കളക്ട്രേറ്റിന് മുന്നിൽ 2015 മുതല്‍ സമരം, ജെയിംസ് കാഞ്ഞിരത്തിനാലിന്‍റെ പ്രശ്നം പരിഹരിക്കാൻ വീണ്ടും ശ്രമം
കൽപ്പറ്റ : വനം വകുപ്പ് ഭൂമി തട്ടിയെടുത്തുവെന്ന് ആരോപിച്ച് വയനാട് കളക്ടറേറ്റിന് മുന്നില്‍ 2015 മുതല്‍ സമരം ചെയ്യുന്ന ജെയിംസ് കാഞ്ഞിരത്തിനാലിന്‍റെ പ്രശ്നം പരിഹരിക്കാൻ വീണ്ടും ശ്രമം. ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ
തൊണ്ടർനാട്ടെ ഭൂമി നേരിട്ട് പരിശോധിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടില്‍ എത്തുമ്പോള്‍ ജെയിംസിന്‍റെയും കുടുംബത്തിന്‍റെയും പ്രശ്നം സംബന്ധിച്ച റിപ്പോർട്ട് നല്‍കിയേക്കും
read more നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്; രണ്ട് ദിവസത്തെ സന്ദർശനം, സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് സൂചന
കാഞ്ഞിരത്തിനാല്‍ ജെയിംസ് വയനാട് കളക്ട്രേറ്റ് പടിക്കല്‍ സമരം ചെയ്യാൻ തുടങ്ങിയിട്ട് ഇന്ന് 3542 -ാം ദിവസമാണ്. പല സർക്കാരുകളും പ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനം ചെയ്തെങ്കിലും ഈ കുടുംബത്തിന്‍റെ ഭൂമി പ്രശ്നം വെറും വാക്കില്‍ ഒതുങ്ങി. ഒരു ഇടവേളക്ക് ശേഷമാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ ചുമതലയേറ്റ ഡി ആർ മേഘശ്രീ വിഷയത്തില്‍ ഇടപെടുന്നത്. തൊണ്ടർനാട്ടെ തർക്ക ഭൂമിയില്‍ എത്തിയ കളക്ടർ ജെയിംസില്‍ നിന്നും ഭൂമിയുടെ സ്‌കെച്ചുകള്‍, അതിരുകള്‍, മുന്‍ രേഖകള്‍ എന്നിവയെല്ലാം പരിശോധിച്ചു. ഒന്നര മണിക്കൂറോളമാണ് കളക്ടറും ഉദ്യോഗസ്ഥരും ഭൂമിയില്‍ സന്ദർശനം നടത്തിയത്.
ഇന്ന് മുഖ്യമന്ത്രി പിണറായി വയനാട്ടില്‍ വാർഷികാഘോഷത്തിന് എത്തുമ്പോള്‍ കളക്ടർ ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. ഈ വിഷയത്തില്‍ മുൻപ് കളക്ടർ ആയിരുന്ന രേണുരാജും കുടുംബത്തിന് അനൂകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചിരുന്നത്. 1996 ല്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ 12 ഏക്കര്‍ ഭൂമിയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം വാങ്ങിയത്. പിന്നീട് വനം വകുപ്പ് ഈ ഭൂമി അന്യായമായി പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം. അർഹമായത് തിരികെ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് കഴിഞ്ഞ പത്ത് വർഷമായി ജെയിംസും കുടുംബവും.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം
വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗവും ഇന്ന് നടക്കും. ജില്ലയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ
500 വ്യക്തികളെ മുഖ്യമന്ത്രി നേരിൽ കണ്ട് സംവദിക്കും.ആഘോഷത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയ്ക്കും ഇന്ന് തിരി തെളിയും. വൈകിട്ട് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.