പുതിയ കാലത്ത് സിനിമകള്‍ക്ക് ലഭിക്കുന്ന പ്രേക്ഷകവിധി പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്നുകില്‍ വന്‍ വിജയം, അല്ലെങ്കില്‍ വന്‍ പരാജയം. ഇതിനിടയില്‍ മുന്‍പ് ഉണ്ടായിരുന്ന ആവറേജ് വിജയങ്ങള്‍ ഇപ്പോള്‍ സംഭവിക്കുന്നത് കുറവാണ്. ഹിന്ദി സിനിമയില്‍ നിന്ന് സമീപകാലത്ത് സംഭവിച്ച ഒരു വലിയ വിജയം വിക്കി കൗശല്‍ ചിത്രം ഛാവ ആയിരുന്നു. മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതത്തെ ആസ്പദമാക്കുന്ന ചിത്രം സംവിധാനം ചെയ്തത് ലക്ഷ്മണ്‍ ഉടേക്കര്‍ ആണ്. ഫെബ്രുവരി 14, വാലന്‍റൈന്‍സ് ദിനത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷവും മറ്റൊരു ബോക്സ് ഓഫീസ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
ഏപ്രില്‍ 11 ന് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. അതായത് ഒടിടിയില്‍ എത്തിയിട്ട് 11 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യന്‍ കളക്ഷനില്‍ (നെറ്റ്) 600 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. ഒടിടി റിലീസ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്ന് 600 കോടി നെറ്റ് കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഛാവ. പുഷ്പ 2 (ഹിന്ദി), സ്ത്രീ 2 എന്നിവയാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍.
അതേസമയം ഒടിടി റിലീസിന് ശേഷം ചിത്രത്തിന്‍റെ കളക്ഷനില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്ത പത്താം വാരത്തില്‍ 30 ലക്ഷം രൂപ മാത്രമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് കളക്റ്റ് ചെയ്തത്. ഒന്‍പതാം വാരം ഇത് 2.30 കോടിയും എട്ടാം വാരത്തിലെ കളക്ഷന്‍ 3.50 കോടിയും ഏഴാം വാരത്തില്‍ ഇത് 7 കോടിയും ആയിരുന്നു.
മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രഷ്മിക മന്ദാന നായികയായ ചിത്രത്തില്‍ അക്ഷയ് ഖന്ന, ഡയാന പെന്‍റി, നീല്‍ ഭൂപാളം, അശുതോഷ് റാണ, ദിവ്യ ദത്ത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. മനീഷ് പ്രധാന്‍ എഡിറ്റിംഗ്. പെന്‍ മരുധറും യാഷ് രാജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.
ALSO READ : ‘കേക്ക് സ്റ്റോറി’ സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി