കുഞ്ഞ് പെണ്ണാവാന്‍ ഒരു രഹസ്യ ട്രിക്ക്, പക്ഷേ, പുറത്തു പറയൂല്ല, ഫലം പോവും!
‘എന്റെ മോനേ ടോണീ, ഈ ട്രിക്കാണ് പാരമ്പര്യമായിട്ട് എന്റെ തന്ത അതായത് ‘ടുലു ടോണി’യിലെ ടോണി പലരിലും പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുന്നത്.’- ഞാന്‍ അഹങ്കാരത്തോടെ പറഞ്ഞു.
‘നോക്കൂ’
‘ഉം എന്താ?’
‘ഇങ്ങനൊക്കെ നടന്നാ മതിയോ’
‘എങ്ങനെ?’
‘അല്ലാ, നമുക്ക് ഒരു കുട്ടി ടുലു കൂടി വേണ്ടേ?’
സംഭവം മനസ്സിലായല്ലോ അല്ലേ. എനിക്കൊരു പെണ്‍കുട്ടി കൂടെ വേണം. അതിനുള്ള തയ്യാറെടുപ്പാണ് നിങ്ങള്‍ വായിച്ചത്.
രണ്ടാമത്തെ കുട്ടി ഉണ്ടാകുന്നതിന് മുന്നേ കെട്ട്യോനോട് അനുവാദമൊക്കെ ചോദിക്കണ്ടേ?.
അല്ലെങ്കില്‍ പിന്നീട് അറിഞ്ഞില്ലാ പറഞ്ഞില്ലാ എന്നൊന്നും പറഞ്ഞ് കുടുംബ വഴക്ക് ഉണ്ടാകരുതല്ലോ.
എല്ലാറ്റിനും ഒരു എഗ്രിമെന്റ് വെക്കണം എന്നാണ് എന്റെ ഒരിത്.
അപ്പോള്‍ കമിങ്ങ് ബാക്ക് ടു ആക്ഷന്‍.
‘അതിന് പെണ്‍കുട്ടി തന്നെ ആകുമെന്ന് എന്താ നിനക്കുറപ്പ്?’
ഡോണര്‍ക്ക് ഒരു താല്‍പ്പര്യക്കുറവ് പോലെ ഉണ്ട് ചോദ്യം കേട്ടാല്‍.’
‘വായ കീറിയ ദൈവം തിന്നാനുള്ളതും തരും’ എന്നാണല്ലോ വെപ്പ്. എന്നാല്‍ പിന്നെ ഗര്‍ഭപാത്രം തന്ന ദൈവത്തിന് കുട്ടിയെ കൂടി ആവശ്യത്തിനനുസരിച്ച് ഇട്ട് തന്നാല്‍ പോരായിരുന്നോ!
ആ പോട്ട്!
യേത് ദൈവത്തിനും.
ഞാന്‍ ആത്മവിശ്വാസത്തോട് കൂടെ പറഞ്ഞു:
‘ആദ്യത്തെ ആണ്‍കുട്ടി ആകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നില്ലേ. എന്നിട്ട് കിട്ടിയില്ലേ’
‘ഓ അതെന്തോ ഭാഗ്യം കൊണ്ട് ഫലിച്ചതാ.’
‘അല്ലെന്നേ, ഇതിനൊക്കെ ഒരു ട്രിക്കുണ്ട്.’- ഞാന്‍ പറഞ്ഞു.
‘ട്രിക്കോ, അതെന്ത് ട്രിക്ക്’
‘അതൊക്കെ പറയാം. പക്ഷേ, പ്രോമിസ് ചെയ്യണം, എന്നോട്. നമുക്ക് ഒരു കുട്ടി കൂടെ നോക്കാമെന്ന്.’ ഞാനൊരു പാലം അങ്ങോട്ട് ഇട്ടു.
‘ആ പറ’ – ഡോണറിനിപ്പോഴും ഒരു ഉത്സാഹം ഇല്ല.
ഞാനെന്റെ രഹസ്യ ട്രിക്ക് പതുക്കെ പറഞ്ഞ് കൊടുത്തു. ആരും കേള്‍ക്കാന്‍ പാടില്ല. ഫലം ഇല്ലാതാകും.
കേട്ട് കഴിഞ്ഞ് ഡോണര്‍ അന്തം വിട്ടു.
‘അയ്യേ നാണമില്ലേ നിനക്കിതൊക്കെ വിശ്വസിക്കാന്‍, അതും ഇക്കാലത്ത്’
‘സ്വന്തം കാര്യം നടക്കാന്‍ കുറച്ച് അന്ധവിശ്വാസമൊക്കെ ആവാംത്രേ’- ഞാന്‍ പറഞ്ഞു.
‘ത്രേ’
‘യാ ത്രേ. കാര്യം നടന്ന് കഴിഞ്ഞാല്‍ വീണ്ടും നമുക്ക് ‘വെറും വിശ്വാസി’ ആവാലോ.’- ഞാന്‍ വീണ്ടും പറഞ്ഞു.
‘എന്നാലും ഇതൊക്കെ സയന്റിഫിക്കലി പ്രൂവണ്‍ ആണോ’- ഡോണര്‍ ഒരു സംശയ രോഗി ആയി മാറുന്നു.
‘എന്റെ മോനേ ടോണീ, ഈ ട്രിക്കാണ് പാരമ്പര്യമായിട്ട് എന്റെ തന്ത അതായത് ‘ടുലു ടോണി’യിലെ ടോണി പലരിലും പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുന്നത്.’- ഞാന്‍ അഹങ്കാരത്തോടെ പറഞ്ഞു.
‘ങ്‌ഹേ! ഒന്നൂടെ പറഞ്ഞ് നോക്കിയേ. എന്തോ ഒരു തെറ്റില്ലേ’
ഞാന്‍ പറഞ്ഞത് റീവൈന്‍ഡടിച്ച് പ്ലേ ഞെക്കി.
ശ്ശേ! ശരിയാണല്ലോ.
കാര്യം, അപ്പച്ചന്‍ പണ്ട് കാട്ടില് മദിച്ച് വാണിരുന്ന ഒരാണ്‍സിംഹം ആയിരുന്നു എങ്കിലും അങ്ങനൊന്നും ചെയ്ത് കാണില്ല.’
അപ്പച്ചന്‍ ഹീറോയാടാ ഹീറോ!
‘മൈ മിസ്റ്റേക്ക്! ‘പലരിലും’ എന്നത് ‘അമ്മയില്‍’ എന്നാക്കി തിരുത്തി കേള്‍ക്കണം എന്നപേക്ഷ’ – ഞാന്‍ പറഞ്ഞത് കേട്ട് ഡോണര്‍ ഞെളിഞ്ഞു.
സ്വാഭാവികം..!
ഒരു സ്‌ട്രോങ് പോയിന്റ് ഞാനായിട്ട് ഇട്ട് കൊടുത്തിരിക്കുകയാണ്.
യൂ നോ, കര്‍മ്മ ഈസ് എ ബിച്ച്!
ഇതെന്റെ തലയിലേക്ക് തന്നെ എന്നെങ്കിലും കൃത്യമായി എറിയും എന്നെനിക്കറിയാം.
പക്ഷേ, ഇപ്പോള്‍ എനിക്കതല്ല വിഷയം! എനിക്കൊരു പെണ്‍കുട്ടി വേണം.
‘ഡോക്‌ടേഴ്‌സ് കേള്‍ക്കണ്ട നിന്റെയീ..’
‘ഏയ് ഡോക്ടേര്‍സ് അറിയരുത്. അറിഞ്ഞാല്‍ അവരീ ട്രിക്ക് ബിസിനസാക്കും.’- ഞാന്‍ തടഞ്ഞു.
‘ങ്‌ഹേ!’
ഡോണര്‍ക്ക് ഇപ്പോള്‍ ഏകദേശം ഒരു ഐഡിയ കിട്ടിയെന്ന് തോന്നുന്നു.
‘എന്നാല്‍ പിന്നെ നമ്മള്‍ കാര്യപരിപാടിയിലേക്ക് കടക്കുവല്ലേ.’- ഞാന്‍ റൊമാന്റിക് ആയി പോയി.
‘നിനക്ക് PCOD ഉള്ള കാര്യം മറക്കരുത്.’- എന്റെ കുറവില്‍ അങ്ങേര്‍ ഒരു കുത്തും കോമയും ഇട്ടു.
‘സോ?’
‘യുദ്ധം വേണ്ടി വരും യുദ്ധം അത്രന്നെ.’- ഡോണര്‍ പറഞ്ഞു.
‘ഞാന്‍ തയ്യാര്‍! നിങ്ങള്‍ പീരങ്കി വിട്ടോളൂ. ഞാന്‍ കുഴി ബോംബ് വെച്ചോളാം സിംപിള്‍!’
ഡോണര്‍ ഈയിടെ ഒട്ടും റൊമാന്റിക് അല്ല. ഓ, അല്ലേലും കുട്ടിയുണ്ടാകുന്നതിന് റൊമാന്റിക് ആയില്ലെങ്കിലും കുഴപ്പമില്ല.
ഞാനുണ്ടല്ലോ റൊമാന്റിക് ഹീറോയിന്‍ ആയി. തല്‍ക്കാലം അത് മതി.
മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം!
അന്ന് മുതല്‍ ദിവസവും ഞങ്ങള്‍ ‘ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി’യില്‍ തുടങ്ങി, ‘കട്ടിപ്പുടി കട്ടിപ്പുടിയില്‍’ കൊണ്ടെത്തിച്ച്, ‘ചിക്ബുക്ക് ചിക്ക്ബുക്ക് റെയിലേ’യില്‍ ആശ്ചര്യചിഹ്നമിട്ട്, ‘മയങ്ങി പോയീ ഞാന്‍ മയങ്ങി പോയീ’ യില്‍ ഫുള്‍സ്റ്റോപ്പ് ഇട്ട് നിര്‍ത്തി.
എന്നോടേയ് കളി.
ഒരു മാസത്തെ യുദ്ധത്തില്‍ ഞങ്ങള്‍ രണ്ട് പേരും ജയിച്ചു.
റിസള്‍ട്ട് ഈസ് പോസിറ്റീവ്.
‘അടിച്ചു മോനേ.’
‘എന്നാ പിന്നെ ഞാന്‍ അങ്ങോട്ട്?’
‘ഉം പൊക്കോ പൊക്കോ.’
പാവം! ഡോണര്‍ക്ക് ക്ഷീണം കാണും. പോയി ബൂസ്റ്റ് കുടിക്കട്ടെ.
രണ്ടാമത്തെ ഗര്‍ഭം അടിച്ച് പൊളിച്ച് ആഘോഷിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പണ്ടത്തെ പോലെയല്ലല്ലോ, ഞാനിപ്പോ എക്‌സ്പീരിയന്‍സ്ഡ് ആണല്ലോ.
എന്നെ അടിമുടി പരിശോധിച്ച ഡോക്ടറും എന്നോട് പറഞ്ഞു:
‘എന്‍ജോയ് എന്‍ജോയ്.’
അങ്ങനെ തിന്ന്, മദിച്ച്, ആഘോഷിച്ച് ഞാന്‍ നടന്നു. ഞാനും ഹാപ്പി എന്റെ കൊച്ചും ഹാപ്പി.
അങ്ങനെ.
എട്ടാം മാസത്തിന്റെ ചെക്കപ്പിന് ഡോക്ടറിന്റെ മുറിയുടെ പുറത്ത് തീരെ ക്ഷമയില്ലാതെ ഞാന്‍ നടന്ന് കൊണ്ടിരുന്ന സമയം.
പോയിട്ട് വേറെ കാര്യം ഉണ്ട്.
കുറേ ഗര്‍ഭിണികള്‍ അവരവരുടെ ഡോണേഴ്‌സിന്റെ കൂടെ അവശ നിലയില്‍ ഇരിക്കുന്നുണ്ട്.
ഞാന്‍ വെരുകിനെ പോലെ നടക്കുന്നത് കണ്ട് അവിടെ ഉണ്ടായിരുന്ന ഒരു അമ്മച്ചി വന്ന് എന്നെ തോണ്ടി.
‘എന്താ മോളുടെ അസുഖം?’
‘ങ്‌ഹേ! എന്താ ചോദിച്ചേ?’- എനിക്ക് മനസ്സിലായില്ല.
‘അല്ല, എന്തിനാ ഈ ഡോക്ടറെ കാണുന്നെ?’
ശ്ശെടാ! ഇതെന്ത് ചോദ്യം! കണ്ടാലറിഞ്ഞൂടേ?’
‘അത് പിന്നെ. ഞാനില്ലേ ഞാന്‍ ഗര്‍ഭിണിയാണ്.’- ഞാന്‍ കുറച്ച് ശങ്കയോടെ പറഞ്ഞു.
നെക്സ്റ്റ് മൊമന്റ്. അല്ലാ, ഞാനെന്തിനാ പേടിക്കണത്! ഇത് നല്ല കൂത്ത്.??
‘ലുക്ക് ഓണ്‍ടീ, ഞാന്‍ എട്ട് മാസം പ്രഗ്‌നന്റ് ആണ്.’
അത് കേട്ട് അമ്മച്ചി താടിക്ക് കൈ കൊടുത്ത് എന്നെ നോക്കി.
ഹ! ഈ തള്ളക്കിത് എന്നാത്തിന്റെ കേടാ.
വെറുതെ നിന്നങ്ങ് എക്‌സ്പ്രഷനിട്ട് കൊല്ലുവാണല്ലോ.
‘അല്ല മോളേ, മോള് ഗര്‍ഭിണിയാണോ? എന്നിട്ട് വയറൊന്നുമില്ലല്ലോ.’
ആഹ് അപ്പോള്‍ അതാണ് കാര്യം. എന്നെ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് പെട്ടെന്ന് പറയില്ല.’
ആദ്യത്തേതിന് ഒരു ലോഡ് വയറും രണ്ടാമത്തേതിന് ഒരു കുഞ്ഞി വയറുമേ ഉണ്ടായിരുന്നുള്ളൂ.’
‘നോക്കമ്മച്ചീ, ഞാന്‍ ശരിക്കും ഗര്‍ഭിണിയാ. സര്‍ട്ടിഫിക്കറ്റൊക്കെ ഒണ്ട് കണ്ടാ.’- ഞാന്‍ ഊന്നിയൂന്നി പറഞ്ഞു.
അമ്മച്ചി വിശ്വാസം വരാത്തത് പോലെ എന്നെ വിട്ട് പോയി, കൂടെയുള്ളവരോട് എന്നെ ചൂണ്ടി എന്തൊക്കെയോ കുശുകുശുത്തു.
അവരെല്ലാവരും കൂടി എന്റെ വയറിലേക്ക് തുറിച്ച് നോക്കി.’
പണ്ടാരം! എനിക്കും സംശയം ആയി. ഇനി ഞാനെങ്ങാനും ഗര്‍ഭിണിയല്ലാതെ വരുമോ’
വയറില് വല്ല ഗ്യാസുമാണോ! ഞാനും എന്റെ വയറില്‍ തുറിച്ച് നോക്കി.
പൊന്ന് മോളേ ചതിക്കരുത്.
അന്ന് ഡോക്ടറെ കൊണ്ട് കൊച്ചിന്റെ അണ്ഡകടാഹം വരെ കമ്പ്യൂട്ടറില്‍ എന്നെ കാണിപ്പിച്ചിട്ടേ ഞാനടങ്ങിയുള്ളൂ.
സ്‌കാനിങ് ഒക്കെ കഴിഞ്ഞ് രാത്രി ഡോണറിന്റെ കൂടെ കിടക്കുമ്പോള്‍ ഞാന്‍ അറിയാതെ ഒന്ന് കൂടെ റൊമാന്റിക് ആയി പോയി.
ഡോണര്‍ പേടിച്ചെന്നെ നോക്കി ചോദിച്ചു:
‘നിനക്ക് ഇതെന്തിന്റെ കേടാ?’
‘നമ്മുടെ കൊച്ചിന് എന്ത് പേരിടും?’
ഡോണറിന് ആശ്വാസമായി.
‘അതിപ്പോ ആണാണേല്….’
‘നോ നോ ആണല്ല, പെണ്‍കുട്ടികളുടെ പേര് മാത്രം പറഞ്ഞാ മതി.’
ഇങ്ങേര്‍ക്കിതെന്താ എന്റെ ട്രിക്കില്‍ വിശ്വസിച്ചാല്.
‘ദേ നോക്ക്, എന്റെ പേര് പോലത്തെ വെറൈറ്റി ആവണം’- ഞാന്‍ അഹങ്കാരത്തോടെ പറഞ്ഞു.
‘നിന്റെ പോലത്തെ വെറൈറ്റി! എന്നിട്ട് വേണം കൊച്ച് എന്നെ പിടിച്ച് കടിക്കാന്‍.’
ആ മറുപടിയില്‍ ഞാന്‍ ചൂളി.
ഞാന്‍ ചൂളി എന്നറിഞ്ഞതും ഡോണറിന് ആവേശം കൂടി. അത് പിന്നെ ദാമ്പത്യ ജീവിതത്തില്‍ സര്‍വ്വ സാധാരണം ആണല്ലോ.
വിട്ട് കളയാം, ചീള് കേസ്!’
‘കാതറിന്‍, ഇവാന, ഇസബെല്ല, മരിയാന, ഷെല്ലി’
‘നിര്‍ത്ത് നിര്‍ത്ത്. ഇതൊക്കെ ആരാ?’
ഞാന്‍ ചോദിച്ചത് കേട്ട് ഡോണര്‍ നാണിച്ചു.
‘ഇവരൊക്കെ എന്റെ ഗേള്‍ഫ്രണ്ട്‌സാ’
എനിക്കെന്തിന്റെ കേടായിരുന്നു! വല്ല കാര്യവും ഉണ്ടായിരുന്നോ??’
വല്ല ടുട്ടുന്നോ ലുട്ടൂന്നോ ഒക്കെ ഇടാമായിരുന്ന കേസല്ലായിരുന്നോ!’
ഇതിപ്പോ ചോദിച്ചും പോയി, ഇനി കുറ്റപ്പെടുത്താനും പറ്റില്ല. ഗര്‍ഭിണി ആയത് കൊണ്ട് കായികാഭ്യാസങ്ങള്‍ക്കൊന്നും എനിക്ക് ത്രാണിയുമില്ല.
ഞാന്‍ തിരിഞ്ഞ് കിടന്നുറങ്ങി.
ദിവസങ്ങളിങ്ങനെ പോകുംതോറും ഒരാഗ്രഹം എനിക്ക് വന്നു.
‘സുഖപ്രസവം’ എന്താണെന്നറിയുവാന്‍ ഒരു പൂതി.
സിസേറിയന്റെ ‘സുഖം’ ഒന്നറിഞ്ഞത് കൊണ്ട് ഇനി സുഖപ്രസവത്തിന്റെ ‘സുഖം’ വേണം എന്നാഗ്രഹിക്കുന്നതില്‍ എന്താ തെറ്റ്?
ഡോക്ടറോട് കാര്യം പറഞ്ഞു.
‘അതിനെന്താ നോക്കാലോ.’- ഡോക്ടര്‍ സപ്പോര്‍ട്ട്.
ആ സന്തോഷത്തില്‍ ഞാനെല്ലാവരേയും വിളിച്ച് പറഞ്ഞു: ‘അറിഞ്ഞോ, എന്റെ സുഖപ്രസവമാ.’
‘സുഖപ്രസവം’ കഴിഞ്ഞ എന്റെ എല്ലാ ഫ്രണ്ട്‌സും വലിയ താല്‍പ്പര്യമില്ലാതെ മൂളി.
എന്താ ദ്?
കുശുമ്പാ കുശുമ്പാ. ഒക്കേത്തിനും കുശുമ്പാ.
ഇത്തവണ ഞാന്‍ ഒമ്പത് മാസവും തികച്ചു. പതിവ് പോലെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. എല്ലാവരോടും ഹായ് ഒക്കെ പറഞ്ഞ് നടന്നു.
ഡോക്ടര്‍ വന്നു, ചെക്ക് ചെയ്തു. ഒന്നും പേടിക്കാനില്ല.
‘ഡോക്ടര്‍, എപ്പോഴാ ഞാന്‍ പ്രസവിക്കാ?’
‘റോസ്, നല്ല പോലെ നടക്കൂ. നമുക്ക് നോക്കാം.’
ഡോക്ടര്‍ മുറിയില്‍ നടക്കുവാനാണ് പറഞ്ഞത്. ഞാനെഴുന്നേറ്റ് ആ ബില്‍ഡിങ്ങ് മൊത്തം നടന്നു, അതും പോരാഞ്ഞ് സ്റ്റെപ്‌സും കയറി ഇറങ്ങി. നല്ല സുഖാവട്ടെ എന്റെ പ്രസവം!
കുറേ കഴിഞ്ഞ് ഡോക്ടര്‍ വന്നു.
‘ഇനി എനിക്ക് പ്രസവിക്കാലോ അല്ലേ ഡോക്ടറേ?’
‘അങ്ങനെ ചുമ്മാ ഒന്നും പ്രസവിക്കാന്‍ പറ്റില്ല. വേദനയൊക്കെ വരണ്ടേ? കൊച്ച് കറങ്ങി വരണ്ടേ’
‘കൊച്ച് കറങ്ങാനിപ്പോ ഞാനെന്താ ചെയ്യണ്ടേ? തല കുത്തി നിക്കണേല്‍ അതും ഞാന്‍ ചെയ്യാം. എനിക്ക് സുഖപ്രസവം വേണം.’- ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്.
പക്ഷേ, നേരത്തോട് നേരം ആയപ്പോള്‍ എന്റെ ബോഡി എടുത്ത് സ്‌ട്രെച്ചറില്‍ വെച്ചു.
സിസേറിയന്റെ മണം എനിക്കടിച്ചപ്പോള്‍ ഞാന്‍ ഡോക്ടറെ നോക്കി.
‘റോസ്, ഇനിയും വൈകിച്ചാല്‍ കൊച്ചിന് കേടാ കേട്ടോ.’
അതില്‍ ഞാന്‍ കീഴടങ്ങി. പിന്നെ എല്ലാം പതിവ് പോലെ. ആദ്യത്തെ പ്രസവത്തിന്റെ പുകില്‍ അവിടെ എല്ലാവര്‍ക്കും നല്ല ഓര്‍മ്മ ഉണ്ടായിരുന്നു.
അനസ്‌തേഷ്യ തരുന്ന പഴയ സുന്ദരന്‍ ഡോക്ടറിനെ കണ്ടപ്പോഴാണ് എനിക്ക് ഒരു എനര്‍ജി ഒക്കെ വന്നത്. അല്ലെങ്കില്‍ ഞാന്‍ ബോറടിച്ച് പോയേനേ.
ബോധം മറയുന്നതിനിടയില്‍ സുന്ദരന്‍ എന്നോട് ചോദിച്ചു:
‘ബോയ് ആകുമോ ഗേള്‍ ആകുമോ, എന്താ ഇഷ്ടം?’
‘ഗേള്‍ ആണ്.’
‘അങ്ങനെ പറയരുത്. ഹെല്‍ത്തി ബേബി ആകാനേ പ്രതീക്ഷിക്കാവൂ. ആണായാലും പെണ്ണായാലും ഓക്കേ.’- ഡോക്ടര്‍ തിരുത്തി.
‘പറ്റില്ല. ഹെല്‍തീ ബേബീ ഗേള്‍ ആണ്. ബോയ് അല്ല.’
അനസ്തറ്റിസ്റ്റ് പെട്ടെന്ന് ഒരു കൗണ്‍സിലര്‍ ആയി.
‘നോക്ക് റോസ്, അങ്ങനെ അമിതമായി പ്രതീക്ഷിക്കരുത്. പിന്നെ വിഷമം ആകും.’
‘പ്രതീക്ഷ അല്ല, എനിക്കുറപ്പാ ഗേളാ. ഡോക്ടര്‍ ഒന്ന് പോയേ.’
അതും പറഞ്ഞ് ഞാന്‍ ബോധം കെട്ടു. സുന്ദരന്റെ ഭാഗ്യം!
കുറച്ച് കഴിഞ്ഞ് ആരോ എന്നെ മെല്ലെ വിളിച്ചു. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ സുന്ദരന്‍ വീണ്ടും!
‘ഡോക്ടറേ പ്ലീസ്, ഉപദേശിക്കരുത്’
‘നോക്കിക്കേ, റോസ് പറഞ്ഞത് പോലെ ഗേള്‍ ബേബി’
ങ്‌ഹേ! ഇത്ര പെട്ടെന്നോ?’
നഴ്‌സ് എന്റെ മുഖത്തിനടുത്തേക്ക് കൊച്ചിനെ കൊണ്ട് വന്നു.
ഞാനെത്തി വലിഞ്ഞ് നോക്കിയപ്പോള്‍ മൂക്ക് മുട്ടേ മുടി ആയിട്ട് ദേ എന്റെ പെണ്‍കുട്ടി.
‘സുഖ’പ്രസവം ആയില്ലെങ്കിലെന്താ, ഇത്തവണ ശരിക്കും ഒരു ‘സുഖ’സിസേറിയന്‍ തന്നെ ആയിരുന്നു.
അപ്പോഴാണ് എന്റെ ഗൈനിക് വന്ന് എന്നോടത് പറഞ്ഞത്.
‘പ്രസവം ഇതിന്റെ കൂടെ തന്നെ നിര്‍ത്തണോ എന്ന് ടോണിയോട് ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞു നിര്‍ത്തണ്ട എന്ന്. അത് കൊണ്ട് സംഭവം അവിടെ തന്നെയുണ്ട് കേട്ടോ.’
എന്റെ ഉള്ളിലെ മറ്റേ ഫെമിനിസ്റ്റ് ഉണര്‍ന്നു.
‘എന്റെ പ്രസവം നിര്‍ത്തണോ വേണ്ടേന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്?’
ഡോക്ടര്‍ പെട്ടു.
‘അല്ല, അത് പിന്നെ ഹസ്ബന്റ് അല്ലേ?’
മൊടന്ത് ന്യായം കേട്ട് പല്ല് കടിച്ച് പിടിച്ചു ഞാന്‍. അധികം ബലം പിടിച്ചാല്‍ സ്റ്റിച്ച് പൊട്ടും.
ആ പോട്ടെ! ക്ഷമിച്ചേക്കാം.
എന്തായാലും ഒരു പെണ്‍കുട്ടിയെ തന്നതാണല്ലോ.
റൂമിലെത്തിയപ്പോള്‍ ചിരിച്ചിരിക്കുന്ന ഡോണറിനെ അടുത്തേക്ക് വിളിച്ചു.
ഡോണര്‍ പറഞ്ഞു:
‘നിന്റെ ട്രിക്ക് കൊള്ളാലോ സമ്മതിച്ചു. അത് കൊണ്ട് പ്രസവം നിര്‍ത്തണ്ടാന്ന് ഞാന്‍ പറഞ്ഞു.’
‘ങ്‌ഹേ?’
നിങ്ങളറിഞ്ഞോ, ഞാന്‍ ദേ പെട്ടു!?
വാല്‍ക്കഷണം: ട്രിക്ക് അപ്പച്ചനോട് ചോദിക്കാതെ ആര്‍ക്കും പറഞ്ഞ് തരുവാന്‍ പറ്റില്ല. അപ്പച്ചനാണേല്‍ പടമായിട്ട് കുറച്ച് കൊല്ലവുമായി. സോ എക്‌സ്‌ക്യൂസ് മീ…ഏഹ്!