അധികൃതർ നോക്കുകുത്തി; ഒരനുമതിയുമില്ല, വിളവൂർക്കലിൽ കുന്നിടിച്ച് മണ്ണ് കടത്തൽ, കരമനയാറിന്‍റെ തീരം നികത്തുന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിളവൂര്‍ക്കൽ പഞ്ചായത്തിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നു. ജിയോളജി വകുപ്പിന്‍റെയോ പഞ്ചായത്തിന്‍റെയോ അനുമതിയില്ലാതെയാണ് മണ്ണിടിക്കൽ. സമീപത്തായി കരമന ആറിന്‍റെ തീരത്തെ സ്ഥലം മണ്ണിട്ട് നികത്തുകയും ചെയ്തു.2012ലും വിളവൂര്‍ക്കൽ പഞ്ചായത്തിലെ എരിക്കലംകുന്ന് ഇടിച്ചു നിരത്തി മണ്ണ് കടത്തുകയും മണലാക്കി വിൽക്കുകയും ചെയ്തതിരുന്നു.
സംഭവത്തിൽ പ്രദേശത്തുള്ള നാട്ടുകാരാണ് ദുരിതത്തിലായത്. അന്നത്തെ മണ്ണിടിക്കലിനെക്കുറിച്ച് 2012 സെപ്തംബറിൽ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നൽകിയിരുന്നു. വാര്‍ത്ത വന്നപ്പോള്‍ അധികൃതര്‍ നടപടിയെടുത്തു. എന്നാൽ, വര്‍ഷം 12 കഴിഞ്ഞപ്പോള്‍ അന്ന് മണ്ണെടുത്തതിന്‍റെ തൊട്ടടുത്ത സ്ഥലത്താണിപ്പോള്‍ കുന്ന് ഇടിച്ചു താഴ്ത്തി മണ്ണെടുക്കുന്നത്. ലോഡ് കണക്കിന് മണ്ണ് ആണ് ഇവിടെ നിന്ന് കൊണ്ടു പോയത്.
രാത്രിയിലാണ് മണ്ണെടുത്ത് കടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ പൊലീസീന് അടക്കം പലവട്ടം വിവരം നൽകിയെങ്കിലും അനധികൃത മണ്ണെടുപ്പ് നിര്‍ബാധം തുടരുകയാണ്. മണ്ണെടുപ്പ് സംഘത്തെ പേടിച്ച് പരസ്യമായി പറയാൻ ആരും തയ്യാറല്ല. തിരുവനന്തപുരം ജില്ലാ ജിയോളജി വകുപ്പിൽ നിന്ന് യാതൊരു അനുമതിയും നൽകിയിട്ടില്ലെന്നും പഞ്ചായത്തിൽ നിന്ന് നൽകിയോയെന്ന് അറിയില്ലെന്നുമാണ് ജില്ലാ ജിയോളജിസ്റ്റ് വ്യക്തമാക്കിയത്.
ഇതേ കാര്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനോട് ചോദിച്ചപ്പോഴും അനുമതി കൊടുത്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്ത് പോയി നോക്കിയിരുന്നുവെന്നും അനുമതി വാങ്ങിയിട്ടാണോയെന്ന് അന്വേഷിക്കണമെന്നുമാണ് വിളവൂര്‍ക്കൽ വില്ലേജ് ഓഫീസറുടെ മറുപടി.സമീപത്ത് നിലം നികത്തിയതിനെതിരെ വില്ലേജ് ഓഫീസര്‍ കഴിഞ്ഞ മാസം സ്റ്റോപ്പ് മെമ്മോ നൽകിരുന്നു. ജില്ലാ കണ്‍ട്രോള്‍ റൂമിൽ നിന്ന് വിളിയെത്തിയതിന് പിന്നാലെയാണ് വില്ലേജ് ഓഫീസര്‍ നടപടിയെടുത്ത് ആര്‍ഡിഒയെ അറിയിച്ചത്.