കാമുകിമാരുമൊത്ത് കറക്കം, നിശാപാർട്ടി, ഒടുവിൽ യുവരാജ് അഭിഷേകിനെ പൂട്ടിയിട്ടു; വെളിപ്പെടുത്തി യോഗ്‌രാജ് സിംഗ്
ചണ്ഡീഗഡ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശർമ്മയുടെയും ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗ് വഹിച്ച പങ്ക് ചെറുതല്ല. തന്‍റെ കരിയർ രൂപപ്പെടുത്തിയതിന് യുവരാജിന്‍റെ പേര് അഭിഷേക് ആവർത്തിച്ച് പരാമർശിച്ചിട്ടുണ്ട്. എന്നാല്‍ അഭിഷേകിന്‍റെയും ഗില്ലിന്‍റെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ എങ്ങനെയാണ് യുവരാജ് ഇടപെട്ടതെന്ന് വെളിപ്പെടുത്തുകയാണ് യുവരാജിന്‍റെ പിതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യോഗ്‌രാജ് സിംഗ്.
പഞ്ചാബിലെ വിവിധ പ്രായപരിധിയിലുള്ള ടൂർണമെന്‍റുകളിൽ അഭിഷേകിന്‍റെ മികച്ച പ്രകടനം യുവരാജ് തുടക്കത്തിലെ ശ്രദ്ധിച്ചിരുന്നുവെന്നും യോഗ്‌രാജ് സിംഗ് ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞുപറഞ്ഞു. അഭിഷേകിന്‍റെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട യുവി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് അദ്ദേഹത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിഷേകിനെ ഒരു ബൗളറായാണ് പഞ്ചാബ് ക്രിക്കറ്റ് അസോസേയിഷന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വിവിധ പ്രായപരിധിയില്‍ അതിനോടകം തന്നെ 24 സെഞ്ചുറികള്‍ അടിച്ചൊരു താരത്തെ എങ്ങനെയാണ് ബൗളറായി കണക്കാക്കുന്നതെന്ന് യുവി തിരിച്ചു ചോദിച്ചു.
ലക്നൗവിനെതിരെ അവസാന ഓവറിലെ 2 റൺസ് തോല്‍വി; ഒത്തുകളി ആരോപണത്തില്‍ പ്രതികരിച്ച് രാജസ്ഥാൻ റോയല്‍സ്
അഭിഷേകിന്‍റെ റെക്കോര്‍ഡുകള്‍ യുവി എനിക്ക് അയച്ചുതന്നിരുന്നു. ഒരാളുടെ കരിയര്‍ തന്നെ ഇല്ലാതാക്കാൻ ഇത്തരം തെറ്റായ വിവരങ്ങൾ നല്‍കുന്നതിലൂടെ കഴിയുമെന്ന് അപ്പോൾ ഞാനവനോട് പറഞ്ഞു. കരിയറിന്‍റെ തുടക്കകാലത്ത് അഭിഷേകിന്‍റെ അച്ചടക്കമില്ലാത്ത ജീവിതശൈലി കൈകാര്യം ചെയ്യാന്‍ അവന്‍റെ പിതാവിനെക്കൊണ്ട് കഴിയുമായിരുന്നില്ല. അങ്ങനെയാണ് രാത്രി വൈകിയുള്ള നിശാപാർട്ടികളിൽ നിന്നും ഇടയ്ക്കിടെ കാമുകിമാരെ കാണുന്നതിൽ നിന്നും യുവരാജ് അഭിഷേകിനെ വിലക്കിയത്.
രാത്രി വൈകിയുള്ള പാർട്ടികൾ… കാമുകിമാരമൊത്തുള്ള കറക്കം. അവന്‍റെ അത്തരം പരിപാടികളെല്ലാം യുവി അവസാനിപ്പിച്ചു. അവന്‍റെ അച്ഛന് അവനെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അവനെ യുവരാജിനെ ഏല്‍പ്പിക്കുകയായിരുന്നു. രാത്രി വൈകിയാല്‍ നീ എവിടെയാണ്’ എന്ന് യുവി അലറിച്ചോദിക്കും. രാത്രി 9 മണിയായാല്‍, ഉറങ്ങാൻ പോകാന്‍ ശഠിച്ചു. 5 മണിക്ക് തന്നെ ഉണരാൻ നിര്‍ബന്ധിച്ചു-യോഗ്‌രാജ് പറഞ്ഞു.
‘23.75 കോടിയുടെ മുതലാണ്’, കൊല്‍ക്കത്ത തോറ്റതിന് പിന്നാലെ വെങ്കടേഷ് അയ്യരെ പൊരിച്ച് ആരാധകര്‍
ശുഭ്മാൻ ഗില്ലിനെ യുവരാജ് കൈകാര്യം ചെയ്തത് അതേ രീതിയിലാണെന്നും യോഗ്‌രാജ് കൂട്ടിച്ചേർത്തു. യുവരാജിന്‍റെ കീഴിലെത്തിയിരുന്നില്ലെങ്കില്‍ അഭിഷേക് ശർമ്മയെപ്പോലുള്ള ഒരു പ്രതിഭയെ രാജ്യത്തിന് നഷ്ടപ്പെട്ടേനെ എന്നും യോഗ്‌രാജ് പറഞ്ഞു. പിന്നെ എന്ത് സംഭവിച്ചു? വജ്രം മറ്റൊരു വജ്രത്തിന്റെ കൈകളിൽ എത്തുമ്പോൾ, അതിന് എന്ത് സംഭവിക്കും? അത് കോഹിനൂർ ആയി മാറുന്നു, അഭിഷേക് ശർമ്മയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഈ വജ്രം തെറ്റായ കൈകളിലേക്ക് പോയിരുന്നെങ്കിൽ, അത് പൊട്ടി ചിതറിപ്പോകുമായിരുന്നു. ഇന്ത്യയിലെ നിരവധി കളിക്കാർ അങ്ങനെ പൊട്ടി ചിതറിപ്പോയിട്ടുണ്ടെന്നും യോഗ്‌രാജ് പറഞ്ഞു.