ആവേശ പ്രകടനത്തിന്‍റെ പേരില്‍ കോലി മാത്രം എങ്ങനെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നു, ചോദ്യവുമായി മുന്‍താരം
ദില്ലി: ഐപിഎല്ലില്‍ അതിരുവിട്ട ആവേശപ്രകടനങ്ങളുടെ പേരില്‍ പലതാരങ്ങളും പിഴ ഒടുക്കേണ്ടിവരുമ്പോൾ വിരാട് കോലിയ്ക്ക് മാത്രം എങ്ങനെയാണ് ഇളവ് ലഭിക്കുന്നതെന്ന ചോദ്യവുമായി മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ജയിച്ചശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കുനേരെ തിരിഞ്ഞ് വിരാട് കോലി ആവേശപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ കോലിയ്ക്ക് പിഴയൊന്നും ശിക്ഷയായി ലഭിച്ചിരുന്നില്ല.
ലക്നൗ സ്പിന്നര്‍ ദിഗ്‌വേഷ് റാത്തിയെ നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ പിഴ ശിക്ഷക്ക് വിധിക്കുന്ന അധികൃതര്‍ എന്തുകൊണ്ട് വിരാട് കോലിക്കുനേരെ കണ്ണടക്കുന്നുവെന്നും ആകാശ് ചോപ്ര ചോദിച്ചു. ആദ്യമായി നോട്ട് ബുക്ക് സെലിബ്രേഷന്‍ നടത്തിയപ്പോൾ ദിഗ്‌വേഷ് റാത്തിയെ ശിക്ഷിച്ചു. രണ്ടാമതും ആഘോഷിച്ചപ്പോള്‍ രണ്ടാമതും ശിക്ഷിച്ചു. എന്നാല്‍ മൂന്നാം തവണയും ആഘോഷം നടത്തണമെന്ന് റാത്തി ആഗ്രഹിച്ചാലും പിഴയൊടുക്കാനുള്ള പണം കൈയിലില്ലാത്തതിനാല്‍ ഗ്രൗണ്ടില്‍ എഴുതി ആഘോഷിക്കേണ്ടിവന്നു.
എന്നാല്‍ വിരാട് കോലി ചെയ്യുന്നത് ആക്രമണോത്സുകതയുടെ ഗണത്തിലും ദിഗ്‌വേഷ് റാത്തി ചെയ്യുന്നത് അച്ചടക്കലംഘനവും ആവുന്നത് എങ്ങനെയാണ്. അതിന്‍റെ പേരില്‍ ആരും കോലിയോട് ഒന്നും പറയുന്നത് കേട്ടിട്ടില്ല. മുമ്പ് മത്സരത്തിനിടെ തര്‍ക്കമുണ്ടായപ്പോള്‍ ഗ്രൗണ്ടിലിറങ്ങിയതിന് എം എസ് ധോണിക്ക് 50 ശതമാനം പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലും പെട്ടെന്ന് ഒടുക്കേണ്ടിവന്നിട്ടില്ല. മാത്രമല്ല, അതിനെക്കാള്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായിരുന്നു അന്ന് ധോണി ചെയ്തത്. എന്നാല്‍ വിരാട് കോലിക്കെതിരെ അഗ്രഷന്‍റെ പേരില്‍ ഇത്രയും കാലം പിഴ ശിക്ഷ വിധിച്ചിട്ടില്ലെന്നും അച്ചടക്കം എന്നത് എല്ലാ കളിക്കാര്‍ക്കും ഒരുപോലെയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഞാനിത് പറയുന്നത് വിരാട് കോലിക്ക് എതിരായതുകൊണ്ടല്ല. ഗ്രൗണ്ടില്‍ എന്തൊക്കെ അനുവദിക്കാം എന്തൊക്കെ അനുവദിക്കാന്‍ പാടില്ല എന്ന് നിയമമുണ്ട്. അത് എല്ലാ കളിക്കാര്‍ക്കും ഒരുപോലെ ബാധകമാക്കുകയാണ് വേണ്ടത്. തെറ്റ് ചെയ്യുന്നത് വലിയ താരമായ രോഹിത് ശര്‍മയായാലും ആയുഷ് ബദോനിയായാലും ശിക്ഷ ഒരുപോലെ ആയിരിക്കണം.അല്ലാതെ പക്ഷപാതിത്വം ഉണ്ടാവരുതെന്നും ആകാശ് ചോപ്ര പറഞ്ഞു.