോ അല്ല കുറച്ചുകൂടി ഡെപ്തായ കാര്യങ്ങള്‍ ചെയ്യണോ എന്നത് ആലോചനയിലാണ്. ചില സബ്ജക്ടുകള്‍ തയ്യാറാണ്. എല്ലാ തരത്തിലുള്ള ഴോണറുകള്‍ ചെയ്യണം എന്നത് തന്നെയാണ് താല്‍പ്പര്യം. 

‘മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..’; അഭിനന്ദിച്ച് മുരളി ഗോപി

ബേസിലിന്റെ ബ്യൂട്ടിഫുൾ ലോകം; മരണമാസിലെ വീഡിയോ ​ഗാനം എത്തി

 

By admin