ആര്യഭട്ട കുതിച്ചിട്ട് അര നൂറ്റാണ്ട്; ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹത്തിന് 50 വയസ്
1975 ഏപ്രില്‍ 19-ന്‍റെ പുലര്‍കാല മണിക്കൂറുകള്‍, അന്നത്തെ സോവിയറ്റ് റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ കപ്പൂസ്റ്റീൻയാർ-ല്‍ നിന്ന് സോവിയറ്റ് റോക്കറ്റായ കോസ്‌മോസ്-3എം കുതിച്ചുയര്‍ന്നു. അതിലൊരു ഇന്ത്യന്‍ ‘ബഹിരാകാശ ശിശു’വും ഉണ്ടായിരുന്നു. ആര്യഭട്ട എന്ന് പേരുള്ള ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം. ഐഎസ്ആര്‍ഒയുടെ ആദ്യ സാറ്റ്‌ലൈറ്റായ ആര്യഭട്ട ബഹിരാകാശത്തിന്‍റെ അതിര്‍ത്തികളെ കീറിമുറിച്ച് ഒരു ജനതയുടെ സ്വപ്‌നങ്ങളുമായി കുതിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്ന് ഇന്ത്യയാവട്ടെ ബഹിരാകാശ ഗവേഷണരംഗത്തെ എണ്ണംപറഞ്ഞ രാജ്യങ്ങളിലൊന്നായി വളര്‍ന്നിരിക്കുന്നു.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇത്തിരിക്കുഞ്ഞന്‍മാര്‍ എന്ന് ഇന്ത്യ അറിയപ്പെട്ടിരുന്ന കാലത്താണ് 1975ല്‍ നാം സ്വന്തമായി ആര്യഭട്ട എന്ന കൃത്രിമ ഉപഗ്രഹം നിര്‍മ്മിക്കുന്നത്. എഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യഭടൻ എന്ന ഗണിതശാസ്ത്രജ്ഞന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ഉപഗ്രഹത്തിന് ആര്യഭട്ട എന്ന പേര് നല്‍കിയത്. 360 കിലോഗ്രാം ഭാരമുള്ള ആര്യഭട്ടയെ അന്ന് ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുക പ്രായോഗികമായിരുന്നില്ല, അതിനാല്‍ ഇന്ത്യ സോവിയറ്റ് യൂണിയന്‍റെ സഹായം തേടി. 1975 ഏപ്രില്‍ 19ന് ആര്യഭട്ട സോവിയറ്റ് മണ്ണായ കപ്പൂസ്റ്റീൻയാർ-ല്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചു. വിക്ഷേപണത്തിന് 30 മിനിറ്റുകള്‍ക്ക് ശേഷം, സോവിയറ്റ് വിക്ഷേപണത്തറയില്‍ നിന്ന് 5,000 കിലോമീറ്ററുകള്‍ അകലെ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഇന്ത്യന്‍ ഗ്രൗണ്ട്സ്റ്റേഷനിലേക്ക് ആര്യഭട്ടയില്‍ നിന്ന് ആദ്യ സിഗ്നലുകളെത്തി. ബഹിരാകാശ ഗവേഷണ രംഗത്ത് ഇസ്രൊയുടെ ആദ്യ വന്‍ വിജയമായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു.
ചിറകുവിരിച്ച ‘യങ് ഇന്ത്യന്‍’ സ്വപ്‌നങ്ങള്‍
ഏകദേശം 5 കോടി രൂപയായിരുന്നു ആര്യഭട്ടയുടെ ബജറ്റ്. ഇന്ത്യയുടെ ആദ്യ സാറ്റ്‌ലൈറ്റിന് ചുക്കാന്‍പിടിച്ചത് യുആർ റാവു. ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ കന്നി ശിശുവായിരുന്നു ആര്യഭട്ടയെങ്കില്‍ ആ ദൗത്യത്തിന് പിന്നില്‍ കഠിനാധ്വാനം ചെയ്തവരില്‍ ഏറെയും യുവകരുത്തായിരുന്നു. ആര്യഭട്ടയുമായി സോവിയറ്റ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ എത്തിയ ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ അധികവും 35 വയസില്‍ താഴെ പ്രായമുള്ളവര്‍. ഉപഗ്രഹത്തിന്‍റെ ബോട്ടം ഷെല്ലും ഇന്‍സ്ട്രമെന്‍റേഷന്‍ ഡെക്കും ടോപ് ഷെല്ലും കപ്പൂസ്റ്റീൻയാർ-ല്‍ വച്ച് വിദഗ്ധമായി കൂട്ടിച്ചേര്‍ത്തു. ആര്യഭട്ടയുടെ ഷോക്ക് റെസിസ്റ്റന്‍സും വൈബ്രേഷനും സോവിയറ്റ് ശാസ്ത്രജ്ഞര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തി ഉഗ്രനെന്ന് മാര്‍ക്കിട്ടു. എല്ലാ പരിശോധനകളിലും വെന്നിക്കൊടി പാറിച്ച് ആര്യഭട്ട അങ്ങനെ ആദ്യ കുതിപ്പിന് തയ്യാറായി.
1975ല്‍ ആര്യഭട്ട വിക്ഷേപിക്കുമ്പോള്‍ താരതമ്യേന ശൈശവദശയിലുള്ള ബഹിരാകാശ ഏജന്‍സിയായിരുന്നു ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഥവി ഐഎസ്ആര്‍ഒ. ബഹിരാകാശ രംഗത്ത് അമേരിക്ക- സോവിയറ്റ് ശീതയുദ്ധം കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന കാലം. വളരെ പരിമിതമായ അംഗസംഖ്യയും പരിചയസമ്പത്തുമാണ് ഐഎസ്ആര്‍ഒയ്ക്ക് അന്നുണ്ടായിരുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഓര്‍ബിറ്റല്‍ സ്പേസ് ഫ്ലൈറ്റിന് രാജ്യം ഒരുങ്ങുമ്പോള്‍ ബെംഗളൂരുവില്‍ ഇസ്രൊയുടെ സാറ്റ്‌ലൈറ്റ് സെന്‍ററില്‍ ആകെ 200-ഓളം ഗവേഷകരും എഞ്ചിനീയര്‍മാരുമേ ഉണ്ടായിരുന്നുള്ളൂ. സൗണ്ടിംഗ് റോക്കറ്റുകളിലും ചില സഹകരണ പദ്ധതികളിലും ഭാഗവാക്കായി എന്നതല്ലാതെ അവകാശപ്പെടാന്‍ വലിയ പരിചയസമ്പത്തൊന്നും ഇവരില്‍ അധികം പേര്‍ക്കുമുണ്ടായിരുന്നില്ല. പലരും ഉപഗ്രഹ വിക്ഷേപണം അടുത്തറിയുന്നത് തന്നെ ആദ്യം.
മാത്രമല്ല, ഇന്ത്യ പോലെ എഴുപതുകളില്‍ അത്ര സമ്പന്നമല്ലാത്ത ഒരു രാജ്യത്ത് നിന്നുള്ള ഈ വിക്ഷേപണ പരീക്ഷണം വിജയമാകുമോ എന്ന സംശയവും ലോകത്ത് പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കോസ്‌മോസ്-3എം വിക്ഷേപണ വാഹനം ആര്യഭട്ടയും വഹിച്ച് കുതിച്ചുയര്‍ന്നു. വെറുമൊരു സാറ്റ്‌ലൈറ്റുമായി മാത്രമല്ല, കോളനിവല്‍ക്കരണത്തില്‍ നിന്ന് സ്വതന്ത്രമായി വെറും മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് ഒരു രാജ്യത്തിന്‍റെ മുഴുവന്‍ സ്വപ്നങ്ങളും ചിറകിലേറിയുമായിരുന്നു ആര്യഭട്ടയുടെ ബഹിരാകാശ പ്രയാണം. പിന്നീട് കണ്ടത് ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കരുത്ത് ലോകമറിഞ്ഞ അനേകം ആവേശ നിമിഷങ്ങള്‍.
അര നൂറ്റാണ്ടിനിപ്പുറത്തെ ഇന്ത്യ
രാജ്യത്തിന്‍റെ ത്രിവര്‍ണ പതാക ആലേഖനം ചെയ്ത ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച് 50 വര്‍ഷം തികയുമ്പോള്‍ ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്ത് കരുത്തരില്‍ കരുത്തരായി മാറിക്കഴിഞ്ഞു. ഐഎസ്ആര്‍ഒ നാളിതുവരെ 131 ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ചു, അവയില്‍ 51 എണ്ണം ഇപ്പോഴും ഭൂമിയെ ചുറ്റുന്നു. നവീനമായ ഉപഗ്രഹ സംവിധാനങ്ങളും, പിഎസ്എല്‍വി, ജിഎസ്‌എല്‍വി വിക്ഷേപണ വാഹനങ്ങളും ഇന്ത്യക്ക് സ്വന്തം. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലേ നാല് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളുടെ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കുന്ന പ്രധാന ബഹിരാകാശ ഏജന്‍സികളിലൊന്ന് കൂടിയാണ് ഇപ്പോള്‍ ഇസ്രൊ. ചാന്ദ്ര ദൗത്യമായ ചന്ദ്രയാനും ചൊവ്വാ പര്യവേഷണമായ മംഗളയാനും ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങളായതും കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഇന്ത്യയുടെ നേട്ടങ്ങളാണ്. മനുഷ്യ ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍, ഹെവിലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ എല്‍വിഎം3, അടക്കം ഇനിയെത്ര കുതിപ്പുകള്‍ ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെയും ഇസ്രൊയെയും കാത്തിരിക്കുന്നു.
Read more: വീണ്ടും മാനത്ത് ചരിത്രമെഴുതി ഐഎസ്ആര്‍ഒ; രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണവും വിജയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം